ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ ജപ്പാന്റെ മുൻ മന്ത്രിയുടെ വിമർശനം തള്ളി ഇന്ത്യ; പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായി വിദേശകാര്യ മന്ത്രാലയം
Newdelhi , 18 ജൂലൈ (H.S.) ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിൽ ഇന്ത്യൻ ഭാഗത്തുനിന്നാണ് വീഴ്ചകളുണ്ടാകുന്നത് എന്ന ജപ്പാന്റെ മുൻ നീതിന്യായ മന്ത്രി ഹിഡേകി മകിഹാരയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഈ വിമർശനങ്ങൾ ഒരു വ്യക്തിയുടെ മാത്ര
ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ ജപ്പാന്റെ മുൻ മന്ത്രിയുടെ വിമർശനം തള്ളി ഇന്ത്യ; പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായി വിദേശകാര്യ മന്ത്രാലയം


Newdelhi , 18 ജൂലൈ (H.S.)

ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിൽ ഇന്ത്യൻ ഭാഗത്തുനിന്നാണ് വീഴ്ചകളുണ്ടാകുന്നത് എന്ന ജപ്പാന്റെ മുൻ നീതിന്യായ മന്ത്രി ഹിഡേകി മകിഹാരയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഈ വിമർശനങ്ങൾ ഒരു വ്യക്തിയുടെ മാത്രമായ അഭിപ്രായമാണെന്നും നിലവിലെ യാഥാർത്ഥ്യങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചർച്ചകളും പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ചർച്ചകൾക്കിടയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും സ്വന്തം താല്പര്യങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകിയതെന്നും ആരോപിച്ച് ഹിഡേകി മകിഹാര കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ഈ പ്രധാന പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാകാൻ കാരണം പൂർണ്ണമായും ഇന്ത്യൻ ഭാഗത്തെ വീഴ്ചകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ടോക്കിയോ ആസ്ഥാനമായുള്ള ഒരു ബിസിനസ്സ് പോർട്ടലിൽ ജാപ്പനീസ് റെയിൽവേ എഞ്ചിനീയർ എഴുതിയ ലേഖനത്തിന് മറുപടിയായാണ് മുൻ മന്ത്രി ഈ വിമർശനം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ജപ്പാൻ ഇ20 (E20) ട്രെയിൻ സീരീസുകൾ ലഭ്യമാക്കുമെന്നും എന്നാൽ ഈ ട്രെയിനുകൾ ഇപ്പോൾ വികസന ഘട്ടത്തിലായതിനാൽ 2030-കളുടെ തുടക്കത്തിൽ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിവേഗത്തിലാണ് മുന്നേറുന്നത്. ഇതിനോടകം തന്നെ നിർണ്ണായകമായ പല നാഴികക്കല്ലുകളും നിർമ്മാണത്തിൽ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ആദ്യ സെക്ഷൻ 2027-ൽ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ഗുജറാത്തിലെ സൂററ്റ് - ബിലിമോറ സെക്ഷൻ ആയിരിക്കും ഇതിൽ ആദ്യമായി പ്രവർത്തനസജ്ജമാകുക എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

ആദ്യ ഘട്ടങ്ങളിൽ മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങളും രാഷ്ട്രീയ മാറ്റങ്ങളും കാരണം നിർമ്മാണത്തിൽ ചില കാലതാമസങ്ങൾ നേരിട്ടിരുന്നു. എന്നാൽ നിലവിൽ 508 കിലോമീറ്റർ നീളമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിയുടെ വയാഡക്റ്റുകൾ, ടണലുകൾ, സ്റ്റേഷനുകൾ എന്നിവയുടെ പണികൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

---------------

Hindusthan Samachar / Roshith K


Latest News