Enter your Email Address to subscribe to our newsletters

Ernakulam , 02 ജൂലൈ (H.S.)
ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരം ദുൽഖർ സൽമാനെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം വീണ്ടും ചോദ്യം ചെയ്യും. കേസിൽ ചില സുപ്രധാന രേഖകൾ ഹാജരാക്കാൻ നടന് കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രിവൻ്റീവ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 30-ന് അതീവ രഹസ്യമായി ദുൽഖറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ താരം നൽകിയ മൊഴികൾ വിശദമായി വിശകലനം ചെയ്ത ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര കാറുകൾ നിയമവിരുദ്ധമായി കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തുന്ന ‘ഓപ്പറേഷൻ നുംഖോർ’ എന്ന അന്വേഷണത്തിൻ്റെ തുടർച്ചയായി കേസിൻ്റെ ഭാഗമായി ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ലാൻഡ് റോവർ ഡിഫെൻഡർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, നിസാൻ പെട്രോൾ എന്നീ വാഹനങ്ങൾക്ക് പുറമെ, ദുൽഖർ നായകനായ സിനിമയിൽ ഉപയോഗിച്ച മറ്റൊരു നിസാൻ കാറുമാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
നിലവിൽ കോടതി നിർദേശപ്രകാരം കനത്ത തുകയുടെ ബാങ്ക് ഗ്യാരൻ്റി നൽകിയാണ് താരത്തിന് ഈ വാഹനങ്ങൾ വിട്ടുകിട്ടിയത്. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ വാഹനങ്ങൾ ഹാജരാക്കണമെന്നും, അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ഇവ വിട്ടുനൽകിയിരിക്കുന്നത്. എന്നാൽ, നിയമപരമായ രീതിയിലാണ് താൻ കാറുകൾ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയ മൊഴിയെന്നാണ് സൂചന.
ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് കാറുകൾ എത്തിക്കുന്നതിലൂടെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം 'ഓപ്പറേഷൻ നുംഖൂർ' ആസൂത്രണം ചെയ്തത്. വാഹനക്കടത്ത് മാഫിയയുടെ രാജ്യവ്യാപകമായ ശൃംഖല തകർക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേരളം, അസം, രാജസ്ഥാൻ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കാണ് ഈ തട്ടിപ്പിന്റെ വലക്കണ്ണികൾ വ്യാപിച്ചുകിടക്കുന്നത്.
കേസിലെ മുഖ്യസൂത്രധാരനായ ബിശ്വാദിപ് ദാസ്, കോഴിക്കോട്ടെ പ്രമുഖ സെക്കൻഡ് ഹാൻഡ് ആഡംബര കാർ ഷോറൂമായ 'റോഡ്വേ കാർസ്' പങ്കാളി സെയ്ൻ മർവ, അസമിലെ ബൊംഗൈഗാവ് ഡിടിഓ ദീപക് പൊട്ടവാരി എന്നിവരെ കസ്റ്റംസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അയൽരാജ്യങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് അതിർത്തി കടത്തുന്ന ആഡംബര വാഹനങ്ങൾ അസമിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രജിസ്ട്രേഷൻ സമ്പാദിക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.
ഇതിനായി വൻ തുകയാണ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയിരുന്നത്. വ്യാജ രജിസ്ട്രേഷൻ നേടിയ ശേഷം ഈ വാഹനങ്ങൾ പിന്നീട് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തിച്ച് വൻ തുകയ്ക്കാണ് മറിച്ചുവിറ്റിരുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിട്ടുള്ളത്.
ഈ കള്ളപ്പണ ഇടപാടുകളെക്കുറിച്ചും നികുതി വെട്ടിപ്പിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സംസ്ഥാന മോട്ടോർ വാഹന വകുപ്പുകൾക്കും കസ്റ്റംസ് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും പ്രമുഖരിലേക്കും അന്വേഷണം നീളുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR