ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിലെയും പോഷക സംഘടനകളിലെയും ഗ്രൂപ്പ് പോര് വീണ്ടും തെരുവുകളിലേക്ക്.
Ernakulam , 18 ജൂലൈ (H.S.) ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിലെയും പോഷക സംഘടനകളിലെയും ഗ്രൂപ്പ് പോര് വീണ്ടും തെരുവുകളിലേക്ക്. മുഖ്യ മന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ബാനറ
ERNAKULAM DCC


Ernakulam , 18 ജൂലൈ (H.S.)

ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിലെയും പോഷക സംഘടനകളിലെയും ഗ്രൂപ്പ് പോര് വീണ്ടും തെരുവുകളിലേക്ക്. മുഖ്യ മന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ബാനറുകളായും പോസ്റ്ററുകളായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റിനെതിരെ ജില്ലാ പ്രസിഡൻ്റ് പരസ്യമായി രംഗത്തുവന്നതോടെ സംഘടനയ്ക്കുള്ളിലെ ചേരിപ്പോരും രൂക്ഷമായിരിക്കുകയാണ്. നേരത്തെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ചും എതിർത്തും സമാനമായ രീതിയിൽ കൊച്ചിയിലും വ്യാപകമായ രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

അലോഷ്യസ് സേവ്യറിന് പിന്തുണ; രാവിലെയോടെ ബാനർ കാണാതായി

കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ കെ.എസ്.യു എറണാകുളം അസംബ്ലി ഭാരവാഹികളാണ് കഴിഞ്ഞ രാത്രി ബാനർ സ്ഥാപിച്ചത്. ഗവൺമെൻ്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം.

കെ.എസ്.യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തിൽ കെ.എസ്.യുവിന് കാര്യമുണ്ട്. ചരിത്രം മറക്കാൻ ഞങ്ങൾ തയ്യാറല്ല, നിങ്ങളെ അനുവദിക്കില്ല, എന്നായിരുന്നു ബാനറിലെ വാചകങ്ങൾ.

എന്നാൽ രാത്രി സ്ഥാപിച്ച ഈ ബാനർ ഇന്ന് രാവിലെയായപ്പോഴേക്കും ഓഫീസിന് മുന്നിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഇത് കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിലെ അസംതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റാക്കണം; പോസ്റ്ററുമായി അണികൾ

അലോഷ്യസ് സേവ്യറിനെ അനുകൂലിച്ചുള്ള ബാനറുകൾക്ക് പിന്നാലെ മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനെ അനുകൂലിച്ചും ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പതിച്ചു. വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റാക്കണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. ടീം യുഡിഎഫിനും സർക്കാരിനും കരുത്തേകാൻ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റ് ആക്കുക എന്നാണ് പോസ്റ്ററുകളിൽ ഉള്ളത്. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിലൂടെ പുറത്തുവരുന്നത്.

അലോഷ്യസിനെതിരെ കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്; ഫേസ്ബുക്കിൽ കടുത്ത വിമർശനം

ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെതിരെ കടുത്ത വിമർശനവുമായി എറണാകുളം ജില്ലാ പ്രസിഡൻ്റ് കൃഷ്ണലാൽ രംഗത്തെത്തിയതോടെ തർക്കം പുതിയ തലത്തിലെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണലാൽ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

കെ.എസ്.യു ഗ്രൂപ്പ് മാനേജർമാരോടും നേതാക്കന്മാരോടും ചിലത് പറയാനുണ്ടെന്ന് വ്യക്തമാക്കിയ കൃഷ്ണലാൽ, മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റെന്നും കൃഷ്ണലാൽ തൻ്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

സംസ്ഥാന പ്രസിഡൻ്റിനെതിരെ ജില്ലാ പ്രസിഡൻ്റ് തന്നെ പരസ്യമായി നിലപാട് സ്വീകരിച്ചതോടെ വരും ദിവസങ്ങളിൽ കോൺഗ്രസിലും കെ.എസ്.യുവിലും മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗ്രൂപ്പ് പോര് കൂടുതൽ വഷളാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വഴിത്തിരിവായ ഈ പരസ്യ പോരിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ അടുത്ത അനുയായിയും എം.എൽയുമായ മുഹമ്മദ് ഷിയാസിനൻ്റെ നേതൃത്വത്തിലുള്ള ഡിസിസി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News