ആലപ്പുഴ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് മന്ത്രി
Alappuzha , 19 ജൂലൈ (H.S.) ആലപ്പുഴ ഗവ. ടി. ഡി. മെഡിക്കൽ കോളേജ് ആശുപത്രി നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരവുമായി സർക്കാർ. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്നും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേക കര്മ്മസേന
K Muraleedharan


Alappuzha , 19 ജൂലൈ (H.S.)

ആലപ്പുഴ ഗവ. ടി. ഡി. മെഡിക്കൽ കോളേജ് ആശുപത്രി നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരവുമായി സർക്കാർ. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്നും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേക കര്മ്മസേന രൂപീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മെഡിക്കൽ കോളേജിൻ്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്മ്മസേനയുടെ ചുമതല ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് (DME) നൽകിയിട്ടുണ്ട്. ഡിഎംഇ എല്ലാ മാസവും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിന് പുറമെ ആറുമാസത്തിലൊരിക്കൽ ആരോഗ്യമന്ത്രി നേരിട്ടെത്തി പുരോഗതി പരിശോധിക്കും.

കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സുതാര്യമാക്കുന്നതിനും രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു:

- വിടുതൽ പകരം ആൾ വന്ന ശേഷം മാത്രം: സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് പകരം ആളുകൾ ചുമതലയേറ്റതിനു ശേഷം മാത്രമേ വിടുതൽ ചെയ്യുകയുള്ളൂ. വർക്കിംഗ് അറേഞ്ച്മെൻ്റ് രീതി പൂർണ്ണമായി നിർത്തലാക്കും.

-

- ലാബ് ടെസ്റ്റുകൾ ഉള്ളിൽത്തന്നെ: എല്ലാ പരിശോധനകളും ആശുപത്രിക്ക് അകത്തുതന്നെ ചെയ്യാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തെ സ്വകാര്യ ലാബുകളിലേക്ക് ടെസ്റ്റുകൾ എഴുതിക്കൊടുക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകും.

- സ്വകാര്യ പ്രാക്ടീസിനും ആംബുലൻസിനും വിലക്ക്: മെഡിക്കൽ കോളേജിലെ ചില ജീവനക്കാർ പുറത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചു. കോമ്പൗണ്ടിൽ നിന്ന് സ്വകാര്യ ആംബുലൻസുകളെ ഒഴിവാക്കും.

- സാമൂഹ്യാടുക്കള: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സാമൂഹ്യാടുക്കള (കമ്മ്യൂണിറ്റി കിച്ചൻ) ആരംഭിക്കും. ബാനറുകളോ കൊടികളോ വച്ചുള്ള ഭക്ഷണ വിതരണം അനുവദിക്കില്ല. ഇത് പിന്നീട് സംസ്ഥാനവ്യാപകമാക്കും.

മാസ്റ്റർ പ്ലാനും അറ്റകുറ്റപ്പണികളും

ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പുതിയ മാസ്റ്റർ പ്ലാൻ നടപ്പാക്കും. കെ സി വേണുഗോപാൽ എം.പി മുൻകൈയെടുത്ത് സ്ഥാപിച്ച പി.എം.എസ്.എസ്.വൈ (PMSSY) കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പിനെ (PWD) ഏൽപ്പിക്കും. ഇതിനായി പൊതുമരാമത്ത് മന്ത്രിയുമായി ഉടൻ ചർച്ച നടത്തും.

കൂടാതെ, പുതിയ പേവാർഡ് തുടങ്ങാൻ KHRWS-ന് നിർദ്ദേശം നൽകി. എച്ച്.ഡി.എസിൻ്റെ (HDS) കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെ പറ്റി ഓഡിറ്റ് നടത്താനും പുതിയ കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ സി.ടി സ്കാൻ സംവിധാനങ്ങൾ ഉടൻ പ്രവർത്തനസജ്ജമാക്കും.

ജനപ്രതിനിധികളുടെ ഇടപെടൽ

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് വളരെ നിർണായകമായ യോഗമാണെന്ന് കെ സി. വേണുഗോപാൽ എം.പി പറഞ്ഞു. നിലവിലെ പോരായ്മകൾ പരിഹരിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായി ആലപ്പുഴയെ മാറ്റണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജി.സുധാകരൻ എം.എൽ.എ ആവശ്യപ്പെട്ടു. റേഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗങ്ങളിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്നും ഐ.സി.യു ബെഡുകൾ വർദ്ധിപ്പിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും ക്യാൻസർ രോഗികൾക്കുള്ള മരുന്നുകൾ ഉറപ്പാക്കണമെന്ന് എ.ഡി.തോമസ് എം.എൽ.എയും ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, ഡി.എം.ഇ ഡോ. കെ.വി. വിശ്വനാഥൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, പ്രിൻസിപ്പൽ ഡോ. എസ്.ജെ. ജെസ്സി, സൂപ്രണ്ട് ഡോ. പി.എൽ. ലക്ഷ്മി എന്നിവരുൾപ്പെടെ പ്രമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News