Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂലൈ (H.S.)
ഡി.വൈ.എഫ്.ഐയുടെ 'ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണ പദ്ധതിക്കെതിരെ രംഗത്തെത്തിയ കെ. മുരളീധരൻ എം.പിക്കെതിരെ ശക്തമായ ഭാഷയില് പ്രതികരിച്ച് എ.എ. റഹീം എം.പി. “വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ” എന്ന ടാഗ്ലൈനോടെ നടത്തുന്ന ഈ മാനുഷിക പ്രവർത്തനത്തെ എതിർക്കുന്നവർ തങ്ങളുടെ മാനസിക നില പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പൊതിച്ചോർ വിതരണം കേവലം ഒരു രാഷ്ട്രീയ പ്രവർത്തനമല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ സാമൂഹിക ബോധത്തിന്റെ അടയാളമാണ്. കെ. കരുണാകരന്റെ ചിത്രം വെച്ചിട്ടുള്ള വീടുകളില് നിന്നും ബി.ജെ.പിക്കാരുടെ വീടുകളില് നിന്നും ഈ പദ്ധതിയിലേക്ക് പൊതിച്ചോറുകള് ലഭിക്കുന്നുണ്ടെന്ന് റഹീം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിന് അതീതമായി, ഒരിക്കല് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മനുഷ്യർക്ക് വേണ്ടിയാണ് അമ്മമാർ പ്രാർത്ഥനയോടെ ഈ ഭക്ഷണം കെട്ടിക്കൊടുക്കുന്നത്.
കേരളത്തിന്റെ ആരോഗ്യമേഖല ലോകശ്രദ്ധ നേടാൻ കാരണം പൊതുജന പങ്കാളിത്തവും സന്നദ്ധ സംഘടനകളുടെ നിസ്വാർത്ഥമായ ഇടപെടലുകളുമാണ്. പാലിയേറ്റീവ് കെയർ, മരുന്ന് വിതരണം, ഭക്ഷണവിതരണം തുടങ്ങിയ പ്രവർത്തനങ്ങളെ ഒറ്റ പ്രസ്താവനയിലൂടെ റദ്ദാക്കാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില് ഭക്ഷണത്തിന്റെ പേരില് വിവേചനങ്ങളും പ്രൊപ്പഗണ്ടകളും നടക്കുമ്പോള്, ജാതിമത ചിന്തകള്ക്ക് അതീതമായി സ്നേഹം പങ്കിടുന്ന കേരളത്തിന്റെ രീതി മുരളീധരൻ പഠിച്ച രാഷ്ട്രീയ സ്കൂളില് ഉണ്ടാകില്ലെന്ന് റഹീം പരിഹസിച്ചു. ഗവണ്മെന്റിന്റെ കമ്മ്യൂണിറ്റി കിച്ചണ് പദ്ധതിയുമായി ഇതിന് ബന്ധമില്ലെന്നും, സർക്കാർ ആശുപത്രികളില് ഭക്ഷണം നല്കുന്നുണ്ടെങ്കിലും ഡിവൈഎഫ്ഐ ഈ പ്രവർത്തനം ഏറ്റെടുത്തത് വിശക്കുന്ന മനുഷ്യരെ സഹായിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. മുരളീധരന്റെ ഉറക്കം കെടുത്തുന്നത് ഡി.വൈ.എഫ്.ഐയുടെ കൊടിയാണെന്നും എന്നാല് ഭക്ഷണം നല്കുന്നവർക്കും കഴിക്കുന്നവർക്കും അത് വിശപ്പ് മാത്രമാണെന്നും റഹീം പറഞ്ഞു. പാവപ്പെട്ടവന്റെ ചോറില് മണ്ണുവാരി ഇടരുത് എന്ന് മുന്നറിയിപ്പ് നല്കിയ അദ്ദേഹം, ഡി.വൈ.എഫ്.ഐ അഭിമാനത്തോടെ ഈ പൊതിച്ചോർ വിതരണം തുടരുമെന്നും പ്രഖ്യാപിച്ചു.
ഡി.വൈ.എഫ്.ഐയുടെ ആംബുലൻസുകള് ആശുപത്രികളില് സർവീസ് നടത്തുന്നുണ്ട്. ഈ കൊടിയോടുള്ള എതിർപ്പ് കാരണം നാളെ മുതല് ഡി.വൈ.എഫ്.ഐ എന്നെഴുതിയ ആംബുലൻസുകള് ആശുപത്രികളില് കയറരുതെന്ന് പറയുമോ എന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യാപകമായി രക്തദാനം നടത്തുന്നുണ്ട്. നാളെ ഡി.വൈ.എഫ്.ഐക്കാരന്റെ രക്തം സ്വീകരിക്കരുത് എന്ന് ഇവർ പറയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അധികാരത്തിന്റെ അന്ധത ബാധിച്ചാണ് ഇത്തരം പ്രസ്താവനകള് നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR