Enter your Email Address to subscribe to our newsletters

Thrissur , 19 ജൂലൈ (H.S.)
കേരളത്തിലെ ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ ഹൈവേ നിർമാണത്തിൻ്റെ മറവിൽ 273-ഓളം തേക്ക് മരങ്ങൾ നിയമവിരുദ്ധമായി മുറിച്ചു കടത്തിയ സംഭവത്തിൽ വനംവകുപ്പ് മേധാവി ഉൾപ്പെടെയുള്ള അധികൃതർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (NGT) കാരണം കാണിക്കൽ നോട്ടീസ്. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉൾപ്പെടെയുള്ളവരോടാണ് ട്രൈബ്യൂണൽ വിശദീകരണം തേടിയത്.
വെള്ളിക്കുളങ്ങര ജംഗ്ഷൻ മുതൽ വൈറ്റില പാല വരെയുള്ള 18 കിലോമീറ്റർ പരിധിയിൽ വ്യാപകമായി മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയിൽ നിന്നും പട്ടയഭൂമിയിൽ നിന്നും മുറിച്ച മരങ്ങൾ ഒരു മരവ്യവസായ സ്ഥാപനത്തിന് തുച്ഛമായ വിലയ്ക്ക് മറിച്ചുവിറ്റതായാണ് പരാതി.
എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയും വിദഗ്ധ അംഗം അഫ്രോസ് അഹ്മദും അടങ്ങുന്ന ബെഞ്ച് അടുത്തിടെ പുറത്തിറക്കിയ ഒരു ഉത്തരവിൽ, റിപ്പോർട്ട് അനുസരിച്ച് തൃശൂർ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സോഷ്യൽ ഫോറസ്ട്രി) തടിയുടെ മൂല്യം 41.55 ലക്ഷം രൂപയായി കണക്കാക്കിയെങ്കിലും മരങ്ങൾ വെറും 8.52 ലക്ഷം രൂപയ്ക്ക് വിറ്റു എന്നാണ് ആരോപിക്കുന്നത്.
2005-ലെ 'കേരള വനബാഹ്യ പ്രദേശങ്ങളിലെ മരം വളർത്തൽ പ്രോത്സാഹന നിയമപ്രകാരം' മരങ്ങൾ കൊണ്ടുപോകുന്നതിനായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നൽകിയതായും ട്രൈബ്യൂണൽ നിരീക്ഷിച്ചു. നിയമപ്രകാരം ഭൂമിയുടെ യഥാർഥ ഉടമ നിയമപരമായി മുറിച്ച മരങ്ങൾ കൊണ്ടുപോകാൻ മാത്രമേ ട്രാൻസ്പോർട്ട് പാസ് അനുവദിക്കാൻ പാടുള്ളൂ. എന്നാൽ ഇവിടെ ഗുരുതരമായ നിയമലംഘനം നടന്നതായി തൃശൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം നടന്നുവരികയാണ്. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്നോ, പകരം മരം നട്ടുപിടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നോ വ്യക്തമല്ല, എന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
ഈ സംഭവം 1980-ലെ വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കോടതി വിലയിരുത്തി.
കേസിൽ സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ((പിസിസിഎഫ്)ഉം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് (എച്ച്ഒഎഫ്എഫ്), ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്), കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ (എംഒഇഎഫ്സിസി) ബെംഗളൂരുവിലെ റീജിയണൽ ഓഫീസ് എന്നിവരെ ട്രൈബ്യൂണൽ കക്ഷിചേർത്തു.
എതിർകക്ഷികൾ തങ്ങളുടെ വിശദീകരണം സത്യവാങ്മൂലമായി ട്രൈബ്യൂണലിൻ്റെ ദക്ഷിണമേഖലാ ബെഞ്ചിന് മുൻപാകെ സമർപ്പിക്കണം. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 31-ന് ഒരു വാരം മുൻപെങ്കിലും മറുപടി നൽകണമെന്നാണ് എൻ.ജി.ടി നിർദേശിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR