വയനാട് മെഡിക്കൽ കോളജിനായി കെഎസ്ഇബിയുടെ 21.53 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
Wayanad , 19 ജൂലൈ (H.S.) വയനാട് മെഡിക്കൽ കോളജിനായി കെഎസ്ഇബിയുടെ 21.53 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മാനന്തവാടി കുഴിനിലത്തെ ഭൂമിയാണ് മെഡിക്കൽ കോളജ് വികസനത്തിനായി സർക്കാർ പരിഗണിക്കുന്നത്. ഭൂമി കൈമാറ്റം പൂർത്തിയായാൽ ഡിപിആർ തയ്യ
WAYANAD MCH LAND ACQUISITION


Wayanad , 19 ജൂലൈ (H.S.)

വയനാട് മെഡിക്കൽ കോളജിനായി കെഎസ്ഇബിയുടെ 21.53 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മാനന്തവാടി കുഴിനിലത്തെ ഭൂമിയാണ് മെഡിക്കൽ കോളജ് വികസനത്തിനായി സർക്കാർ പരിഗണിക്കുന്നത്. ഭൂമി കൈമാറ്റം പൂർത്തിയായാൽ ഡിപിആർ തയ്യാറാക്കൽ നടപടികൾ ആരംഭിക്കും.

സർവേ നമ്പർ 13/3 ൽ ഉൾപ്പെട്ട 21.53 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജിനായി കെഎസ്ഇബിയിൽ നിന്ന് ഏറ്റെടുക്കാൻ ധാരണയായത്. പകരമായി നൂൽപ്പുഴയിലെ റവന്യൂ ഭൂമി വൈദ്യുതി ബോർഡിന് കൈമാറും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ഉദ്യോഗസ്ഥർ സ്ഥലം നേരിൽ സന്ദർശിച്ച് അനുകൂല നിലപാട് അറിയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. മെഡിക്കൽ കോളജിനായുള്ള ഡിപിആർ തയ്യാറാക്കാനുള്ള ചുമതലയുള്ള ഇൻകെൽ ലിമിറ്റഡ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായ ശേഷമാകും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുക.

നടപടികൾ വേഗത്തിലെന്ന് എംഎൽഎ

''വയനാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മാറുകയാണ്. മെഡിക്കൽ കോളജ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ്, വൈദ്യുതി, റവന്യൂ വകുപ്പ് മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ടായിരുന്നു. വൈദ്യുതി വകുപ്പിൻ്റെ കീഴിലുള്ള കുഴിനിലത്തുള്ള 21.53 ഏക്കർ ഭൂമി മെഡിക്കൽ കോളജ് ആവശ്യത്തിനായി അനുവദിക്കാൻ വകുപ്പ് മന്ത്രി അംഗീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട കത്ത് വൈദ്യുതി വകുപ്പ് മന്ത്രിക്ക് രേഖാമൂലം നൽകിയിട്ടുണ്ട്.

വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഇൻകെൽ ലിമിറ്റഡ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളും താക്കോലും അടക്കം കൈമാറും വിധമാണ് ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. ഇൻകെൽ ടീമ് ഇവിടെ വന്ന് സ്ഥലം കാണുകയുണ്ടായി. എല്ലാ വിധത്തിലുമുള്ള സാഹചര്യം ഇന്ന് മെഡിക്കൽ കോളജിന് ഒരുക്കിയിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള പിന്തുണയാണ് മാനന്തവാടി മെഡിക്കൽ കോളജിന് നൽകിയിട്ടുള്ളത്. മറ്റ് നടപടി ക്രമങ്ങൾ ഉടൻ തന്നെ പൂർത്തീകരിക്കുകയും ചെയ്യും'', എന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് നിർണായക മുന്നേറ്റം കുറിക്കാൻ പദ്ധതി

കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ച് ഭൂമി കൈമാറാൻ കെഎസ്ഇബി തയ്യാറാണെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ കെ മുരളീധരൻ, സണ്ണി ജോസഫ് എന്നിവരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഭൂമി കൈമാറ്റ നടപടികൾ പുരോഗമിക്കുന്നത്.2020 ൽ അനുവദിച്ച മെഡിക്കൽ കോളജിനായി ആദ്യം തവിഞ്ഞാൽ ഗ്ലെൻ ലെവൻ എസ്റ്റേറ്റിലും പിന്നീട് അമ്പുകുത്തിയിലെ വനഭൂമിയിലും സ്ഥലം കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും നിയമ-സാങ്കേതിക തടസങ്ങൾ കാരണം പദ്ധതികൾ മുന്നോട്ട് പോയിരുന്നില്ല.

ഇതോടെയാണ് കുഴിനിലത്തെ കെഎസ്ഇബി ഭൂമി പുതിയ സാധ്യതയായി പരിഗണിച്ചത്. ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായാൽ വയനാട് മെഡിക്കൽ കോളജിൻ്റെ സ്ഥിരം ക്യാമ്പസ് യാഥാർഥ്യമാക്കാനുള്ള നടപടികൾക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് ജില്ല. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണായക മുന്നേറ്റമാകുമെന്നാണ് പദ്ധതിയെ വിലയിരുത്തുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News