Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂലൈ (H.S.)
തിരുവനന്തപുരം: നഗരത്തിൽ വൻ ഹണി ട്രാപ്പ് (തേൻകെണി) തട്ടിപ്പ്. തെലങ്കാന സ്വദേശിയായ പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശിനിയായ രോഷ്നിയെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ രോഷ്നിയെ കൂടാതെ ഇവരുടെ മൂന്ന് സുഹൃത്തുക്കളും പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
വ്യവസായിയുമായി രോഷ്നിക്ക് ദീർഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുമുണ്ട്. ഈ കുട്ടി വ്യവസായിയുടേതാണെന്ന് ആരോപിച്ചും, കുട്ടിയുടെ ഭാവി ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രതികൾ ഭീഷണി ഉയർത്തിയിരുന്നത്. വ്യവസായിയെ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റുകൾ, സ്വർണം, ഭൂമി എന്നിവയെല്ലാം ഇവർ സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ രീതിയിലുള്ള ഭീഷണിയും പണം തട്ടലും തുടരുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
എന്നാൽ, അടുത്ത കാലത്തായി ഭീഷണിയുടെ സ്വഭാവം മാറിയതാണ് വ്യവസായിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്. വ്യവസായിക്ക് ഭാര്യയും മക്കളുമുണ്ട്. പണം നൽകിയില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ തെലങ്കാന സ്വദേശി തിരുവനന്തപുരം വഞ്ചിയൂർ പോലീസിൽ പരാതി നൽകാൻ തയ്യാറായത്. പരാതിക്കാരൻ വ്യവസായിയും അന്യസംസ്ഥാനക്കാരനുമാണെങ്കിലും തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തുക്കളും മലയാളികളാണ്.
പരാതി ലഭിച്ചയുടൻ തന്നെ പോലീസ് കേസെടുക്കുകയും മുഖ്യപ്രതിയായ രോഷ്നിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി അവധിയായതിനാൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. തട്ടിപ്പിൽ പങ്കാളികളായ രോഷ്നിയുടെ മറ്റ് മൂന്ന് സുഹൃത്തുക്കളെയും കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
---------------
Hindusthan Samachar / Roshith K