ഉദ്യോഗസ്ഥ ചുവപ്പുനാടയിൽ കണ്ണീർ വാർത്ത് ഇടുക്കിയിലെ വിജയമ്മ
Idukki , 18 ജൂലൈ (H.S.) മരിക്കുന്നതിന് മുൻപ് സ്വന്തമായൊരു മേൽക്കൂരയ്ക്ക് കീഴിൽ സമാധാനത്തോടെ ഒന്ന് കണ്ണടയ്ക്കണം, പലർക്കും ഇത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരിക്കാം. എന്നാൽ ഇടുക്കി നെടുങ്കണ്ടം ഉപ്പുകണ്ടം സ്വദേശിനി വിജയമ്മ സദാനന്ദൻ എന്ന
HOUSING LOAN ISSUES


Idukki , 18 ജൂലൈ (H.S.)

മരിക്കുന്നതിന് മുൻപ് സ്വന്തമായൊരു മേൽക്കൂരയ്ക്ക് കീഴിൽ സമാധാനത്തോടെ ഒന്ന് കണ്ണടയ്ക്കണം, പലർക്കും ഇത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരിക്കാം. എന്നാൽ ഇടുക്കി നെടുങ്കണ്ടം ഉപ്പുകണ്ടം സ്വദേശിനി വിജയമ്മ സദാനന്ദൻ എന്ന വയോധികയ്ക്ക് ഈ ആഗ്രഹം ഇന്ന് കണ്ണീരും നിസ്സഹായതയും നിറഞ്ഞ ഒരു പോരാട്ടമാണ്.

സർക്കാർ പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും, ബാക്കി ഗഡുക്കൾ ലഭിക്കാത്തതിനെ തുടർന്ന് നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി നീതിക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഈ അമ്മയുടെ ജീവിതം ഇന്ന് ചോദ്യചിഹ്നമായി തുടരുന്നു.

സ്വപ്നമായി വന്ന 'പി.എം.എ.വൈ'; ഒടുവിൽ ചതിച്ചതോ ചുവപ്പുനാട?

ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്ത വിജയമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. ആ സ്വപ്നത്തിന് പ്രതീക്ഷയേകിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെടുന്നത്. ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും വിഹിതങ്ങൾ ഉൾപ്പെടെ ആകെ നാല് ലക്ഷം രൂപയായിരുന്നു വീടിനായി അനുവദിച്ചിരുന്നത്. എന്നാൽ മൂന്ന് ഗഡുക്കളിലായി ഇവർക്ക് ലഭിച്ചത് ആകെ 1,98,000 രൂപ മാത്രം.

ലഭിച്ച തുക ഉപയോഗിച്ച് വീടിന്റെ തറയും ഭിത്തിയും പൂർത്തിയാക്കി. അതിനുശേഷം ഫണ്ട് പൂർണ്ണമായി നിലച്ചു; അതോടെ വീടിന്റെ പണിയും പ്രതിസന്ധിയിലായി. മഴയും കാലാവസ്ഥയും കാരണം പണി പൂർത്തിയാക്കാത്ത ഭിത്തികൾ നശിച്ച് പോകുമെന്ന ഭയത്താൽ, ഒടുവിൽ മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയാണ് ഇവർ വീടിന്റെ മേൽക്കൂര വാർത്തത്.

നാളെ തരാം, മറ്റന്നാൾ തരാം... ; തളർന്ന് വിജയമ്മ

ബാക്കി നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ തുക അനുവദിച്ചിട്ടില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇപ്പോൾ പറയുന്നത്. കിട്ടാനുള്ള ഗഡുക്കൾക്കായി കഴിഞ്ഞ ഒരു വർഷമായി ഈ വയോധിക സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഉടൻ കിട്ടും എന്ന പതിവ് മറുപടി മാത്രമാണ് ഇവർക്ക് ഓഫീസുകളിൽ നിന്നും ലഭിക്കുന്നത്.

മണ്ണടിഞ്ഞു പോകുന്നതിന് മുൻപ് സ്വന്തം വീട്ടിലൊന്ന് അന്തിയുറങ്ങണം. അതിനാണ് കടം വാങ്ങി മേൽക്കൂര വാർത്തത്. ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല... ചോദിക്കുമ്പോഴൊക്കെ നാളെ തരാം, മറ്റന്നാൾ തരാം എന്ന് പറഞ്ഞ് മടക്കി അയക്കുകയാണ്. -വിജയമ്മ സദാനന്ദൻ

ഭരണപരമായ റിവിഷനുകളോ, അതോ ഉദ്യോഗസ്ഥരുടെ അനാസ്ഥയോ?

തെരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണപരമായ റിവിഷനുകൾ നടക്കുന്നതിനാലാണ് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നത് എന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ വിജയമ്മയുടെ ദുരിതം ഇവിടെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ വഴി പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന കുടുംബങ്ങൾക്ക് അനുവദിച്ച നിരവധി വീടുകളുടെ നിർമ്മാണമാണ് ഫണ്ടിന്റെ ഗഡുക്കൾ ലഭിക്കാത്തതിനെ തുടർന്ന് നിലവിൽ മുടങ്ങിക്കിടക്കുന്നത്. സാങ്കേതിക നൂലാമാലകൾ പറഞ്ഞ് അധികൃതർ കൈമലർത്തുമ്പോൾ ദുരിതത്തിലാകുന്നത് അനേകം പാവപ്പെട്ട കുടുംബങ്ങളാണ്.

അധികൃതർ കണ്ണ് തുറക്കുമോ?

സർക്കാർ പദ്ധതിയിൽ അനുവദിച്ച വീടിന്റെ ബാക്കി ഗഡു ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്നും വിജയമ്മ കാത്തിരിപ്പ് തുടരുകയാണ്. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ തണലിൽ കഴിഞ്ഞ ഈ വയോധികയ്ക്ക്, സ്വന്തം വീടിന്റെ തണലിൽ ഒരു സമാധാനരാത്രി ചെലവഴിക്കാനാകുമോ എന്ന ചോദ്യത്തിന് ഇനി ഉത്തരം നൽകേണ്ടത് അധികൃതരുടെ അടിയന്തര നടപടികളാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News