സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി.
Thiruvananthapuram , 02 ജൂലൈ (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. തുടർച്ചയായി വില ഉയരുന്ന സാഹചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാ
Gold rate


Thiruvananthapuram , 02 ജൂലൈ (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. തുടർച്ചയായി വില ഉയരുന്ന സാഹചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം രൂപ നൽകേണ്ടി വരും.

രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 210 രൂപ വർധിച്ച് 13,250 രൂപയിലും പവന് 1,06,000 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വീണ്ടും മാറ്റങ്ങളുണ്ടായി. ഗ്രാമിന് 140 രൂപയുടെ വ്യത്യാസം വന്നതോടെ ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയും പവന് 1,05,440 രൂപയുമായി മാറി.

ഇന്നലെ രണ്ട് തവണയായി വിലയിൽ ചാഞ്ചാട്ടം നേരിട്ടതിന് പിന്നാലെയാണ് ഇന്നത്തെ ഈ മാറ്റങ്ങൾ. ജൂലൈ ഒന്നിനും രണ്ട് തവണയാണ് വില മാറിയത്. ഇന്നലെ രാവിലെ പവന് 480 രൂപ കുറഞ്ഞ് 1,03,240 രൂപയായിരുന്നു നിരക്ക്. ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയർന്നതോടെ പവന് 1,04,320 രൂപയും ഗ്രാമിന് 13,040 രൂപയുമായി. ജൂൺ അവസാന ദിവസങ്ങളിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂൺ 30ന് രാവിലെ 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിലും ഉച്ചയോടെ വില വർധിച്ച് 1,04,160 രൂപയിലെത്തിയിരുന്നു.

മറ്റ് കാരറ്റുകളുടെ വില വിവരങ്ങൾ

ആദ്യ വ്യാപാരത്തിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ വർധിച്ച് 10,890 രൂപയിലും പവന് 87,120 രൂപയിലുമാണ് എത്തിയത്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,480 രൂപയും പവന് 67,840 രൂപയുമായിരുന്നു വില. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം നടന്നത്.

എന്നാൽ പിന്നീട് ഇതിലും മാറ്റങ്ങളുണ്ടായി. നിലവിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 10,835 രൂപയിലെത്തി. പവന് 86,680 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,435 രൂപയും പവന് 67,480 രൂപയുമാണ് ഇന്നത്തെ വില. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 5,440 രൂപയിലെത്തി. പവന് 43,520 രൂപയാണ് നിരക്ക്.

വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ

ആഗോള സ്വർണ വിപണിയിലെ ഭൗമ രാഷ്ട്രീയ, സാമ്പത്തിക കാലാവസ്ഥ സങ്കീർണമായി തുടരുന്നതാണ് രാജ്യത്തെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതും സ്വർണവില വീണ്ടും ഉയരാൻ കാരണമാകുന്നുണ്ട്.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരുടെ എണ്ണം വർധിച്ചതാണ് ആഗോള തലത്തിൽ ഡിമാൻഡ് ഉയർത്തുന്നത്. വില കുറഞ്ഞ സമയത്ത് സ്വർണത്തിലേക്ക് പുതിയ നിക്ഷേപകർ എത്തിയത് വില ക്രമാതീതമായി ഉയരുന്നതിലേക്ക് നയിച്ചു.

മുൻകൂർ ബുക്കിങ് ഗുണകരം

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നത് സാധാരണക്കാരെയും വിവാഹം നിശ്ചയിച്ച് കാത്തിരിക്കുന്നവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മാർഗം. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാം. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.

ഇനി ബുക്ക് ചെയ്ത ദിവസത്തേക്കാൾ വില കുറയുകയാണെങ്കിൽ, അന്നത്തെ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണം വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. അതേസമയം, പഴയ ആഭരണം വിൽക്കാൻ കാത്തിരിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ഒരു പവൻ സ്വർണം വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ ലഭിച്ചേക്കും. വരും ദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ സൂചനകൾ. അതിനാൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News