Enter your Email Address to subscribe to our newsletters

Kottayam , 18 ജൂലൈ (H.S.)
മുഖ്യമന്ത്രി കെഎസ്യു തർക്കത്തിൽ വിഡി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എന്നാൽ കെഎസ്യു പരിധിവിട്ടു പോകരുതെന്ന് റവന്യൂ മന്ത്രി എപി അനിൽകുമാർ. മുഖ്യമന്ത്രി കെഎസ്യു സംസ്ഥാന പ്രസിഡൻ്റിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
''വിഷമകരമായ സംഭവം ഉണ്ടായാല് ബന്ധപ്പെട്ട വേദികളില് അറിയിക്കണം. അവര്ക്ക് വിഷമം ഉണ്ടായിട്ടുണ്ടാകും. അത് പാര്ട്ടി പരിശോധിക്കും. പാര്ട്ടി പ്രവര്ത്തകര്ക്ക് വിഷമം ഉണ്ടാക്കുന്ന നടപടികള് ആരും ചെയ്യരുതെന്നാണ് തൻ്റെ അഭിപ്രായം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സര്ക്കാരാണിത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങള് ഉണ്ടാകരുതെന്നും'' കെസി വേണുഗോപാല് കൂട്ടിച്ചേര്ത്തു.
കെഎസ്യു പരിധിവിട്ടു പോകരുതെന്ന് എപി അനിൽകുമാർ
അതേസമയം കെഎസ്യു പരിധിവിട്ടു പോകരുതെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അത് പരിഗണിക്കേണ്ടതാണെങ്കിൽ പരിഗണിക്കുമെന്നും റവന്യൂ മന്ത്രി എപി അനിൽകുമാർ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
കെഎസ്യു ചില അഭിപ്രായങ്ങൾ പറഞ്ഞു. സർക്കാരിൻ്റെ മുന്നിൽ ചില നിർദ്ദേശങ്ങൾ വച്ചു. ഞാൻ ഉൾപ്പെടെയുള്ളവർ അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. കെഎസ്യുവിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംഘടനാപരമായി ഞങ്ങൾ എല്ലാം രംഗത്ത് പ്രവർത്തിച്ചവരാണ്. യുഡിഫിൻ്റെ സർക്കാർ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ ആണെങ്കിൽ പോലും അവരുടെ അഭിപ്രായ വ്യത്യാസങ്ങൾ അവർക്ക് തോന്നി കഴിഞ്ഞാൽ ആ കാലത്തെല്ലാം അവർ അത് പുറത്ത് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ യുഡിഎഫിൻ്റെതാണെങ്കിലും അഭിപ്രായം പറയേണ്ടവർക്ക് പറയാം. അത് ഉൾക്കൊള്ളേണ്ടതാണെങ്കിൽ ഉൾക്കൊള്ളും. തള്ളേണ്ടത് തള്ളുകയും ചെയ്യും. അതിനകത്ത് അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങൾ കൊടുക്കേണ്ട കാര്യമില്ല. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഈ സംഘടനകൾക്കെല്ലാം ഉണ്ടെന്നും അനിൽകുമാർ പറഞ്ഞു.
സിപിഎം പോലെ അവർ അധികാരത്തിൽ വന്നാൽ ഡിവൈഎഫ്ഐ ആണെങ്കിലും എസ്എഫ്ഐ ആണെങ്കിലും എന്തെങ്കിലും അഭിപ്രായം പറയാറുണ്ടോ. എന്ന് അധികാരം ഏൽക്കുന്നുവോ ആ ദിവസത്തോടെ അവരുടെ ഭരണവിലാസം പാർട്ടിയായി മാറും. അതുപോലെ അല്ല യൂത്ത് കോൺഗ്രസും കെഎസ്യു എന്നും അനികുമാർ പറഞ്ഞു. അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവർക്ക് അവകാശമുണ്ട്. അതിൽ അവർ കാലവും സമയവും ഒന്നും നോക്കാറില്ല. പക്ഷെ അതിൽ പാലിക്കേണ്ട ചില പരിമിധികളുണ്ട്. ആ പരിമിധികൾക്ക് അകത്ത് നിന്നുകൊണ്ടണ്ട് അഭിപ്രായം പറയുന്നതിൽ വിരോധമില്ല. കെഎസ്യുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും അത് കേൾക്കും. പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ പരിഹരിക്കും മന്ത്രി വ്യക്തമാക്കി.
പ്രതികരണവുമായി അലോഷ്യസ് സേവ്യർ
സർക്കാരും കെഎസ്യു തമ്മിൽ അതിരൂക്ഷമായ പോരോന്നും ഉണ്ടായിട്ടില്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷനായ അലോഷ്യസ് സേവ്യര് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ആശങ്കകൾ ഞങ്ങൾ സർക്കാരിനെയും പാർട്ടിയെ അറിയിച്ചിരുന്നു. പാർട്ടി ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു എന്നും അലോഷ്യസ് സേവ്യര് പറഞ്ഞു.
കോൺഗ്രസ് എന്ന് പറയുന്നത് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള ഒരു പാർട്ടിയാണ്. അവിടെ വ്യത്യസ്തമായ ആശയങ്ങളും അഭിപ്രായങ്ങളുമൊക്ക ഉണ്ടാവും. ആ ആഭിപ്രായങ്ങളെല്ലാം സമന്വയിപ്പിച്ച് ഒരു പോയിൻ്റിലെത്തും അതാണ് പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും നിലപാടെന്നും അലോഷ്യസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അദ്ദേഹം കെഎസ്യുവിൻ്റെയോ കോൺഗ്രസിൻ്രെയോ മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിലെ മുഴുവൻ പൊതു സമൂഹത്തിൻ്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിൻ്റെ തിരക്കുകളെ ഞങ്ങൾ മാനിക്കുന്നു. അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം ഉണ്ടാവുമെന്നും അലോഷ്യസ് സേവ്യര് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR