Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂലൈ (H.S.)
കായികലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ (ജൂലൈ 20, തിങ്കളാഴ്ച) കേരളത്തിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രൊഫഷണല് കോളജുകള്ക്ക് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.
സന്തോഷം ആയില്ലേ മക്കളെ. .....വേൾഡ് കപ്പ് ഫുട്ബോൾ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാൽ കായിക പ്രേമികൾ ആയ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചു നാളെ (ജൂലൈ 20 തിങ്കൾ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു... വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില് കുറിച്ചു.
അർജൻ്റീനയും സ്പെയിനും നേർക്കുനേർ പോരാടുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച അർധരാത്രി 12:30-നാണ് ആരംഭിക്കുന്നത്. മത്സരം എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടാൽ പുലർച്ചെ വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ഉറക്കമൊഴിഞ്ഞ് കളി കാണുന്ന കുട്ടികൾ തിങ്കളാഴ്ച രാവിലെ കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തേണ്ടി വരുന്നത് ഒഴിവാക്കാനാണ് എല്ലാ വിദ്യാലയങ്ങൾക്കും അവധി നൽകാൻ തീരുമാനിച്ചത്.
ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും യൂത്ത് കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ആവേശപ്പോരാട്ടം പുലർച്ചെ വരെ നീളുമെന്നതിനാൽ വിദ്യാർത്ഥികളുടെ ശാരീരിക ക്ഷീണവും യാത്രാ ബുദ്ധിമുട്ടുകളും പരിഗണിച്ച് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ഇവര് ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അവധി പ്രഖ്യാപിച്ചത്.
ക്ലാസിലിരുന്ന് ഉറക്കം തൂങ്ങേണ്ടി വരും; ഫേസ്ബുക്ക് കുറിപ്പുമായി വി. ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകൾക്ക് തിങ്കളാഴ്ച പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യം രംഗത്തെത്തിയത്.
അർജൻ്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12:30-നാണ് ആരംഭിക്കുന്നത്. മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടാൽ പുലർച്ചെ വരെ നീണ്ടുനിൽക്കും. ഇത് കണ്ട് ഉറക്കമൊഴിയുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് സ്കൂളുകളിലെത്താൻ വലിയ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നഷ്ടപ്പെടുന്ന അധ്യയന സമയത്തിന് പകരമായി പിന്നീട് വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി സമയം ക്രമീകരിക്കാമെന്ന പ്രായോഗിക നിർദേശവും അദ്ദേഹം സർക്കാരിന് മുന്നിൽ വച്ചിരുന്നു.
കായിക ലഹരിയിലൂടെ ലഹരി വിരുദ്ധ പോരാട്ടം: യൂത്ത് കോൺഗ്രസ്
ഇതേ ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതൃത്വവും വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയിരുന്നു. വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ കുടുംബത്തോടൊപ്പം ഇരുന്ന് ഈ കായിക മാമാങ്കം ആസ്വദിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ലഹരി പദാർത്ഥങ്ങൾക്കും സോഷ്യൽ മീഡിയ ദുരുപയോഗത്തിനുമെതിരെ കായികരംഗം ഒരു വലിയ പ്രതിരോധമാണെന്നും, കുട്ടികളിൽ കായികാവബോധം വളർത്താൻ ഇത്തരം തീരുമാനങ്ങൾ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. നേരത്തെ പാലാ നഗരസഭാ അധ്യക്ഷ ദിയാ ബിനു പുളിക്കക്കണ്ടവും സമാനമായ ആവശ്യവുമായി പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR