Enter your Email Address to subscribe to our newsletters

Kasaragod , 02 ജൂലൈ (H.S.)
കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു. ഷിറിയ സ്വദേശി ഭാഗ്യരതിയുടെ 40 വർഷം പഴക്കമുള്ള വീടാണ് തകർന്നത്. ഓടിട്ട മേൽക്കൂര മഴ കനത്തപ്പോൾ പൂർണമായും നിലം പൊത്തി. അപകട സമയത്ത് അകത്ത് ഉണ്ടായിരുന്ന തിരുമലേഷ്, ഭാര്യ സുസ്മിത എന്നിവർക്ക് സാരമായി പരിക്കേറ്റു. അതേസമയം വീട്ടിൽ ഉണ്ടായിരുന്ന 74 കാരി ഭാഗ്യരതിയും അഞ്ച് വയസുകാരി സാഥ്വികയും അത്ഭുതകരമായി രക്ഷപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വർഷങ്ങളായി വീട് പുതുക്കി പണിയാൻ സാധിച്ചില്ലെന്ന് കുടുംബം പറയുന്നു.
തിരിഞ്ഞ് നോക്കാതെ അധികൃതർ
സംഭവത്തിന് ശേഷം വില്ലേജ് ഓഫിസിൽ വിളിച്ചപ്പോൾ വാഹനം ഇല്ലെന്നാണ് പറഞ്ഞത്. 24 മണിക്കൂർ ആയിട്ടും വില്ലേജ് ഓഫിസിൽ നിന്നും ആരും വന്ന് നോക്കിയില്ലെന്നും തിരുമലേഷ് പറഞ്ഞു. മാറി നിൽക്കാൻ മറ്റൊരു സ്ഥലമില്ല. 10 പേരാണിവിടെ താമസിക്കുന്നത്. കണ്ണ് കാണാത്ത അമ്മയെക്കൊണ്ട് എങ്ങോട്ട് പോകുമെന്നും തിരുമലേഷ് ചോദിക്കുന്നു?. കനത്ത മഴയിൽ ഇന്നലെ വലിയ ശബ്ദത്തോടെയാണ് വീട് തകർന്ന് വീണത്. കാര്യമായ അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ഇവരുടെ ഭയം വിട്ടുമാറിയിട്ടില്ല.
'ഇന്നലെ 12 മണിക്കായിരുന്നു സംഭവം. കാറ്റിലും മഴയിലും വീട് പൂർണമായും തകർന്നു. താനും കുഞ്ഞും അമ്മയും ഭാര്യയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തേക്കിറങ്ങി ഓടാനും പറ്റാത്ത അവസ്ഥയായിരുന്നു. മേൽക്കൂര അടർന്ന് വീണ് ഭാര്യയ്ക്കും തനിക്കും പരിക്കുണ്ട്. മേൽക്കൂര മാറ്റിയിട്ട് തന്നെ കുറേ വർഷങ്ങളായി. വീട് പണിയുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ അപേക്ഷകൾ നൽകിയിട്ടും ഒരു സഹായവും ലഭിച്ചിട്ടില്ല', എന്ന് തിരുമലേഷ് പറഞ്ഞു. അതേസമയം, പഞ്ചായത്ത് മെമ്പർ മാത്രമാണ് വീട്ടിൽ എത്തി അന്വേഷിച്ചത്. റവന്യൂ അധികൃതർ തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
വീട്ടുമുറ്റത്തെ മണ്ണിടിഞ്ഞു, വീട് അപകടാവസ്ഥയിൽ
അതിനിടെ കാസർകോട് ഇന്ന് പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ അരിപ്രോട് സ്വദേശി രാഘവൻ്റെ വീട്ടുമുറ്റത്തെ മണ്ണിടിഞ്ഞു. മുറ്റം റോഡിലേക്ക് ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി. കാഞ്ഞങ്ങാട്-പാണത്തൂർ അന്തർ സംസ്ഥാന പാതയ്ക്കായി വീടിന് സമീപത്ത് നിന്ന് മണ്ണെടുത്തതാണ് അപകടത്തിന് കാരണമായത്.
ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ശക്തമായ മഴയിലും കാറ്റിലും നീലേശ്വരത്തിനടുത്ത് റെയിൽവേ പാളത്തിൽ മരം പൊട്ടിവീണു. ഇതേ തുടർന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്. പിന്നീട് ട്രാക്കിൽ നിന്ന് മരം പൂർണമായും മാറ്റിയതിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR