കണ്ണൂരിൽ പിഎസ്സി പരീക്ഷാഹാളിൽ നാടകീയ രംഗങ്ങൾ: ഉദ്യോഗാർഥികൾ ഉള്ളിൽ കയറിയ ശേഷം പരീക്ഷ മാറ്റിവെച്ചു; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ
Kannur, 19 ജൂലൈ (H.S.) കണ്ണൂർ: ഏറെ പ്രതീക്ഷയോടെയും കഠിനാധ്വാനത്തോടെയും പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളെ അങ്കലാപ്പിലാക്കി പിഎസ്സിയുടെ നാടകീയ നടപടി. പരീക്ഷാഹാളിൽ പ്രവേശിച്ച് സീറ്റുകളിൽ ഇരുന്ന ശേഷമാണ് പരീക്ഷ മാറ്റിവെച്ച വിവരം ഇൻവിജിലേറ്റർമാർ ഉദ്യോഗാ
കണ്ണൂരിൽ പിഎസ്സി പരീക്ഷാഹാളിൽ നാടകീയ രംഗങ്ങൾ: ഉദ്യോഗാർഥികൾ ഉള്ളിൽ കയറിയ ശേഷം പരീക്ഷ മാറ്റിവെച്ചു; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ


Kannur, 19 ജൂലൈ (H.S.)

കണ്ണൂർ: ഏറെ പ്രതീക്ഷയോടെയും കഠിനാധ്വാനത്തോടെയും പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളെ അങ്കലാപ്പിലാക്കി പിഎസ്സിയുടെ നാടകീയ നടപടി. പരീക്ഷാഹാളിൽ പ്രവേശിച്ച് സീറ്റുകളിൽ ഇരുന്ന ശേഷമാണ് പരീക്ഷ മാറ്റിവെച്ച വിവരം ഇൻവിജിലേറ്റർമാർ ഉദ്യോഗാർഥികളെ അറിയിച്ചത്. ഇതോടെ കടുത്ത അമർഷവും സങ്കടവുമായി ഉദ്യോഗാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് മടങ്ങേണ്ടി വന്നു. ഇന്നലെ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷകളിലാണ് ഈ ദുരവസ്ഥയുണ്ടായത്.

വിവിധ ബോർഡുകളിലേക്കും കമ്പനികളിലേക്കും എൽഡി ക്ലാർക്ക് തസ്തികയ്ക്കായി പിഎസ്സി നടത്തിയ പരീക്ഷയാണ് ആദ്യം നടന്നത്. രാവിലെ നടന്ന ഈ പരീക്ഷ ഉദ്യോഗാർഥികൾ വിജയകരമായി എഴുതി തീർത്തു. എന്നാൽ, തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷ എഴുതാൻ ഉദ്യോഗാർഥികൾ ഹാളിൽ പ്രവേശിച്ചപ്പോഴാണ് പരീക്ഷ റദ്ദാക്കിയെന്ന അപ്രതീക്ഷിത അറിയിപ്പ് വരുന്നത്. രാവിലെ നടന്ന എൽഡിസി പരീക്ഷയും റദ്ദാക്കപ്പെടുമോ എന്ന ആശങ്ക ആദ്യം ഉയർന്നുവെങ്കിലും ആ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷയായതിനാൽ തന്നെ വൻ ജനതിരക്കാണ് പരീക്ഷാകേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ദൂരസ്ഥലങ്ങളിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളടക്കമുള്ള ഉദ്യോഗാർഥികൾ ഈ നടപടിയോടെ കടുത്ത ദുരിതത്തിലായി. പരീക്ഷ എഴുതാൻ സാധിക്കാതെ പോയതിനൊപ്പം മടക്കയാത്രയ്ക്കുള്ള വാഹനസൗകര്യങ്ങൾ കുറവായതും ഇവരെ വലച്ചു. യാത്രാക്കൂലി പോലും കടം വാങ്ങിയും മറ്റും പരീക്ഷയ്ക്ക് എത്തിയവരാണ് അധികൃതരുടെ ഈ പെട്ടെന്നുള്ള തീരുമാനത്തിൽ പെട്ടുപോയത്.

ഹാളിൽ കയറി ഇരുന്ന ശേഷമാണ് പരീക്ഷ മാറ്റിവെച്ചെന്ന് പറയുന്നത്. കഠിനമായി പഠിച്ച് ദൂരെ നിന്ന് എത്തിയ ഞങ്ങളുടെ അവസ്ഥ ആരും കാണുന്നില്ല. - പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥി പറഞ്ഞു.

പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകളിലെ അധികൃതരോട് തങ്ങളുടെ സങ്കടവും പ്രതിഷേധവും അറിയിച്ചാണ് ഭൂരിഭാഗം പേരും മടങ്ങിയത്. എന്നാൽ, പരസ്യമായി തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചാൽ ഭാവിയിൽ സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യതകളെ ബാധിക്കുമോ എന്ന ഭയം കാരണം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കാൻ ഉദ്യോഗാർഥികൾ തയ്യാറായില്ല. പിഎസ്സിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വീഴ്ചകൾ സാധാരണക്കാരായ ഉദ്യോഗാർഥികളുടെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തുന്നതെന്ന് ബന്ധുക്കളും ആരോപിക്കുന്നു. പരീക്ഷ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ പിഎസ്സി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

---------------

Hindusthan Samachar / Roshith K


Latest News