Enter your Email Address to subscribe to our newsletters

Ernakulam , 02 ജൂലൈ (H.S.)
നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിച്ച് താരം. ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്.എച്ച്.ഒ എന്നിവർക്കെതിരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ഇതിനിടെ, നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവന്നു.
പൊലീസിനെതിരെ കോടതിയിൽപാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്. പരാതിയിൽ പൊലീസിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും. പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ല പൊലീസ് മേധാവിക്കും അൻസിബ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ലക്ഷ്മിപ്രിയക്കും ഒരു യൂട്യൂബ് ചാനലിനുമെതിരെ പരാതി നൽകിയ ശേഷം പാലാരിവട്ടം എസ്.എച്ച്.ഒയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതൽ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്. വീഡിയോ പ്രചരിക്കുന്നത് തൻ്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും നടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ എസ്.എച്ച്.ഒ തയാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്.എച്ച്.ഒ ഒരുക്കി നൽകുന്നതെന്നും അൻസിബ ആരോപിച്ചിരുന്നു.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങൾഅതേസമയം, ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവന്നു. അൻസിബയെ 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും വിളിച്ച് അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പരസ്യമായി അശ്ലീലവും ലൈംഗികച്ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ഫെബ്രുവരി 13ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെൻ്ററിൽ വച്ച് നടന്ന താരസംഘടനയായ അമ്മയുടെ കുടുംബയോഗത്തിൻ്റെ റിഹേഴ്സലിനിടെയാണ് സംഭവം നടന്നത്. അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും പരസ്യമായി ലൈംഗിക പരാമർശം അടക്കമുള്ള വാക്കുകൾ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. ജിഹാദി എന്നും മതതീവ്രവാദി എന്നും വിശേഷിപ്പിക്കുക മാത്രമല്ല, അമ്മ അംഗങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒരു പ്രചാരണം കൂടി ടിനി ടോം നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
പ്രാഥമിക പരിശോധനയിൽ പൊലീസ് കഴമ്പില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ പോയ വിഷയമാണിത്. ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ റിപ്പോർട്ട്. എന്നാൽ, ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് മജിസ്ട്രേറ്റ് കോടതി ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുക, മതവികാരം വ്രണപ്പെടുത്തുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിൻ്റെ അടുത്ത ഘട്ടമെന്ന നിലയിൽ ടിനി ടോമിനെ ചോദ്യം ചെയ്യാനായി കടവന്ത്ര പൊലീസ് വിളിച്ചുവരുത്തും. ഇതിന് ശേഷം അൻസിബയുടെ അടക്കം മൊഴിയെടുക്കും. ഈ കേസിലെ സാക്ഷികളായ അമ്മ മുൻ ഭാരവാഹിയായ ശ്വേത മേനോൻ, നീന കുറുപ്പ് അടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിൻ്റെ തീരുമാനം. എഫ്.ഐ.ആറിലെ വിവരങ്ങൾ ഗുരുതരമായ പരാമർശങ്ങളാണെന്നും ടിനി ടോം അൻസിബയ്ക്കെതിരെ നടത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR