Enter your Email Address to subscribe to our newsletters

Kottayam, 18 ജൂലൈ (H.S.)
വഖഫ് ഭൂമി പ്രശ്‌നങ്ങളില്‍ എല്ലാവരേയും തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അഡ്വ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വസ്തുതകള്‍ മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇരുവരും കള്ളപ്രചാരണം നടത്തുകയാണ്.
മുസ്ലിം ഇതര അംഗങ്ങളെ താന്‍ നിയമിച്ചിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമാണ്. പിണറായി സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഗസറ്റില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മുസ്ലിം ഇതര അംഗങ്ങളെ പിന്നീട് നിയമിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വഖഫ് നിയമത്തിലെ സെക്ഷന്‍ 14-ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞതെന്ന മുസ്ലിം ലീഗിന്റെ വാദവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വഖഫ് നിയമത്തിലെ സെക്ഷന്‍ 14 വ്യക്തമാക്കുന്നത് വഖഫ് ബോര്‍ഡിലെ അംഗങ്ങളെ എങ്ങനെ നിയമിക്കണമെന്നതാണ്. അതിനാല്‍ മുഖ്യമന്ത്രിയുടെയും മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ വിശദീകരണങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണ്.
മുസ്ലിം ലീഗിനോട് ഒന്നേ പറയാനുള്ളൂ. രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണം. മുസ്ലിം ലീഗും അതിന് ബാധ്യസ്ഥരാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന കാര്യം മുസ്ലിം ലീഗ് മറക്കരുത്. പാര്‍ലമെന്റ് പാസാക്കിയ നിയമം കേരളത്തിലും ബാധകമാണ്.
മുസ്ലിം ലീഗും സിപിഎമ്മും ചേര്‍ന്ന് ബിജെപി മുസ്ലിം സമൂഹത്തിനെതിരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ സംഘടിതമായ ശ്രമമാണ് നടത്തുന്നത്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് അവരുടെ ശ്രമം.
''അമ്പല കമ്മിറ്റിയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തുമോ?'' എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട്. ക്ഷേത്ര കമ്മിറ്റിയോ മഹല്ല് കമ്മിറ്റിയോ അതത് മതസമുദായത്തിന്റെ മാത്രം സ്വത്തുക്കളും ആഭ്യന്തര കാര്യങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ട് അവയെ വഖഫ് ബോര്‍ഡുമായി താരതമ്യം ചെയ്യുന്നത് നിയമപരമായും വസ്തുതാപരമായും തെറ്റാണ്.
വഖഫ് ബോര്‍ഡ് അങ്ങനെയല്ല. വഖഫ് ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള നിരവധി കേസുകള്‍ ഇതര മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കളെയും അവകാശവാദങ്ങളെയും സംബന്ധിച്ചുള്ളവയാണ്. അതുകൊണ്ടാണ് നിയമം ബോര്‍ഡിന്റെ ഘടനയില്‍ മുസ്ലിം ഇതര അംഗങ്ങളുടെ സാന്നിധ്യവും ഉറപ്പാക്കുന്നത്. മഹല്ല് കമ്മിറ്റിയില്‍ മറ്റു മതസ്ഥരെ ഉള്‍പ്പെടുത്തണമെന്ന വാദം ആരും ഉന്നയിക്കുന്നില്ല. കാരണം അത് അതത് സമുദായത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനമാണ്. എന്നാല്‍ വഖഫ് ബോര്‍ഡിനെ അതുമായി താരതമ്യം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ബോധപൂര്‍വമായ രാഷ്ട്രീയ പ്രചാരണം മാത്രമാണ്.
അറുപത് വര്‍ഷത്തിലേറെ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് മുസ്ലിം സമൂഹത്തിന്റെ യഥാര്‍ഥ ക്ഷേമത്തിനായി ചെയ്യാന്‍ കഴിയാതിരുന്ന നിരവധി കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകള്‍ക്ക് കൂടുതല്‍ അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. അത് മുസ്ലിം സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായുള്ള ചരിത്രപരമായ തീരുമാനമായിരുന്നു.
പൗരത്വ ഭേദഗതി നിയമം (CAA) കൊണ്ടുവന്നപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നിയമമാണെന്ന തരത്തില്‍ വ്യാപകമായ കള്ളപ്രചാരണമാണ് നടത്തിയത്. എന്നാല്‍ കാലം ആ പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് തെളിയിച്ചു. ഇന്നുവരെ ഇന്ത്യയിലെ ഒരു മുസ്ലിം പൗരനും സി.എ.എയുടെ പേരില്‍ രാജ്യം വിട്ടുപോകേണ്ടി വന്നിട്ടില്ല.
വഖഫ് നിയമഭേദഗതിയുടെ കാര്യത്തിലും അതേ രീതിയിലുള്ള തെറ്റായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര നിയമങ്ങളെ വസ്തുതകള്‍ക്ക് വിരുദ്ധമായി വ്യാഖ്യാനിച്ച് ജനങ്ങളില്‍ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. എന്നാല്‍, സി.എ.എയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ, ഈ പ്രചാരണങ്ങളും വസ്തുതകള്‍ക്ക് മുന്നില്‍ തകര്‍ന്നുവീഴും. സത്യവും യാഥാര്‍ഥ്യവും ഒടുവില്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S