Enter your Email Address to subscribe to our newsletters

Kottayam , 18 ജൂലൈ (H.S.)
പൊതുവേ കർക്കശക്കാരനല്ലാത്ത ഉമ്മൻ ചാണ്ടി തനിക്കൊപ്പമുള്ളവർക്ക് നൽകിയ കർശനമായ നിർദേശമുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന പരാതിക്കാരുടെ രാഷ്ട്രീയം നോക്കരുത്. അവരോട് ദേഷ്യപ്പെടരുത്. സഹായവും സഹാനുഭൂതിയുമെന്ന രണ്ട് വാക്കുകൾ മനുഷ്യരൂപമെടുത്താൽ അതിന് ഉമ്മൻ ചാണ്ടിയുടെ രൂപഭാവമായിരിക്കുമുണ്ടാവുക. ആൾക്കൂട്ടത്തിനിടയിൽ അല്ലാതെ ഉമ്മൻ ചാണ്ടിയെ കേരളത്തിലെ ഒരാൾക്കും സങ്കല്പിക്കാനാവില്ല.
കൊച്ചുകുട്ടികൾ മുതൽ തന്നെക്കാൾ പ്രായമുള്ളവർക്ക് വരെ എന്നും അദ്ദേഹം ഉമ്മൻ ചാണ്ടിയായിരുന്നു. 2016ൽ കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ വേദിയിലേക്ക് കടന്നുപോകുന്നതിനിടെ ശിവാനി എന്ന രണ്ടാം ക്ലാസുകാരി ഉമ്മൻ ചാണ്ടി എന്ന് നീട്ടി വിളിച്ചപ്പോൾ തൻ്റെ കൂട്ടുകാരനായ അമലിന് ലഭിച്ചത് പുതിയ വീടും അതുവഴി പുതുജീവിതവുമായിരുന്നു. നന്മയെന്ന വീടിൻ്റെ പാലുകാച്ചലിനും ഉമ്മൻ ചാണ്ടി ശിവാനിക്കും അമലിനുമൊപ്പം ഉണ്ടായിരുന്നു. അതേ നന്മയും സഹാനുഭൂതിയുമായിരുന്നു സഹജീവികൾക്കും തനിക്ക് ചുറ്റും കൂടുന്നവർക്കും അദ്ദേഹം പകർന്ന് നൽകിയത്. അതായിരുന്നു ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിൻ്റെ ആകെയുള്ള കൈമുതൽ.
ആൾത്തിരക്കിലും ബഹളത്തിനിടയിലും ഏകാഗ്രതയോടെ മനുഷ്യരുടെ പ്രശ്നങ്ങൾ കേട്ട് അതിൻ്റെ ആഴം അപഗ്രഥിച്ച് ഞൊടിയിടയിൽ വേണ്ട നടപടിയെടുക്കാൻ അസാമാന്യ പാടവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തന്നെ കാണാൻ പരാതിയുമായെത്തുന്ന ഒരാളും നിരാശരായി മടങ്ങിപ്പോകരുതെന്ന നിർബന്ധബുദ്ധി അവസാനം വരെ ഉള്ളിൽ സൂക്ഷിച്ചയാളായിരുന്നു ഉമ്മൻ ചാണ്ടി.
ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമായി എണ്ണം പറഞ്ഞ അടവുകൾ പുറത്തെടുക്കുമ്പോഴും എതിർ പാർട്ടിക്കാരുടെ രാഷ്ട്രീയാരോപണങ്ങളെ തച്ചുതകർക്കുമ്പോഴും കാണുന്നത് തന്ത്രശാലിയായ രാഷ്ട്രീയ നേതാവിനെയാണെങ്കിൽ പരാതിക്കാരുടെ മുന്നിൽ നല്ലൊരു കേൾവിക്കാരനും നിർമല ഹൃദയനുമായ വ്യക്തിയെയാണ് കാണാൻ സാധിക്കുക. ആൾക്കൂട്ടത്തിനിടയിൽ നിന്ന് പൊതുസമൂഹത്തിൻ്റെ മനസ്സിലേക്ക് വിട വാങ്ങിയ അദ്ദേഹം ഇന്നും ആൾമരമായി തന്നെ നിലകൊള്ളുന്നു.
പൊതുസമൂഹത്തിൻ്റെ മനസ്സിലേക്ക് വിടവാങ്ങിയ അദ്ദേഹം ഇന്നും വലിയൊരു ആൾമരമായി നിലകൊള്ളുകയാണ്. കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായ അദ്ദേഹം ഇന്നും പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞാണ്. 2023 ജൂലായ് 18നാണ് അദ്ദേഹം അന്തരിച്ചത്. മൂന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ മനസ്സറിഞ്ഞാണ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന് വർഷം 25 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
അരങ്ങത്തുനിന്ന് അണിയറയിലേക്ക് വിടവാങ്ങിയെങ്കിലും അദൃശ്യനായി മനുഷ്യജീവിതങ്ങളിൽ ഈ പദ്ധതിയിലൂടെ അദ്ദേഹം ഇപ്പോഴും ഇടപെടുകയാണ്. ജാതി മത വർഗ വർണ ഭേദമെന്യേ ആർക്കും എപ്പോഴും ഓടിയെത്താവുന്ന ഒരിടമായി പുതുപ്പള്ളിയിലെ അദ്ദേഹത്തിൻ്റെ കല്ലറ മാറി. ആൾമരത്തണലിലേക്ക് ഇപ്പോഴും എത്തുന്ന ആയിരങ്ങൾ ഇതിന് സാക്ഷിയാണ്. മനുഷ്യരെ കണ്ടും മിണ്ടിയും ഏവർക്കും പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി അവർക്കിടയിൽ വിശ്രമിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR