സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; നാല് വടക്കന് ജില്ലകളില് യെല്ലോ അലര്ട്ട്
Thiruvanathapuram, 18 ജൂലൈ (H.S.) വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വി
Rain


Thiruvanathapuram, 18 ജൂലൈ (H.S.)

വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ മഴയുടെ തോത് കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലൊന്നും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതേസമയം, തീരദേശ മേഖലകളില്‍ നിലവില്‍ പ്രത്യേക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം. ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജനലുകളും വാതിലുകളും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനം ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കേണ്ടതാണ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാകണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. താലൂക്ക് തലത്തിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റവന്യു, പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്ക് പൂര്‍ണ സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഗതാഗത തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കരുതലുകള്‍ എടുക്കണം. മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകള്‍ തകരാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News