മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ അനിൽ ആനന്ദപ്പണിക്കരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.
Ernakulam, 02 ജൂലൈ (H.S.) മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടറും മാനേജിങ് ഡയറക്ടർ എസ്. ശശിധരൻ കർത്തയുടെ മകളുടെ ഭർത്താവുമായ അനിൽ ആനന്ദപ്പണിക്കരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെ
CMRL Exalogic company


Ernakulam, 02 ജൂലൈ (H.S.)

മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടറും മാനേജിങ് ഡയറക്ടർ എസ്. ശശിധരൻ കർത്തയുടെ മകളുടെ ഭർത്താവുമായ അനിൽ ആനന്ദപ്പണിക്കരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ വിവിധ ഘട്ടങ്ങളിലായി സിഎംആർഎല്ലിലെ ഉദ്യോഗസ്ഥരെയും കമ്പനി ഡയറക്ടർമാരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അനിൽ ആനന്ദപ്പണിക്കരെയും വിളിപ്പിച്ചത്. നേരത്തെ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്തയെ രണ്ടുതവണയും മകൾ ഷിബിയെയും ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഷിബിയുടെ ഭർത്താവാണ് അനിൽ ആനന്ദപ്പണിക്കർ.

സിഎംആർഎല്ലിൻ്റെയും എംപവർ ഇന്ത്യ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡ് അംഗമാണ് അനിൽ. കമ്പനി നടത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൃത്യമായ അറിവുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. സിഎഫ്ഒ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്ന അനിലിൻ്റെ മൊഴി കേസിൽ നിർണായകമാണ്. മുമ്പ് നൽകിയ മൊഴികളിലെ വൈരുധ്യങ്ങൾ വ്യക്തമാക്കുന്നതിനാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

എക്സാലോജിക്കിന് തുക കൈമാറിയതുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം നടക്കുന്നത്. മാസപ്പടിയായി അഞ്ച് ലക്ഷം രൂപയും, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് മൂന്ന് ലക്ഷം രൂപയും നൽകിയതിന് പകരമായി എന്ത് സേവനമാണ് സിഎംആർഎല്ലിന് ലഭിച്ചതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന് പകരമായി എന്ത് പ്രത്യുപകാരമാണ് ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. മുൻ സർക്കാരിൻ്റെ കാലത്തുള്ള ചില ഇടപാടുകളിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

എസ്എഫ്ഐഒയുടെ പക്കലുണ്ടായിരുന്ന എല്ലാ രേഖകളും നിലവിൽ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് ഓരോരുത്തരെയും ചോദ്യം ചെയ്യുന്നത്. സിഎംആർഎല്ലിലെ കൂടുതൽ ഡയറക്ടർ ബോർഡ് അംഗങ്ങളെ വരും ദിവസങ്ങളിൽ വിളിച്ചുവരുത്തും. ഇതുവരെയും സിഎംആർഎൽ എംഡിയായ ശശിധരൻ കർത്ത നേരിട്ട് ഹാജരായിട്ടില്ല.

എന്നാൽ മറ്റ് ജീവനക്കാർ, ഉദ്യോഗസ്ഥർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, മകൻ ശരൺ എസ്. കർത്ത തുടങ്ങിയവരെയെല്ലാം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം മൊഴികൾ തമ്മിൽ എന്തെങ്കിലും വൈരുധ്യമുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്. എപ്പോൾ വേണമെങ്കിലും വിളിപ്പിച്ചാൽ ഹാജരാകണം എന്ന കർശന നിർദേശത്തോടെയാണ് കഴിഞ്ഞ തവണ ടി. വീണയെ ചോദ്യം ചെയ്ത് വിട്ടയച്ചത്.

കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) പ്രതിപക്ഷ നേതാവിൻ്റെ മകളുടെ ഐടി കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് മാസപ്പടി കേസിന് ആധാരം. ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ് ഈ വിവരങ്ങൾ ആദ്യമായി പുറത്തുവന്നത്.

യാതൊരുവിധ ഐടി സേവനങ്ങളും നൽകാതെയാണ് എക്സാലോജിക് സിഎംആർഎല്ലിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതെന്നായിരുന്നു പ്രധാന കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും സമാന്തരമായി അന്വേഷണം ആരംഭിച്ചത്. രാഷ്ട്രീയമായി വലിയ വിവാദങ്ങൾക്ക് വഴിവച്ച കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്ര ഏജൻസികൾ കടക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News