സോനം വാങ്ചുകിന്റെ ശാരീരിക സ്വയംഭരണാവകാശം ലംഘിക്കപ്പെട്ടിട്ടില്ല: സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
Newdelhi, 19 ജൂലൈ (H.S.) ന്യൂഡൽഹി: നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഞായറാഴ്ച നട
സോനം വാങ്ചുകിന്റെ ശാരീരിക സ്വയംഭരണാവകാശം ലംഘിക്കപ്പെട്ടിട്ടില്ല: സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി


Newdelhi, 19 ജൂലൈ (H.S.)

ന്യൂഡൽഹി: നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഞായറാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാങ്ചുകിന്റെ ഭാര്യ ഡോ. ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച ഹർജി നിരസിച്ചത്. വാങ്ചുകിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സർക്കാർ നടപടി ഏകപക്ഷീയമല്ലെന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള മെഡിക്കൽ തീരുമാനമായിരുന്നു അതെന്നും കോടതി നിരീക്ഷിച്ചു.

വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ശാരീരിക സ്വയംഭരണാവകാശം (Bodily Autonomy) ലംഘിക്കപ്പെടുന്നുണ്ടെന്നുമുള്ള ഹർജിയിലെ ആരോപണങ്ങൾ കോടതി തള്ളി. അദ്ദേഹം പൂർണ്ണ സ്വതന്ത്രനായ പൗരനാണെന്നും ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന്റെ സമ്മതത്തോടെ മാത്രമാണ് ചികിത്സ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. വാങ്ചുകിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവും പൊട്ടാസ്യത്തിന്റെ അളവും അപകടകരമാംവിധം താഴ്ന്ന നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ഓരോ ജീവനും വിലപ്പെട്ടതാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വാങ്ചുക് സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയിൽ പ്രവേശിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് പൂർണ്ണ അവകാശമുണ്ട്. - ഡൽഹി ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

വാങ്ചുകിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, കുറ്റകൃത്യങ്ങളൊന്നും ചുമത്താത്ത സാഹചര്യത്തിൽ ഏത് ആശുപത്രിയിൽ ചികിത്സ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൗരനുണ്ടെന്നും അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സഫ്ദർജംഗിലെയും എയിംസിലെയും വിദഗ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ബോധിപ്പിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഒആർഎസ് (ORS) ലായനിയും പൊട്ടാസ്യം ക്ലോറൈഡ് ഗുളികകളും മാത്രമാണ് വാങ്ചുകിന്റെ സമ്മതത്തോടെ നൽകിയിട്ടുള്ളതെന്നും നിർബന്ധിതമായി ഐവി ഫ്ലൂയിഡുകൾ നൽകിയിട്ടില്ലെന്നും കോടതി രേഖപ്പെടുത്തി.

ഇരുപത്തിയൊന്ന് ദിവസമായി ജന്തർ മന്തറിൽ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെയാണ് ശനിയാഴ്ച ഡൽഹി പോലീസ് വാങ്ചുകിനെ നിർബന്ധിതമായി ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ഇരിക്കെയായിരുന്നു ഈ നടപടി. വാങ്ചുകിന്റെ ഭാര്യയ്ക്കും സഹോദരനും ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കാൻ പ്രത്യേക മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ തുടപടികളുമായി മുന്നോട്ട് പോകാൻ മെഡിക്കൽ സംഘത്തിന് കോടതി അനുമതി നൽകി. കേന്ദ്ര സർക്കാരിനോട് മൂന്ന് ദിവസത്തിനകം ഹർജിയിൽ വിശദമായ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News