Enter your Email Address to subscribe to our newsletters

Kozhikode, 18 ജൂലൈ (H.S.)
കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം'. വിഷയത്തിൽ സർക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും നിലവിലെ ഭരണകൂടത്തിന്റെ നിലപാടുകൾ വലിയ രീതിയിലുള്ള അമ്പരപ്പും ആശങ്കയും ഉണ്ടാക്കുന്നതാണെന്നും പത്രത്തിന്റെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സമർപ്പിച്ച ഹർജിയെ കോടതിയിൽ സർക്കാർ അനുകൂലിച്ചതാണ് കടുത്ത അതൃപ്തിക്ക് കാരണമായത്. ഒരു ബിജെപി നേതാവ് നൽകിയ ഹർജിയെ കോടതിയിൽ അഡ്വക്കറ്റ് ജനറൽ വഴി സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് എഡിറ്റോറിയൽ പരസ്യമായി ചോദ്യം ചെയ്യുന്നു. അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ആവർത്തിച്ചു പറയുന്ന ഒരു സർക്കാർ, മറുവിഭാഗത്തിന്റെ അജണ്ടകൾക്ക് തുണയാകുന്ന വിധത്തിൽ കോടതിയിൽ നിലപാട് സ്വീകരിച്ചതിൽ വലിയ നിഗൂഢതയുണ്ടെന്നാണ് പത്രം ചൂണ്ടിക്കാണിക്കുന്നത്.
കോടതിയിലെ നിലപാടും ആശങ്കയും
ഹർജി പരിഗണിക്കുന്ന വേളയിൽ ബിജെപി നേതാവിന്റെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ യോജിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, സംശയമേതുമില്ലാതെ പൂർണ്ണമായി പിന്തുണയ്ക്കുന്നു എന്ന നിലപാടാണ് അഡ്വക്കറ്റ് ജനറൽ സ്വീകരിച്ചത്. വഖഫ് ബോർഡിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും അട്ടിമറിക്കാൻ സാധ്യതയുള്ള ഇത്തരം നീക്കങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് സുപ്രഭാതം വ്യക്തമാക്കുന്നു.
കൂടാതെ, വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജികളെക്കുറിച്ചും അതിലെ നിയമപരമായ വസ്തുതകളെക്കുറിച്ചും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ തയ്യാറായില്ല എന്ന ഗുരുതരമായ ആക്ഷേപവും എഡിറ്റോറിയൽ ഉന്നയിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താതെ ഏകപക്ഷീയമായി ഹർജിക്കാർക്ക് അനുകൂലമായ നിലപാടെടുത്തത് ദുരൂഹമാണ്.
സർക്കാരിന്റേത് ഇരട്ടത്താപ്പ്
തങ്ങൾ നൽകുന്ന വാക്കുകൾ പാവനമാണെന്നും അത് എപ്പോഴും പാലിക്കാനുള്ളതാണെന്നും ജനങ്ങൾക്ക് മുന്നിൽ വീമ്പ് പറയുന്ന സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഈ വിഷയത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വഖഫ് സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിലൂടെ കുറ്റപ്പെടുത്തി. 'സാങ്കേതിക നടപടിക്രമം' എന്ന പേരിൽ സർക്കാർ തങ്ങളുടെ വീഴ്ചകളെ ന്യായീകരിക്കാനാണ് ഇനിയും ശ്രമിക്കുന്നതെങ്കിൽ, സർക്കാരിനൊപ്പം നിൽക്കുന്ന മതേതര മനസ്സുകൾ ഭരണകൂടത്തിൽ നിന്ന് കൂടുതൽ അകന്നുപോകുന്ന കാലം വിദൂരമല്ലെന്ന ശക്തമായ മുന്നറിയിപ്പും സമസ്ത മുഖപത്രം നൽകുന്നുണ്ട്.
വഖഫ് ബോർഡിന്റെ സ്വയംഭരണാധികാരത്തിലും അവകാശങ്ങളിലും കൈകടത്താനുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വിഷയത്തിൽ സർക്കാരിനെതിരെ നേരിട്ടുള്ള വിമർശനവുമായി സമസ്ത രംഗത്തെത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K