മന്നം സമാധിയില് ആര്ക്കും പ്രവേശനം നിഷേധിച്ചിട്ടില്ല; സുരേഷ്ഗോപിക്ക് മറുപടിയുമായി സുകുമാരന്നായര്
Kottayam, 18 ജൂലൈ (H.S.) എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ല എന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. സുരേഷ് ഗോപിക്ക് മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിച്ചില്ല എന്നു പറയുന്നത്
G.Sukumaran Nair


Kottayam, 18 ജൂലൈ (H.S.)

എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ല എന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. സുരേഷ് ഗോപിക്ക് മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിച്ചില്ല എന്നു പറയുന്നത് ശരിയല്ല. അദ്ദേഹം എന്‍.എസ്.എസ്സിന്റെ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന ദിവസമാണ് പെരുന്നയിലെത്തിയത്. അപ്പോഴേക്കും പതിവുപോലെ അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടയടച്ച് ഹാളില്‍ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം എത്തിയതും പുഷ്പാര്‍ച്ചന നടത്തണം എന്ന് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടതും.

സെക്യൂരിറ്റിജീവനക്കാരന്‍ ഫോണില്‍ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ടു. പതിവില്ലാത്ത കാര്യമാണെങ്കിലും നട തുറന്നുകൊടുക്കുവാന്‍ ജനറല്‍ സെക്രട്ടറി അനുവദിച്ചു. സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തിയശേഷം ബഡ്ജറ്റ് സമ്മേളനഹാളിലേക്ക് കടന്നുവരുകയാണ് പിന്നീട് ചെയ്തത്. ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന ജനറല്‍ സെക്രട്ടറിയുടെ മുമ്പില്‍ അദ്ദേഹം വന്നു നിന്നപ്പോള്‍ 'ഇത് ശരിയായില്ല' എന്നുള്ള മറുപടിയാണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഏതു സംഘടനയുടെയായാലും ഇത്തരം സമ്മേളനങ്ങളില്‍ മെമ്പര്‍ അല്ലാത്ത ആളുകള്‍ കടന്നുവരുന്നത് ശരിയല്ല. ഉടന്‍തന്നെ സുരേഷ്ഗോപി ഹാളില്‍ നിന്നും ഇറങ്ങി, ഗേറ്റില്‍ എത്തി ചാനലുകാരോട് സംസാരിച്ച പ്പോള്‍ 'അനുവാദം ഇല്ലാതെ സമ്മേളനം നടക്കുന്നിടത്ത് കയറിച്ചെന്നത് തെറ്റായിപ്പോയി, എന്റെ ഭാഗത്താണ് തെറ്റ്' എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതില്‍നിന്നും മനസിലാക്കേണ്ടത് സുരേഷ്‌ഗോപി മന്നം സമാധി യില്‍ പുഷ്പാര്‍ച്ചന നടത്തിയെന്നല്ലേ? പുഷ്പാര്‍ച്ചന അനുവദിച്ചില്ല എന്ന പ്രചാരണം വസ്താവിരുദ്ധമാണ്. ആ സംഭവത്തിനുശേഷം സുരേഷ് ഗോപി പലതവണ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചിട്ടുള്ളതുമാണ്.

മറ്റൊരവസരത്തില്‍ ശ്രീ. സി.വി. ആനന്ദബോസ് എന്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിച്ചു. അദ്ദേഹത്തെ സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ഗസ്റ്റ് ഹൗസില്‍ അദ്ദേഹവുമായി കുശലപ്രശ്നം നടത്തി. ചായ സല്‍ക്കാരത്തിനു ശേഷം അദ്ദേഹത്തെ കാറിനടുത്തുവരെ അനുഗമിച്ച് യാത്രയയച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം ആരോടും ആവശ്യപ്പെട്ടില്ല. ആവശ്യപ്പെടാതെ, ഒരു ഗവര്‍ണര്‍ എന്ന നിലയില്‍, അദ്ദേഹത്തോട് പുഷ്പാര്‍ച്ചന നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നത് ശരിയല്ലല്ലോ. അദ്ദേഹത്തിന് പുഷ്പാര്‍ച്ചന നിഷേധിച്ചു എന്നുള്ള പരാതിക്ക് എന്തു പ്രസക്തിയാണുള്ളത്?

ഇപ്പോള്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന ശ്രീ. സി.പി. രാധാകൃഷ്ണന്‍ ആ സ്ഥാന ലബ്ധിക്ക് തൊട്ടുമുമ്പ്, മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരിക്കെ, എന്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായി. ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ ബൊക്കെ നല്കി സ്വീകരിച്ച് ഗസ്റ്റ് ഹൗസിലേക്ക് ആനയിച്ചു. അര മണിക്കൂറോളം സര്‍വീസ് സൊസൈറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം പങ്കുവച്ചു. ചായസല്‍ക്കാരത്തിനു ശേഷം കാറില്‍ കയറുന്നതുവരെ ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ അനുഗമിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടില്ല. പുഷ്പാര്‍ച്ചന ചെയ്തിട്ടുപോകണം എന്ന് അങ്ങോട്ടു പറയുന്നത് ഔചിത്യമാണോ? പിന്നീട് ഒരുദിവസം ശ്രീ. സി.പി. രാധാകൃഷ്ണന്‍ ചങ്ങനാശ്ശേരിയിലുള്ള എസ്.ബി. കോളേജിലെ ഒരു പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ ഹെലികോപ്ടറില്‍ എത്തി എന്‍.എസ്.എ സ്. കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങി പരിപാടിയില്‍ പങ്കെടുക്കാനും തിരിച്ചുപോകുവാനും ഉള്ള അനുവാദം ആവശ്യപ്പെട്ടത് പൊലീസ് അധികാരികള്‍ മുഖാന്തിരമാണ്. അതിന് അനുവാദം നല്കുകയും ചെയ്തു.

എസ്.പി.ജി. യുടെ മേല്‍നോട്ടത്തില്‍ രണ്ടുമൂന്നു ദിവസം സുരക്ഷാനടപടികള്‍ അവര്‍ സ്വീകരിച്ചു വന്നു. പരിപാടിയുടെ തലേ ദിവസം വൈകിട്ട് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജനറല്‍ സെക്രട്ടറിയെ വിളിച്ച് അദ്ദേഹം മന്നംസമാധി യില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ആഗ്രഹിക്കുന്നു എന്നും അതിന് അനുവാദം കൊടുക്കണമെന്നും അറിയിച്ചു. മന്നംസമാധി ക്ഷേത്രതുല്യമായി സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പരിപാവനമായ സ്ഥലം ആണെന്നും അവിടെ എസ്.പി.ജി.യുടെ പ്രോട്ടോകോള്‍ അനുസരിച്ച് ഡോഗ് സ്‌ക്വാഡ് തുടങ്ങിയുള്ള പരിശോധനകള്‍ അനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉള്ള മറുപടിയാണ് ഇവിടെനിന്നും നല്‍കിയത്. എസ്.പി.ജി.യുടെ അത്തരമുള്ള പരിശോധനകള്‍ ഒഴിവാക്കാം എന്നു പറയാന്‍ അവര്‍ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് അങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നത്. മുന്‍കാലത്തെ അനുഭവമാണ് അതിന് ഇടയാക്കിയതും.

യാഥാര്‍ത്ഥ്യം ഇങ്ങനെയാണെന്നിരിക്കെ, മൂവര്‍ക്കും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചു എന്ന പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നുവേണം കരുതുവാന്‍. മന്നം സമാധിയില്‍ ദര്‍ശനം നടത്താനും പുഷ്പാര്‍ച്ചന നടത്തുവാനും മുന്‍കൂട്ടി അറിയിച്ചശേഷം എത്തുന്ന ആരെയും നിഷേധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. കൂടാതെ മന്നംജയന്തി, മന്നം സമാധി ദിനങ്ങളില്‍ മുഴുവന്‍ സമയവും മറ്റുദിവസങ്ങളില്‍ വൈകുന്നേരവും എല്ലാവര്‍ക്കും പുഷ്പാര്‍ച്ചന അനുവദിച്ചിട്ടുള്ളതുമാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News