Enter your Email Address to subscribe to our newsletters

Kochi, 19 ജൂലൈ (H.S.)
കൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കൊച്ചി സിറ്റി പോലീസ്. ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ (Fan Fights) വഴിമാറരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകി. നഗരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് കൊച്ചി സിറ്റി പോലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ മറവിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുക, മദ്യപിച്ച് വാഹനമോടിക്കുക എന്നിവർക്കെതിരെ കർശനമായ പരിശോധനയുണ്ടാകും.
വിജയാഘോഷങ്ങൾ മറ്റുള്ളവരുടെ സ്വൈര്യജീവിതം തകർക്കുന്ന രീതിയിലാകരുത്. അതിരുവിടുന്ന ആഘോഷങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. - കൊച്ചി സിറ്റി പോലീസ് അധികൃതർ വ്യക്തമാക്കി.
അമിതവേഗതയിലും അപകടകരമായ രീതിയിലും നഗരത്തിലെ റോഡുകളിലൂടെ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യുന്നതും, കാറുകളുടെ ബോണറ്റിലിരുന്നും ഡോറുകളിൽ തൂങ്ങിക്കിടന്നുമുള്ള യാത്രകളും കർശനമായി തടയും. സൈലൻസറുകളിൽ മാറ്റം വരുത്തിയും അമിതശബ്ദത്തിൽ തുടർച്ചയായി ഹോൺ മുഴക്കിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണതകൾക്കെതിരെയും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പോലീസ് നടപടി സ്വീകരിക്കും.
കൊച്ചി നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും ആളുകൾ ഫുട്ബോൾ മത്സരം കാണാൻ ഒത്തുകൂടുന്ന വലിയ സ്ക്രീനുകൾക്ക് സമീപവും കനത്ത പോലീസ് കാവലുണ്ടാകും. രാത്രികാല പെട്രോളിംഗും സിസിടിവി നിരീക്ഷണവും ശക്തമാക്കും. ഫാൻ ഫൈറ്റുകൾ ഉണ്ടാകാൻ സാധ്യതയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളെയും സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്. ഫുട്ബോൾ എന്ന കായിക വിനോദത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് സമാധാനപരമായി കളി ആസ്വദിക്കാനും വിജയം ആഘോഷിക്കാനും പൊതുജനങ്ങളും ഫുട്ബോൾ പ്രേമികളും സഹകരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / Roshith K