Enter your Email Address to subscribe to our newsletters

Alappuzha , 18 ജൂലൈ (H.S.)
കേരളമൊട്ടാകെ പതിനായിരക്കണക്കിന് ഉദ്യോഗാര്ത്ഥികള് പ്രതീക്ഷയോടെ കാത്തിരുന്ന ബോര്ഡ് കോര്പ്പറേഷന്- ലാസ്റ്റ് ഗ്രേഡ് സര്വന്റ് പരീക്ഷാ നടത്തിപ്പില് പി എസ് സിക്ക് ഗുരുതര പിഴവ്. ആലപ്പുഴ ജില്ലയിൽ പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതായി പരാതി ഉയര്ന്നു. ആലപ്പുഴ ലെജന സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറിയത്. ഇതേത്തുടർന്ന് പരീക്ഷ റദ്ദാക്കി.
പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേയ്ക്ക് നടത്തുന്ന പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. കേരള പിഎസ്സി ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് (എൽജിഎസ്) പരീക്ഷയാണ് (കാറ്റഗറി നമ്പർ 423/2025) ഔദ്യോഗികമായി റദ്ദാക്കിയത്. ഒന്നിലധികം ഘട്ടങ്ങളിലായാണ് പരീക്ഷ ക്രമീകരിച്ചിരുന്നത്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ജൂലൈ 18 നും മൂന്നാം ഘട്ടവും നാലും ഘട്ടവും ഓഗസ്റ്റ് 1 നും നടത്താനാണ് ബോർഡ് നിശ്ചയിച്ചത്.
ഉച്ചയ്ക്കുള്ള പരീക്ഷക്ക് കൊടുക്കേണ്ട ചോദ്യപേപ്പറാണ് രാവിലെ വിതരണം ചെയ്തത്. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ആലപ്പുഴയിൽ ഒരു സ്കൂളിൽ ചോദ്യപേപ്പർ മാറിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഉച്ചക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയെന്നാണ് പിഎസ്സി നൽകുന്ന ഔദ്യോഗിക വിശദീകരണം. എല്ലാ ജില്ലകളിലും ചോദ്യപേപ്പർ മാറിയതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ചോദ്യപേപ്പർ വിതരണം ചെയ്തതിൽ പിഎസ്സിക്ക് പറ്റിയ പിഴവാണെന്ന ആരോപണവും ഉയരുന്നുണ്ട്. റദ്ദാക്കിയ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
കഠിനമായി പഠിച്ച് പരീക്ഷ എഴുതാനെത്തിയ നിരവധി ഉദ്യോഗാർഥികളാണ് പി.എസ്.സിയുടെ ഈ അനാസ്ഥ കാരണം ദുരിതത്തിലായത്. ഹാളിൽ കയറി ചോദ്യപേപ്പർ കൈപ്പറ്റിയ ശേഷമുണ്ടായ ഈ അപ്രതീക്ഷിത നടപടി പരീക്ഷാർത്ഥികളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിവാദങ്ങളുടെ നടുവിൽ പി.എസ്.സി
ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണയ വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പി.എസ്.സിയെ കൂടുതൽ പ്രതിരോധത്തിലാക്കിക്കൊണ്ട് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ഉണ്ടായ ഈ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR