Enter your Email Address to subscribe to our newsletters

Kozhikode , 02 ജൂലൈ (H.S.)
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മാവൂർ ചെറൂപ്പയിലെ ഹെൽത്ത് യൂണിറ്റ് അടിമുടി മാറും. നിയമസഭയിൽ കുന്ദമംഗലം എംഎൽഎ എംഎ റസാഖ് ഉന്നയിച്ച സബ്മിഷന് ആരോഗ്യവകുപ്പ് മന്ത്രി നൽകിയ മറുപടിയിലൂടെയാണ് ചെറൂപ്പ ഹെൽത്ത് യൂണിറ്റിൻ്റെ മാറ്റം പ്രതിഫലിച്ചത്. ആധുനിക സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ചെറൂപ്പ ഹെൽത്ത് യൂണിറ്റിനെ മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കും എന്ന മറുപടിയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിയമസഭയിൽ അറിയിച്ചത്. ഇതോടെ ഒരു നാടിൻ്റെ ആകെ കാത്തിരിപ്പിന് പരിഹാരമാകും എന്നാണ് കരുതുന്നത്.
വർഷത്തിൽ 300 പ്രസവ കേസുകൾ കൈകാര്യം ചെയ്തിരുന്ന ആശുപത്രിയായിരുന്നു ചെറൂപ്പ ഹെൽത്ത് യൂണിറ്റ്. 24 മണിക്കൂറും മികച്ച ഡോക്ടർമാരുടെ സേവനവും ആശുപത്രിയിൽ ലഭ്യമായിരുന്നു. മെഡിക്കൽ കോളജിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ പ്രവർത്തനം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ആകെ താറുമാറായത്.
ആയിരത്തിനടുത്ത് രോഗികൾ ഓരോ ദിവസവും പരിശോധനയ്ക്ക് എത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാരോ മറ്റ് അനുബന്ധ ചികിത്സാ സംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയാണ്. കിടത്തി ചികിത്സയും പ്രസവ കേസുകളുടെ ചികിത്സയും എത്രയോ വർഷങ്ങൾക്ക് മുമ്പ് നിലച്ചു പോയിട്ടുണ്ട്. കോഴിക്കോട്ടെ ജനങ്ങള് മാത്രമല്ല മലപ്പുറം ജില്ലയില് സ്ഥിതി ചെയ്യുന്ന ഏതാനും പഞ്ചായത്തിലുള്ളവരുടെയും ആശ്രയമായിരുന്നു ഇവിടം.
മെഡിക്കൽ കോളജിന് കീഴിലെ ഹൗസ് സർജൻസി ഡോക്ടർമാർ നേരത്തെ താമസിച്ച് പഠിച്ചിരുന്നത് ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ ആയിരുന്നു. എന്നാൽ എല്ലാവരും ചെറൂപ്പ ആശുപത്രിയെ ഉപേക്ഷിച്ച് പോയതോടെ ക്വാർട്ടേഴ്സുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും നശിച്ചു പോയി തുടങ്ങി.
നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രി നവീകരിച്ച് ജനോപകാരപ്രദമാക്കണമെന്ന് ആവശ്യവുമായി നിരവധി തവണ ആശുപത്രി പടിക്കൽ സമരങ്ങൾ നടത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. ആശുപത്രിയുടെ ചുമതല മെഡിക്കൽ കോളജിന് കീഴിലും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും കീഴിൽ തരംതിരിച്ചത് കൊണ്ട് അധികാരത്തെ ചൊല്ലിയുള്ള തർക്കങ്ങളും മുറുകി. ഇതാണ് പ്രധാനമായും ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചത്.
നാട്ടുകാരുടെ ഒത്തൊരുമിച്ചുള്ള ആവശ്യപ്രകാരം എംഎ റസാഖ് എംഎൽഎ ഇടപെട്ടതോടെയാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ ഉയർന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഉറപ്പ് നിയമസഭയിൽ കിട്ടിയ സാഹചര്യത്തിൽ എംഎ റസാഖ് എംഎൽഎ ചെറൂപ്പ ആശുപത്രിയിൽ സന്ദർശനം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് എംപി ശ്രീജയന് ഒപ്പം എംഎൽഎ ആശുപത്രിയും പരിസരവും നേരിട്ട് വീക്ഷിച്ച് എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് കാര്യത്തിൽ ചർച്ച നടത്തി.
ചർച്ചയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, മാവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയ, സാമൂഹ്യ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും എന്തൊക്കെ വിഭാഗങ്ങളാണ് ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ ഒരുക്കാനാവുക എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ജൂലൈ 4ന് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വിളിച്ച യോഗത്തിൽ ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു. ആറ് ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ചെറൂപ്പ ഹെൽത്ത് യൂണിറ്റ് ആധുനിക രീതിയിൽ സജ്ജീകരിച്ചാൽ ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമങ്ങളിലും തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്കും ഉപകാരപ്രദമാകും.
അതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിലെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കുകയും ചെയ്യും. ചെറൂപ്പ ആശുപത്രിയിൽ കിടത്തി ചികിത്സയും നേരത്തെ നടന്നിരുന്ന പ്രസവ ചികിത്സയും പുനഃസ്ഥാപിക്കുന്നതിന് ഗൗരവമുള്ള ആലോചനയുണ്ടെന്നും ചെറൂപ്പയിൽ നടന്ന ചർച്ചയ്ക്ക് ശേഷം എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR