ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ആൺകുട്ടിയോട് സംസാരിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പതിനാറുകാരിയായ ലിവ്- ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കൃഷിയിടത്തിൽ കുഴിച്ചുമൂടി.
Bengaluru , 19 ജൂലൈ (H.S.) ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ആൺകുട്ടിയോട് സംസാരിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പതിനാറുകാരിയായ ലിവ്- ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കൃഷിയിടത്തിൽ കുഴിച്ചുമൂടി. കർണാടകയിലെ കനകപുര താലൂക്കിലെ കൊടിഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്
Murder case


Bengaluru , 19 ജൂലൈ (H.S.)

ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ആൺകുട്ടിയോട് സംസാരിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പതിനാറുകാരിയായ ലിവ്- ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കൃഷിയിടത്തിൽ കുഴിച്ചുമൂടി. കർണാടകയിലെ കനകപുര താലൂക്കിലെ കൊടിഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച ഇയാളുടെ സഹോദരനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 10-നായിരുന്നു കൊലപാതകം നടന്നത്. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ക്രൂരമായ ഈ കൊലപാതക വിവരം പുറംലോകമറിയുന്നത്. സാത്തന്നൂർ സ്വദേശിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ പെൺകുട്ടിയും ഇതേ പ്രായമുള്ള പ്രതിയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും ഒരുമിച്ച് ഒരേ വീട്ടിലായിരുന്നു താമസം.

കൊലപാതകത്തിലേക്ക് നയിച്ചത് ഇൻസ്റ്റാഗ്രാം ചാറ്റ്

ജൂലൈ 10-ന് പെൺകുട്ടി ഇൻസ്റ്റാഗ്രാമിലൂടെ മറ്റൊരു ആൺകുട്ടിയുമായി സംസാരിക്കുന്നത് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കവും കൈയേറ്റവുമുണ്ടായി. ഇതിനിടെ കടുത്ത ദേഷ്യത്തിലായ പ്രതി വീട്ടിലുണ്ടായിരുന്ന പഴയ റൈഫിളെടുത്ത് പെൺകുട്ടിയുടെ മുഖത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം പരിഭ്രാന്തനായ പ്രതി തൻ്റെ മൂത്ത സഹോദരനെയും അമ്മാവനെയും വിവരമറിയിച്ചു. തുടർന്ന് കുറ്റകൃത്യം മറച്ചുവെക്കാൻ മൂവരും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം തങ്ങളുടെ കൃഷിയിടത്തിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. ദിവസക്കൂലി തൊഴിലാളികളാണ് പിടിയിലായ മറ്റ് രണ്ട് പ്രതികളും.

രഹസ്യം പുറത്തായത് മദ്യലഹരിയിൽ

പെൺകുട്ടിയുടെ മൃതദേഹം വിജയകരമായി ഒളിപ്പിച്ചുവെങ്കിലും പ്രതിയുടെ അമ്മാവന് സംഭവിച്ച ഒരു അബദ്ധമാണ് കൊലപാതകവിവരം പുറത്തെത്തിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ കൊലപാതകത്തിൻ്റെ വിവരങ്ങൾ തൻ്റെ ഒരു സുഹൃത്തിനോട് പങ്കുവെച്ചു. ഈ വിവരം പിന്നീട് ഗ്രാമത്തിൽ വലിയ രീതിയിൽ പ്രചരിക്കുകയും ഒടുവിൽ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചെവിയിലുമെത്തി.

സുഹൃത്തിൻ്റെ വീട്ടിലാണെന്നും ഉടൻ തന്നെ തിരിച്ചെത്തുമെന്നുമാണ് പെൺകുട്ടി അവസാനമായി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഗ്രാമത്തിൽ പ്രചരിച്ച വാർത്തകളെ തുടർന്ന് മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും കുടുംബത്തെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കൊടിഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തഹസിൽദാറുടെ സാന്നിധ്യത്തിൽ ശനിയാഴ്ച പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് ബെംഗളൂരു സൗത്ത് ജില്ലാ എസ്പി ശ്രീനിവാസ് ഗൗഡ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News