Enter your Email Address to subscribe to our newsletters

New delhi, 18 ജൂലൈ (H.S.)
ചോദ്യ പേപ്പര് ചോര്‍ച്ച നിരവധി കുടുംബങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിച്ചെന്ന് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും രക്ഷിതാക്കള്‍ക്ക് നീതിയും ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനം അടിമുടി മാറ്റിയെഴുതേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആത്മഹത്യ ചെയ്ത റിയ എന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും രാഹുല്‍ എക്സില്‍ കുറിച്ചു.
ഈ സംഭവം പല കുടുംബങ്ങളുടെയും ദുരിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മകളുടെ വിയോഗത്തില്‍ തകര്‍ന്നുപോയ റിയയുടെ പിതാവ് രാജേഷ് ജിയെ കണ്ടവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞുപോയിരുന്നു. ഇത് ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ലെന്നും പേപ്പര്‍ ചോര്‍ച്ച ഇത്തരം നിരവധി കുടുംബങ്ങളില്‍ നിന്ന് അവരുടെ മക്കളെ കവര്‍ന്നെടുത്തുവെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
ഓരോ വിദ്യാര്‍ഥിയുടെയും പേരിന് പിന്നിലും ഒരു അമ്മയും അച്ഛനുമുണ്ട്. അവര്‍ക്കിനി നാളെയെന്ന പ്രതീക്ഷയില്ല. കുട്ടികള്‍ക്ക് സമ്മര്‍ദ്ദമല്ല വേണ്ടത്. സുരക്ഷ ലഭിക്കുന്ന തരത്തില്‍ ഈ സംവിധാനം അടിമുടി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും രക്ഷിതാക്കള്‍ക്ക് അവരുടെ ത്യാഗത്തിന്റെ ഫലമായി ലഭിക്കേണ്ടത് കണ്ണീരല്ല, മറിച്ച് സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഡെറാഡൂണില്‍ നടന്ന 'ഛാത്രോന്‍ കി ഗൂഞ്ച്' പരിപാടിക്കിടെയാണ് റിയയുടെ പിതാവുമായി രാഹുല്‍ ഗാന്ധി കൂടികാഴ്ച നടത്തിയത്. മകളുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച റിയയുടെ പിതാവ് മറ്റൊരു കുടുംബത്തിനും ഇത്തരം ദുരന്തം സംഭവിക്കാതിരിക്കാന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.
മെയ് മൂന്നിന് നീറ്റ് പരീക്ഷ കഴിഞ്ഞ് റിയ സന്തോഷത്തോടെയാണ് വീട്ടിലെത്തിയത്. പരീക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. എന്നാല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത വന്നപ്പോള്‍ റിയ അത് മൊബൈലില്‍ തന്നെ കാണിച്ചു തന്നുവെന്നും ആ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് താന്‍ ആ വാര്‍ത്ത തള്ളിക്കളഞ്ഞെങ്കിലും പേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞു. തന്റെ മകള്‍ക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മകളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും റിയയുടെ പിതാവ് പറഞ്ഞു.
'ഛാത്രോന്‍ കി ഗൂഞ്ച്' പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പരീക്ഷാ ക്രമക്കേടുകളും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളും ഉയര്‍ത്തിക്കാട്ടുന്നതിനായി ജൂണ്‍ 17-ന് രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഗാന്ധി 'ഛാത്രോന്‍ കി ഗൂഞ്ച്' എന്ന രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. ഡെറാഡൂണിലെ പരിപാടിക്കിടെ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 7.5 കോടി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച മൂലം ദുരിതമനുഭവിച്ചിട്ടുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യയില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച എളുപ്പമാക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കോടിക്കണക്കിന് രൂപ കൈയിലുണ്ടെങ്കില്‍ ഇന്റര്‍നെറ്റിലോ ടെലിഗ്രാമിലോ ചോദ്യ പേപ്പറുകള്‍ കണ്ടെത്താനാകുമെന്നും ഇതാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവസ്ഥയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 152 പേപ്പര്‍ ചോര്‍ച്ചാ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അവയുമായി ബന്ധപ്പെട്ട് ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന സുപ്രധാന വിഷയമാണിത്. ഇത് നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും അപമാനിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അപമാനിക്കുന്ന കാര്യമാണിതെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവേ ഗാന്ധി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S