Enter your Email Address to subscribe to our newsletters

Palakkad , 18 ജൂലൈ (H.S.)
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യുവാവിനെ കാറിൽ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കാഞ്ഞിക്കുളം പി വി വീട്ടിൽ പി വി അജയ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് അനൂപ് കുമാർ കേസിൽ രണ്ടാം പ്രതിയാണ്. പട്ടഞ്ചേരി കന്നിമാരി മുപ്പർ വീട്ടിൽ ജിഷ്ണുവിനെയാണ് ഇവർ അപായപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഈ മാസം 10 ന് രാവിലെ 11.30 ന് കാഞ്ഞിക്കുളത്താണ് സംഭവം. തൻ്റെ ഉടമസ്ഥതയിലുള്ള കരിപ്പോട് കെഎസ്ബിഎസ് സ്കൂളിൽ അധ്യാപക ജോലി നൽകാമെന്ന് പറഞ്ഞ് 2023 ൽ അനൂപ് കുമാർ ജിഷ്ണുവിൽ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ജോലി ലഭിക്കാതായതോടെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ജിഷ്ണുവിനെയും അച്ഛൻ പീതാംബരനെയും അജയിയും അനൂപ് കുമാറും ചേർന്ന് അടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് കാഞ്ഞിക്കുളം പെട്രോൾ പമ്പിൽ വച്ച് ജിഷ്ണുവും സംഘവും സഞ്ചരിച്ചിരുന്ന കാറിലേക്ക് അജയ് അപകടകരമായി ജീപ്പ് ഇടിപ്പിച്ചു കയറ്റി. ഇതു പലവട്ടം തുടർന്നു.
ഈ സമയം കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചിരുന്നുവെങ്കിൽ ജിഷ്ണുവിനും സംഘത്തിനും മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് പറയുന്നു. കൊലപാതകശ്രമം, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അജയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 2025 ൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ അനൂപ് കുമാറിൻ്റെ പേരിൽ കേസുണ്ട്. അജയിയെ കോടതി റിമാൻഡ് ചെയ്തു.
സിസിടിവി ദൃശ്യം പുറത്ത് വന്നു
കാഞ്ഞിക്കുളം പെട്രോൾ പമ്പിൽ വെച്ചുണ്ടായ ഈ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിഷ്ണു ഓടിച്ചിരുന്ന കാർ പെട്രോൾ പമ്പിലേയ്ക്ക് കയറുകയും ജീപ്പ് പിന്നിൽ നിന്ന് വരുന്നതും ദൃശ്യത്തിൽ കാണാം. വളരെ വേഗത്തിലാണ് ജീപ്പുമായി അജയ് പിറകേ എത്തിയത്. സിസിടിവി ദൃശ്യവും പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സാമ്പത്തിക തർക്കവും വൈരാഗ്യവുമാണ് അപായപ്പെടുത്താൻ പ്രതി ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. അജയ് ഓടിച്ചിരുന്ന ജീപ്പും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തിവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR