Enter your Email Address to subscribe to our newsletters

Newdelhi, 18 ജൂലൈ (H.S.)
ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്ദറിൽ നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ശനിയാഴ്ച ഡൽഹി പോലീസ് ആശുപത്രിയിലേക്ക് മാറ്റി. അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 21-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്നാണ് നടപടി. വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശവും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പോലീസ് വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ ജന്തർ മന്ദറിലെ സമരപ്പന്തലിൽ ഉണ്ടായിരുന്ന മറ്റ് പ്രതിഷേധക്കാരെയും പോലീസ് അവിടെ നിന്ന് ഒഴിപ്പിച്ചു.
നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായാണ് വാങ്ചുക് 21 ദിവസമായി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ തന്റെ ശരീരഭാരത്തിന്റെ 20 ശതമാനത്തോളം കുറഞ്ഞതായും ആരോഗ്യം വഷളായാലും സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉള്ളി വിലക്കയറ്റത്തിന്റെ പേരിൽ പോലും മുൻപ് ഇന്ത്യയിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും, ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകർത്ത ഈ വിഷയത്തിൽ യുവജനങ്ങളുടെ ശബ്ദം കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെ വൻ പോലീസ് സന്നാഹത്തോടെയാണ് അധികൃതർ സമരപ്പന്തലിൽ എത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാങ്ചുകിന് ആവശ്യമായ അടിയന്തര മെഡിക്കൽ പരിചരണം ഉറപ്പാക്കാനാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് ഡൽഹി പോലീസ് അറിയിച്ചു. വാങ്ചുകിനെ മാറ്റുന്നതിനിടെ പ്രതിഷേധക്കാർ പോലീസിനെ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. എന്നാൽ പോലീസ് പരമാവധി ആത്മസംയമനം പാലിച്ചാണ് നീക്കങ്ങൾ നടത്തിയതെന്നും ലാത്തിച്ചാർജ് ഉണ്ടായിട്ടില്ലെന്നും ന്യൂഡൽഹി ഡി.സി.പി സച്ചിൻ ശർമ്മ വ്യക്തമാക്കി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള വാങ്ചുകിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാർ വലിയ തോതിൽ ആശുപത്രിയിലേക്ക് എത്തുന്നത് തടയാൻ വേണ്ടിയാണ് സാധാരണയായി കൊണ്ടുപോകാറുള്ള ആർ.എം.എൽ ആശുപത്രിക്ക് പകരം എട്ട് കിലോമീറ്റർ അകലെയുള്ള സഫ്ദർജംഗ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയതെന്നാണ് വിവരം.
അതേസമയം വാങ്ചുകിനെ മാറ്റിയതിന് പിന്നാലെ ജന്തർ മന്ദറിൽ നിന്ന് പ്രതിഷേധക്കാരെ പൂർണ്ണമായി ഒഴിപ്പിക്കാൻ പോലീസ് നോട്ടീസ് നൽകി. എന്നാൽ സോനം വാങ്ചുകിനെ മാറ്റിയതുകൊണ്ട് സമരം അവസാനിക്കില്ലെന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്കെ വ്യക്തമാക്കി. ജൂലൈ 20-ന് പാർലമെന്റിലേക്ക് ശക്തമായ മാർച്ച് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ പ്രധാനമന്ത്രിയുടെ രാജി കൂടി ഇനി തങ്ങൾ ആവശ്യപ്പെടുമെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K