Enter your Email Address to subscribe to our newsletters

Pathanamthitta , 19 ജൂലൈ (H.S.)
സർക്കാർ ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സംഘടനകളെ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്നും ആശുപത്രികളിലെ കാര്യം തീരുമാനിക്കുന്നത് സർക്കാർ ആണെന്നും മന്ത്രി പറഞ്ഞു.
രോഗികൾക്കും കൂടെയുള്ളവർക്കും ആശുപത്രികളിൽ സ്ഥാപിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ വഴി മാത്രമേ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാൻ പാടുള്ളു. ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ അത് പുറത്താവാമെന്നും അകത്ത് സർക്കാരിനാണ് ഉത്തരവാദിത്തമെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി ബാനറുകളോ കൊടികളോ ഉപയോഗിച്ച് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല. അത് തെറ്റാണെന്നും സർക്കാർ അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംഘടനകൾക്ക് സഹായിക്കണമെങ്കിൽ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സംഭാവന നൽകാമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി ആദ്യം ആരംഭിക്കുക ആലപ്പുഴയിലായിരിക്കും. പിന്നീട് സന്നദ്ധ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം മറ്റ് സർക്കാർ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുമ്പോൾ ബാനറുകളും പതാകകളും പ്രദർശിപ്പിക്കുന്ന രീതിയെ അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ വിമർശിച്ചതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.
അതേസമയം സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത് ഔദ്യോഗികമായി നിർത്താൻ നിർദ്ദേശിക്കുന്നത് വരെ ഭക്ഷണം വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് വ്യക്തമാക്കി.
മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് മുഹമ്മദ് റിയാസ്
അതേസമയം ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപക്ഷം. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരോഗ്യ മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു. പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്ന ഇത്തരം കാരുണ്യപ്രവർത്തനങ്ങളിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം ഒഴിവാക്കണമെന്നും എല്ലാവരെയും ചേർത്ത് പിടക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നിലവിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ഡിവൈഎഫ്ഐ അടക്കമുള്ള സന്നദ്ധ സംഘടനകളുമായി ചർച്ച ചെയ്ത് ഈ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
'സ്നേഹം നിറച്ച പൊതികളുമായി ഞങ്ങളിവിടെയുണ്ടാകും'
സർക്കാർ ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സംഘടനകൾ ഭക്ഷണം വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ എ എ റഹീം. സ്നേഹം നിറച്ച പൊതികളുമായി ഞങ്ങളിവിടെയുണ്ടാകും എന്നാണ് റഹീം ഫേസ്ബുക്കിൽ കുറിച്ചത്.
കമ്യൂണിറ്റി കിച്ചൻ കേരളത്തിൽ നടപ്പാവില്ല
സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കൊവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR