Enter your Email Address to subscribe to our newsletters

Ernakulam , 18 ജൂലൈ (H.S.)
ബലാത്സംഗത്തിന് ഇരയായ പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 28 ആഴ്ചയായ ഗര്ഭം അലസിപ്പിക്കാനാണ് കോടതി അനുമതി നല്കിയത്. ഇരയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
ജസ്റ്റിസ് ഹരിശങ്കർ വി മേനോനാണ് വിധി പുറപ്പെടുവിച്ചത്. ഇരയ്ക്ക് 14 വയസ് തികഞ്ഞതിനാലും ഗർഭം തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നതിനാലും ഗർഭം അലസിപ്പിക്കാന് അപേക്ഷ അനുവദിക്കാമെന്ന് കോടതി പറഞ്ഞു. ഇരയും പിതാവും നടപടിക്രമത്തിന് വിധേയമാകാൻ രേഖാമൂലം ഉറപ്പ് നല്കിയാല് ഗര്ഭം അലസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശം നല്കി.
മെഡിക്കല് ബോര്ഡിനോട് വിശദീകരണം തേടി: സംഭവത്തില് മെഡിക്കല് ബോര്ഡിനോട് കോടതി വിശദീകരണം തേടി. ഗർഭകാല പ്രായം 34 ആഴ്ചയോടടുത്താൽ ഗർഭസ്ഥ ശിശു പൂര്ണ ആരോഗ്യമുള്ളതായിരിക്കുമെന്ന് മെഡിക്കല് ബോര്ഡ് പറഞ്ഞു. 28 ആഴ്ച പിന്നിട്ടതിനാല് കുഞ്ഞിന്റെ ഭാരം ഏകദേശം ഒരു കിലോയായിരിക്കുമെന്നും ഗര്ഭച്ഛിദ്രം നടത്തിയാലും അതിജീവന സാധ്യതയുണ്ടെന്നും മെഡിക്കല് ബോര്ഡ് പറഞ്ഞു.
എന്നാല് ചില സന്ദര്ഭങ്ങളില് കുഞ്ഞ് ജീവനോടെ പുറത്തെത്തിയാല് അതിന് റെറ്റിനോപ്പതി, നെക്രോട്ടൈസിങ് വൻകുടൽ പുണ്ണ്, ഇൻട്രാവെൻട്രിക്കുലാർ രക്തസ്രാവം, ശ്വസന ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രയാസം ഉണ്ടായേക്കാം.
ഓപ്പറേഷന് ശേഷം കുഞ്ഞ് അതിജീവിച്ചാൽ സംസ്ഥാനം സ്റ്റാൻഡേർഡ് നവജാത ശിശു പരിചരണം നൽകണമെന്നും കോടതി വിധിച്ചു. അതേസമയം ഇരയ്ക്ക് കുട്ടിയെ വേണ്ടെന്ന് ഉറപ്പ് നല്കിയാല് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി അമ്മ കുഞ്ഞിനെ ചൈൽഡ്കെയർ സ്ഥാപനത്തിനോ പ്രത്യേക ദത്തെടുക്കൽ ഏജൻസിക്കോ കൈമാറണമെന്നും കോടതി പറഞ്ഞു.
അതേസമയം ഓപ്പറേഷന് ശേഷം കുഞ്ഞ് അതിജീവിച്ചില്ലെങ്കില് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് എഫ്ഐആർ നിലനില്ക്കുന്നത് കൊണ്ട് ഡിഎൻഎ, വിരലടയാളം, മാപ്പിങ് എന്നിവ രേഖപ്പെടുത്തണമെന്നും കോടതി നിര്ദേശം നല്കി. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കായി ഗർഭ പിണ്ഡത്തിൻ്റെ കലകളും രക്തസാമ്പിളുകളും സംരക്ഷിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR