Enter your Email Address to subscribe to our newsletters

Shrinagar , 19 ജൂലൈ (H.S.)
ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. മൂന്ന് സ്ത്രീകളടക്കം നാല് പേർ മരിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൂഞ്ചിന് പുറമെ അയൽ ജില്ലയായ രജൗരിയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കാണാതായവർക്കായുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.
പൂഞ്ച് ജില്ലയിലെ സുരൻകോട്ട് തഹസീലിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം മരിച്ച നാല് പേരും ഈ മേഖലയിൽ ഉള്ളവരാണ്. നൂനാബന്ദി ഗ്രാമത്തിൽ വീട് തകർന്നു വീണ് 28 വയസ്സുകാരിയായ നാസിയ കൗസർ എന്ന സ്ത്രീ മരണപ്പെട്ടു. ഇവരുടെ ഭർത്താവിനും രണ്ട് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.
ലോവർ മുറയിലുണ്ടായ മറ്റൊരു ഉരുൾപൊട്ടലിൽ വീട് തകരുകയും വീട്ടുടമസ്ഥനായ മുഹമ്മദ് ലത്തീഫും കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും മണ്ണടിയിലാവുകയും ചെയ്തു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാർഹോട്ടിൽ ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിക്കുകയും, ധുന്ദക് ലാതൂങ് പാലത്തിന് സമീപമുള്ള തോട്ടിൽ നിന്ന് തിരിച്ചറിയാത്ത മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനും ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനും ദുരന്തനിവാരണ സേന രംഗത്തുണ്ട്.
കനത്ത മഴയെത്തുടർന്ന് രാജൗരി ജില്ലയിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നദികളും തോടുകളും കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ബേലയിലെ ന്യൂ ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളം ഇരച്ചുകയറി നിരവധി വാഹനങ്ങൾ ഒലിച്ചുപോവുകയും മുങ്ങിപ്പോവുകയും ചെയ്തു. നൂറുകണക്കിന് കുടുംബങ്ങളെയാണ് ഇവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ദർഹാലി, ഖണ്ട്ലി, സുക്തോ തുടങ്ങിയ പ്രധാന നദികളെല്ലാം അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥയെത്തുടർന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ ഡൽഹി സന്ദർശനം വെട്ടിിച്ചുരുക്കി ജമ്മുവിലേക്ക് തിരിച്ചു. പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ അദ്ദേഹം നേരിട്ട് വിലയിരുത്തും. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പ്. ജൂലൈ 23 വരെ ജമ്മു കാശ്മീരിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകരും ജില്ലാ ഭരണകൂടങ്ങളും അതീവ ജാഗ്രതയിലാണ്.
---------------
Hindusthan Samachar / Roshith K