Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 ജൂലൈ (H.S.)
കെഎസ്യുവിനെ മഹാപ്രസ്ഥാനമാക്കി സംസ്ഥാന വ്യാപകമായ അംഗീകാരം ഉണ്ടാക്കിയെടുത്തത് ഉമ്മന് ചാണ്ടിയുടെ നേതൃത്വമായിരുന്നെന്ന് മുന് കെപിസിസി അധ്യക്ഷന് വി.എം സുധീരന്. ഇന്ദിരാഭവനില് കെപിസിസി സംഘടിപ്പിച്ച ഉമ്മന് ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി ഭരണത്തില് വിദ്യാര്ത്ഥികള്ക്ക് പങ്കാളിത്തം നേടിയെടുക്കുക, കേരള യൂണിവേഴ്സിറ്റി യൂണിയന് പുനരാരംഭിക്കുക, പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുക, ഫീസ് ഏകീകരണം നടപ്പാക്കുക, അധ്യാപകര്ക്ക് സര്ക്കാര് ശമ്പളം നല്കുക തുടങ്ങിയ വിപ്ലവകരായ മാറ്റങ്ങളാണ് ഇക്കാലയളവില് ഉണ്ടായത്. കെഎസ്യു നടത്തിയ ടികെ മുരളി സമരം സംഘടനയെ പൊരുതുന്ന പ്രസ്ഥാനമാക്കി.
സമരത്തിനൊപ്പം ഓണത്തിനൊരു പറ നെല്ല് ഉള്പ്പെടെയുള്ള ക്രിയാത്മക പരിപാടികളും ആവിഷ്കരിച്ചു. കെഎസ്യു മാതൃകയില് എന്എസ്യു രൂപീകരിച്ച് വിദ്യാര്ത്ഥി പ്രവര്ത്തനം ദേശീയതലത്തിലേക്കു വ്യാപിപ്പിച്ചു. അതിന്റെ പ്രഥമ സമ്മേളനം തിരുവനന്തപുരത്ത് നടത്തിയപ്പോള് പങ്കെടുത്തവരൊക്കെ ദേശീയ നേതാക്കളായെന്ന് സുധീരന് പറഞ്ഞു.
ജനപക്ഷരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കാന് ഉമ്മന് ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള് സാധിച്ചു.
ആര്ക്കും എപ്പോള് വേണമെങ്കിലും പ്രാപ്യനായിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന് ചാണ്ടി. കെ എസ് യു ക്യാമ്പുകളില് ലഭിച്ച പരിശീലനത്തെ തുടര്ന്നാണ് ആരുടെ മുഖത്തുനോക്കിയും കാര്യങ്ങള് പറയാനുള്ള ആര്ജവം പ്രവര്ത്തകര്ക്കു ലഭിച്ചതെന്നും സുധീരന് പറഞ്ഞു.
കേരളത്തില് തലങ്ങും വിലങ്ങും യാത്ര ചെയ്ത് അനുദിനം ജനസമ്പര്ക്കം നടത്തിയ ഉമ്മന് ചാണ്ടിയെപ്പോലെ ഒരു നേതാവിനെ കേരളത്തില് ഒരു രാഷ്ട്രീയപാര്ട്ടിക്കും അവകാശപ്പെടാനില്ലെന്നു കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് അധ്യക്ഷ പ്രസംഗത്തില് ചൂണ്ടിക്കാട്ടി.
ജനസമ്പര്ക്കം എന്നത് ഔദ്യോഗിക പരിപാടിക്കപ്പുറം അദ്ദേഹത്തിന് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രതിസന്ധികളെയും വെല്ലുവിളികളെയും നിശ്ചയദാര്ഢ്യത്തോടെ നേരിട്ടു. തനിക്കെതിരേ ശാരീരികമായ ആക്രമണം ഉണ്ടായപ്പോള് പോലും അതിന്റെ പേരില് ഒരിലപോലും അനങ്ങരുതെന്ന് അദ്ദേഹം നിഷ്കര്ഷിച്ചു. സമാധാനത്തിന്റെ അപ്പസ്തലനായിരുന്നു ഉമ്മന് ചാണ്ടിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഉമ്മന് ചാണ്ടിക്ക് തുടര്ഭരണം നല്കിയിരുന്നെങ്കില് വിഴിഞ്ഞം തുറമുഖ പദ്ധതിയുള്പ്പെടെ നിരവധി മെഗാപദ്ധതികള്കൂടി അദ്ദേഹം പൂര്ത്തിയാക്കുമായിരുന്നെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗം ശശി തരൂര് എംപി.
വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ഉമ്മന് ചാണ്ടിക്ക് അവിടെ സ്മാരകം ഉണ്ടാക്കണമെന്ന് അദ്ദേഹം നിര്ദേശിച്ചു.
ഉമ്മന് ചാണ്ടിയെ ഓര്ക്കാന് കേരളത്തില് എവിടെയും സ്മാരകങ്ങളുണ്ടെന്ന് മന്ത്രി പിസി വിഷ്ണുനാഥ്. വിഴിഞ്ഞത്ത് തുറമുഖവും കണ്ണൂരില് വിമാനത്താവളവും കൊച്ചിയില് മെട്രോ റെയിലുമുണ്ട്. തിരുവനന്തപുരത്ത് ഉമ്മന് ചാണ്ടി ആഗ്രഹിച്ചതുപോലെ രണ്ടാം മെഡിക്കല് കോളജ് തുടങ്ങുകയാണ്. യുഡിഎഫ് വാഗ്ദാനം ചെയ്ത അഞ്ചു ഗ്യാരന്റികളിലൊന്നാണ് ഉമ്മന് ചാണ്ടി ആരോഗ്യ ഇന്ഷ്വറന്സ് പദ്ധതി. ആള്ക്കൂട്ടത്തില് ആനുകൂല്യങ്ങള് വിതരണം ചെയ്യുക മാത്രമല്ല ഉമ്മന് ചാണ്ടി ചെയ്തത്, കേരളത്തെ മുന്നോട്ടു നയിക്കുന്ന ഒരു പിടി വന്കിട പദ്ധതികള് കൂടി അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് വിഷ്ണുനാഥ് അനുസ്മരിച്ചു.
മന്ത്രി എം ലിജു, യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ്, കോണ്ഗ്രസ് വര്ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില് എംപി, ഡോ ജോര്ജ് ഓണക്കൂര്, എംജി ശശി ഭൂഷണ്, ഓമനക്കുട്ടി ടീച്ചര്, കാട്ടൂര് നാരായണപിള്ള, കെപി ശങ്കരന്കുട്ടി നായര്, കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്,സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിന്കര സനല് തുടങ്ങിയവര് പ്രസംഗിച്ചു.
രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ പന്തളം സുധാകരൻ, VS ശിവകുമാർ ,കെ.പി.സി.സി. ഭാരവാഹികളായ എം.വിൻസെന്റ് MLA , N ശക്തൻ MLA,പാലോട് രവി ,ശരത് ചന്ദ്രപ്രസാദ്, M.A. വാഹിദ്, മണക്കാട് സുരേഷ്, ആർ . ലക്ഷ്മി, K S. ശബരിനാഥൻ,ദളിത് കോൺഗ്രസ് പ്രസിഡന്റ് A.K. ശശി,
കൊറ്റാമം വിമൽ കുമാർ ,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ നേമം ഷജീർ,
മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഗായത്രി വി.നായർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR