Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 ജൂലൈ (H.S.)
വാഹനാപകടങ്ങളില് ഗുരുതര പരിക്കേല്ക്കുന്നവര്ക്ക് ഒന്നര ലക്ഷം രൂപയുടെ ചികിത്സാ ചെലവ് ഉടന് അനുവദിക്കുന്ന കേന്ദ്ര സര്ക്കാര് പദ്ധതി പിഎം രാഹത്ത് കേരളത്തിലും നടപ്പിലാക്കിയെന്ന് ഗതാഗത മന്ത്രി സിപി ജോണ്. തിരുവനന്തപുരം മെഡിക്കല് കോളജിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കിയത്. നിലവില് പരീക്ഷണാടിസ്ഥാനത്തിലാണ് സഹായം ലഭ്യമാക്കിയത്. സംസ്ഥാനത്തെ മുഴുവന് പേര്ക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളില് ഇതിനായുള്ള അപേക്ഷ സമര്പ്പിക്കണം. കേന്ദ്ര പോര്ട്ടലിലേക്കാണ് ഇതിനായി അപേക്ഷ സമര്പ്പിക്കേണ്ടത്. മാത്രമല്ല അപകടത്തില് എഫ്ഐആറും സമര്പ്പിക്കണം. ചെറിയ പരിക്കാണെങ്കില് കേസെടുക്കാന് 48 മണിക്കൂര് സാവകാശം ലഭിക്കും. ഇതിനുള്ള സംവിധാനങ്ങള് ആശുപത്രിയില് തന്നെ ഒരുക്കണം. ഇതിനായുള്ള ചെലവുകളെല്ലാം ഗതാഗത വകുപ്പ് വഹിക്കണമെന്നും മന്ത്രി സിപി ജോണ് പറഞ്ഞു.
നിലവില് സര്ക്കാര് ആശുപത്രികളുടെ കീഴിലാണ് പദ്ധതിയുള്ളത്. സ്വകാര്യ ആശുപത്രികളെയും പദ്ധതിക്ക് കീഴില് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. കേരളത്തില് പരിക്കേറ്റ ഒരാള്ക്ക് ഇതിനോടകം സഹായം ലഭ്യമായി കഴിഞ്ഞൂവെന്നും മന്ത്രി പറഞ്ഞു.
എന്താണ് പിഎം രാഹത്ത്: റോഡ് അപകടങ്ങളില് പരിക്കേല്ക്കുന്നവര്ക്ക് പണ രഹിത ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് പിഎം രാഹത്ത് അഥവാ റോഡ് ആക്സിഡന്റ് വിക്ടിം ഹോസ്പിറ്റലൈസേഷന് ആന്ഡ് അഡ്വേര്ഡ് ട്രീറ്റ്മെന്റ്. റോഡ് അപകടങ്ങളില് പരിക്കേല്ക്കുന്നവര്ക്ക് സാമ്പത്തിക പ്രയാസം കാരണം ചികിത്സ ലഭിക്കാതിരിക്കുകയോ വൈകുകയോ ചെയ്യരുതെന്ന് ലക്ഷ്യമിട്ടാണ് കേന്ദ്രം ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. അപകടം സംഭവിച്ചത് മുതല് ഒരാഴ്ചത്തേക്ക് വരെ ഒന്നര ലക്ഷം രൂപ വരെ പണമില്ലാതെ ചികിത്സിക്കാം. റോഡ് അപകടങ്ങളില്പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന് പലരും വിമുഖത കാണിക്കാറുണ്ട്. രക്ഷയ്ക്കെത്തിയാല് ആശുപത്രി ചെലവ് അയാളുടെ മേല് വരുമോ എന്ന് ഭയക്കുന്നതാണ് ഇതിന് കാരണം. അത്തരം സാഹചര്യങ്ങളെല്ലാം ഇല്ലാതാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയുടെ ഗുണങ്ങള്:
പണമില്ലാതെ തന്നെ ചികിത്സ ലഭിക്കും.
ഇന്ത്യയില് എല്ലായിടത്തും ധനസഹായം ലഭ്യമാണ്.
അപകടം ഏത് റോഡിലാണെങ്കിലും സൗജന്യ ചികിത്സ ലഭിക്കും.
ഒരു മണിക്കൂറിനുള്ളില് അപകടപ്പെടുന്നയാള്ക്ക് ചികിത്സ ഉറപ്പാക്കാനാകും.
ഓരോ ആളുകള്ക്കും ഇത് ലഭിക്കും.
ഗുരുതരാവസ്ഥയിലുള്ള രോഗികള്ക്ക് 48 മണിക്കൂര് സൗജന്യ ചികിത്സ ലഭിക്കും.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്: അപകടമുണ്ടായതിന് പിന്നാലെ പരിക്കേറ്റവരോ കൂടെയുള്ളവരോ 112 എന്ന നമ്പര് ഡയല് ചെയ്യണം. ഇന്ത്യയിലെ ഔദ്യോഗികമായിട്ടുള്ള എമര്ജന്സി റെസ്പോണ്സ് കോണ്ടാക്റ്റ് നമ്പറാണ് 112. ഇതില് നിന്നും അവര്ക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയുടെ വിവരങ്ങളും ആംബുലന്സ് വിവരങ്ങളുമെല്ലാം ലഭിക്കും.
ആശുപത്രിയിലെത്തുന്ന രോഗിക്ക് മുന്കൂര് പണം നല്കാതെ തന്നെ ചികിത്സയും ആരംഭിക്കാം. സഹായ ധനം ലഭിക്കാന് പൊലീസ് ഒതന്റിഫിക്കേഷന് നിര്ബന്ധമാണ്. അപകടം റിപ്പോര്ട്ട് ചെയ്യാന് ഡിജിറ്റല് ഇന്റഗ്രേറ്റഡ് ഫോമാണ്. മോട്ടോര് വെഹിക്കിള് ആക്സിഡന്റ് ഫണ്ട് വഴിയാണ് ആശുപത്രികളിലേക്ക് പദ്ധതിയില് നിന്നും ഫണ്ട് ലഭിക്കുന്നത്. വാഹനത്തിന് ഇന്ഷുറന്സ് ഉള്ളതാണെങ്കില് ഇന്ഷുറന്സ് കമ്പനിയും സഹായം നല്കും. ഇനി വാഹനത്തിന് ഇന്ഷുറന്സ് ഇല്ലെങ്കിലും സര്ക്കാരില് നിന്നും ധനസഹായം ലഭിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്തരമൊരു പദ്ധതി കേന്ദ്ര സര്ക്കാര് നടപ്പിലാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR