Enter your Email Address to subscribe to our newsletters

New delhi, 18 ജൂലൈ (H.S.)
പരീക്ഷ ക്രമക്കേടുകള്‍ ആവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്ന് രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നിരാഹാരസമരം ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് നീക്കി ഡല്‍ഹി പോലീസ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കാണ് മാറ്റിയത്. സമര വേദി തുണി കൊണ്ട് മറച്ച് ശേഷം ബലം പ്രയോഗിച്ചാണ് പോലീസ് നടപടി പൂര്‍ത്തിയാക്കിയത്.
നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പ്രധാന്റെ രാജി ആവശ്യപ്പെട്ട് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം ഇന്നേക്ക് 21-ാം ദിവസത്തിലേക്ക് കടന്നിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. പുലര്‍ച്ചെയാണ് പോലീസ് നിരാഹാര സമരവേദിയിലെത്തിയത്.
'ജൂലൈ 20-ലെ പാര്‍ലമെന്റ് മാര്‍ച്ചിനായി ഏതുവിധേനയും ഞാന്‍ ജീവനോടെയിരിക്കും' എന്ന് കഴിഞ്ഞ ദിവസം വാങ്ചുക്ക് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്ന പശ്ചാത്തലത്തില്‍, ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്റെയും മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ജന്തര്‍മന്തറില്‍നിന്ന് സമാധാനപൂര്‍ണമായി പിരിഞ്ഞുപോകണമെന്ന് സമരക്കാരോട് പോലീസ് അഭ്യര്‍ഥിക്കുകയും ചെയ്തു.
അതേസമയം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നെന്നും ജന്തര്‍ മന്തറിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുകയാണെന്നും ആരോപണം ഉന്നയിച്ച് കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ രംഗത്തെത്തി. നിരാഹാര വേദിയിലുണ്ടായിരുന്ന താന്‍ ഉള്‍പ്പെടെയുള്ള ആളുകളെ ഡല്‍ഹി പോലീസ് മര്‍ദിച്ചെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ നിരഹാര സമരം തുടങ്ങുന്നതായും അഭിജിത് പ്രഖ്യാപിച്ചു.
തന്റെ അനുമതിയില്ലാതെ വാങ്ചുക്കിന് യാതൊരുവിധ ചികിത്സയും നല്‍കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ ആവശ്യപ്പെട്ടു. 'അദ്ദേഹം ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ്. എന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന് യാതൊരുവിധ മരുന്നുകളും നല്‍കരുതെന്ന് ഞാന്‍ വിലക്കിയിട്ടുണ്ട്. എന്റെയും എന്റെ ഡോക്ടറുടെയും അനുവാദമില്ലാതെ ഒരു ചികിത്സയും ആരംഭിക്കരുത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായ എല്ലാവരെയും ഞാന്‍ പ്രതിക്കൂട്ടിലാക്കും,' ഗീതാഞ്ജലി പറഞ്ഞു.
വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ പൊലീസ് നടപടിയെ അവര്‍ ചോദ്യം ചെയ്തു. വെള്ളിയാഴ്ച അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്ന് ഗീതാഞ്ജലി അവകാശപ്പെട്ടു. 'ഇന്നലെ അദ്ദേഹം സുഖമായിരിക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത് എന്റെ അവകാശമാണ്. എന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S