Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ജൂലൈ (H.S.)
തിരുവനന്തപുരം: നഗരത്തിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയ മിഥുൻ ജീവനൊടുക്കിയ സംഭവത്തിൽ, ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദവും തൊഴിൽ ചൂഷണവും വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം മുതൽ താൻ കടുത്ത സമ്മർദ്ദമാണ് നേരിട്ടിരുന്നതെന്ന് മിഥുൻ കത്തിൽ വ്യക്തമാക്കുന്നു. ഈ അമിത സമ്മർദ്ദം തന്റെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും, കമ്പനിയിൽ നിന്ന് തനിക്ക് അർഹമായ പിന്തുണ ലഭിച്ചില്ലെന്നും മിഥുന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. സംഭവത്തിൽ മിഥുൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബവും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
മെഡിക്കൽ റെപ്രസെന്റേറ്റീവ് എന്ന നിലയിൽ കമ്പനി നിശ്ചയിച്ചിരുന്ന ടാർജറ്റ് പൂർത്തിയാക്കാനും, സെയിൽസ് വർദ്ധിപ്പിക്കാനും, കൺവേർഷൻ നിരക്ക് കൂട്ടാനുമുള്ള കടുത്ത സമ്മർദ്ദം മിഥുനുണ്ടായിരുന്നു. എന്നാൽ ഇതിനൊന്നിനും മാനേജർമാരിൽ നിന്നോ കമ്പനി അധികൃതരിൽ നിന്നോ യാതൊരുവിധ പിന്തുണയും ലഭിച്ചിരുന്നില്ല. ജോലിയിലെ ഈ കടുത്ത അവഗണനയും പീഡനവും കാരണം ജോലി രാജിവെക്കാൻ മിഥുൻ ആഗ്രഹിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്.
രാവിലെ മുതൽ അർദ്ധരാത്രി 1 മണി വരെ നീളുന്ന ക്രൂരമായ ജോലി സമയമായിരുന്നു മിഥുന്റേത്. അസുഖം വന്നാൽ പോലും അവധി നൽകാൻ കമ്പനി തയ്യാറായിരുന്നില്ല. - കുടുംബം ആരോപിക്കുന്നു.
മരണപ്പെടുന്നതിന് തലേദിവസം മിഥുൻ ജോലി രാജിവെക്കുകയാണെന്ന് കമ്പനിയെ അറിയിച്ചിരുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മിഥുൻ തുറന്നുപറഞ്ഞിരുന്നു. രാവിലത്തെ ഷിഫ്റ്റ് മുതൽ തുടങ്ങി അർദ്ധരാത്രി ഒരു മണി വരെ നീളുന്ന ക്രൂരമായ ജോലി സമയമായിരുന്നു മിഥുന്റേത്. ഇത്രയധികം സമയം ജോലി ചെയ്തിട്ടും മാനേജറുടെ ഭാഗത്തുനിന്ന് നിരന്തരമായ പീഡനമാണ് ഉണ്ടായത്. മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരസ്യമായി മാനേജർ മിഥുനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുമായിരുന്നു. ഒടുവിൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജോലി രാജിവെക്കാൻ തുനിഞ്ഞപ്പോൾ, ജോലിയിൽ തന്നെ തുടരണമെന്ന് പറഞ്ഞ് മാനേജരും കമ്പനി അധികൃതരും മിഥുനെ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
മിഥുന് കടുത്ത അസുഖം ബാധിച്ച ദിവസങ്ങളിൽ പോലും ഒരു ദിവസം വിട്ടുനിൽക്കാൻ ആവശ്യമായ ലീവ് നൽകാൻ കമ്പനി തയ്യാറായില്ല. ജീവനക്കാരന്റെ ആരോഗ്യത്തേക്കാൾ ടാർജറ്റുകൾക്ക് മാത്രം വില കൽപ്പിച്ച കമ്പനിയുടെ നടപടിയാണ് ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. മിഥുൻ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് ഒരാൾ പോലും മരണവിവരമന്വേഷിച്ച് വരികയോ കുടുംബത്തെ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല. കമ്പനി അധികൃതരുടെ ഈ നിഷേധാത്മക നിലപാടിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കടുത്ത തൊഴിൽ സമ്മർദ്ദവും മാനേജറുടെ ഭീഷണിയും പീഡനവുമാണ് മിഥുനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K