Enter your Email Address to subscribe to our newsletters

Kottayam , 19 ജൂലൈ (H.S.)
ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്ക്കും കോളജുകള്ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സണ് ദിയ ബിനു പുളിക്കക്കണ്ടം.
വിദ്യാർഥികള്ക്ക് ലോകകപ്പ് ഫൈനല് മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.
ലോകകപ്പ് ഫൈനലിന്റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നല്കിയിരുന്നു. വിദ്യാർഥികളുടെ താല്പര്യത്തിന് പ്രാധാന്യം നല്കി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളില് ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനല് പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകള്ക്കും കോളേജുകള്ക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്ക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നല്കിയത്. അവധി നല്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.
സംസ്ഥാനത്തെ പ്രൊഫഷണല് കോളജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ(തിങ്കള്) അവധി നല്കും. ലോകകപ്പ് ഫുട്ബോള് ഫൈനല് മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നല്കുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവില് പറയുന്നു.
കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യല് മീഡിയയില് ഉള്പ്പെടെ അവധിക്കായുള്ള ആവശ്യങ്ങള് ഉയർന്നിരുന്നു. ഫുട്ബോള് ലോകകപ്പ് ഫൈനല് മത്സരത്തിന്റെ പശ്ചാത്തലത്തില് തിങ്കളാഴ്ച സ്കൂളുകള്ക്ക് അവധി നല്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്ഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നല്കുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR