Enter your Email Address to subscribe to our newsletters

Kozhikode , 19 ജൂലൈ (H.S.)
സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചൻ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്.സർക്കാർ ആശുപത്രികളില് സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു.
' ഇതില് രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കില് ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉള്പ്പെടെ പലരും സഭ കാണുമായിരുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്.
കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തില് നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തില് ദുരഭിമാനം വെടിയുന്നതായിരിക്കുംആരോഗ്യവകുപ്പിന് നല്ലത് ' എന്നാണ് സുരേന്ദ്രന്റെ വാക്കുകള്.
പൊതിച്ചോറ് കൊടുക്കുന്നതുമായി സംബന്ധിച്ച് കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐയും നേരത്തെ രംഗത്ത് വന്നിരുന്നു.
ആശുപത്രികളിലെ പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. അതു തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറില് മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിൻറെ ഭാഷയാണ്.
പൊതിച്ചോറില് ഡിവൈഎഫ്ഐ രാഷ്ട്രീയം കാണിച്ചിട്ടില്ല എന്നും വികെ സനോജ് പറഞ്ഞു. ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. അതേസമയം സർക്കാർ ആശുപത്രികളില് വിവിധ സംഘടനകള് നടത്തുന്ന പൊതിച്ചോർ വിതരണത്തെ ചൊല്ലി പോര് മുറുകുകയാണ്. ആശുപതികളില് സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം ഇനി വേണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്ഐയും സംസ്ഥാനത്തെ ആശുപത്രികളില് സൗജന്യ പൊതിച്ചോർ വിതരണം നടത്തുന്നുണ്ട് . ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ച് നടപ്പാക്കുന്ന പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ ഏറെ കയ്യടി നേടിയിരുന്നു. എന്നാല് ആശുപത്രികള്ക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടികെട്ടിയുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ഡിവൈഎഫ്ഐയുടേത് മാത്രമല്ല, യൂത്ത് കോണ്ഗ്രസിൻറെയോ, സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളില് അനുവദിക്കില്ല. പകരം ആശുപതികളില് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിൻറെ നീക്കം. കമ്മ്യൂണിറ്റി കിച്ചൻ എങ്ങനെ വേണം എന്നതില് തുടർ ചർച്ചയ്ക്ക് ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം പൊതിച്ചോറിൻറെ കാര്യത്തില് എന്തിനാണ് ശത്രുത മനോഭാവമെന്നാണ് മുൻമന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്. ഡിവൈഎഫ്ഐ ഉള്പെടെയുള്ള സംഘടനയുമായി ചർച്ച ചെയ്യണമെന്നും ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കണമെന്നും റിയാസ് പറഞ്ഞു. കൊടിയും ബാനറും വെക്കുന്നതില് എന്താണ് പ്രശ്നമെന്നാണ് ഡിവൈഎഫ്ഐയുടെ ചോദ്യം. അതുപോലെ, ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതില് രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ലെന്നാണ് ബിജെപി പറയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR