Enter your Email Address to subscribe to our newsletters

New delhi, 18 ജൂലൈ (H.S.)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ തുടരുന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. നിരാഹാര സമരം നടത്തുന്ന കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പ്രതിഷേധ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്ത്. ഡല്‍ഹി പൊലീസ് മര്‍ദിക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആരോപിച്ചു.
ദിപ്‌കെ എക്സിലൂടെ പങ്കുവെച്ച പ്രതികരണത്തില്‍, ജന്തര്‍ മന്തറില്‍ പൊലീസ് അതിക്രമിച്ച് കയറി പ്രതിഷേധക്കാരെ മര്‍ദിക്കുകയും സോനം വാങ്ചുക്കിനെ ബലമായി കൊണ്ടുപോകുകയും ചെയ്തുവെന്നാണ് . തന്നെ മര്‍ദിച്ച് തടങ്കലിലാക്കിയെന്നും പിന്നീട് വിട്ടയച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. മോചിതനായ ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ശക്തതമായ ലാത്തിച്ചാര്‍ജ് നടത്തിയതായും ദിപ്‌കെ ആരോപിച്ചു.
സംഭവത്തിന് മുമ്പ് ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ ആക്രമിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തിന് നേരെ ഒരു വസ്തു എറിഞ്ഞുവെന്നും ദിപ്‌കെ ആരോപിച്ചു. എന്നാല്‍ വാങ്ചുക്കിന് പരിക്കേറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തകര്‍ക്കാന്‍ ആളുകളെ അയയ്ക്കുമെന്ന വിവരം പൊലീസിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ദിപ്‌കെ അവകാശപ്പെട്ടു.
സോനം വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. സമാധാനപരമായ പ്രതിഷേധം തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിഷേധം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അതിലൂടെ പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ദിപ്‌കെ ആരോപിച്ചു .
ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശവും ആരോഗ്യവിദഗ്ധരുടെ ഉപദേശവും പരിഗണിച്ചാണ് സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ചികിത്സയ്ക്കായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും, അദ്ദേഹം ബോധവാനായിരിക്കുകയാണെന്നും ആരോഗ്യ നില സ്ഥിരതയിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി ഡിസിപി സച്ചിന്‍ ശര്‍മ്മയുടെ വിശദീകരണപ്രകാരം പ്രതിഷേധക്കാരെ മാറ്റുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ പൊലീസ് പരമാവധി സംയമനം പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും ലാത്തിച്ചാര്‍ജോ ബലപ്രയോഗമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 20 മുതല്‍ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, പരീക്ഷാ ക്രമക്കേടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പരീക്ഷാ സംവിധാനത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. സംഭവത്തെ തുടര്‍ന്ന് ജന്തര്‍ മന്തറില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S