Enter your Email Address to subscribe to our newsletters

Wayanad , 02 ജൂലൈ (H.S.)
ലഹരിക്കെതിരായ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനായി ഫുട്ബോൾ കളിക്കളത്തെ വേദിയാക്കി വയനാട്ടിലെ ജയിൽ ജീവനക്കാർ. കേരള ജയിൽ സബോർഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാനന്തവാടി ജില്ലാ ജയിൽ ടീം കിരീടം നേടി.
ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിലുള്ള 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ലഹരി മാഫിയക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന ഈ പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ജില്ലാ ജയിൽ സൂപ്രണ്ട് ഷൈജു എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈത്തിരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അനൂപ് കെ കെ ഉൾപ്പെടെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
ജയിലുകൾ തമ്മിലുള്ള ആദ്യ മത്സരം
വയനാട് ജില്ലയിൽ ജയിൽ വകുപ്പിന് കീഴിൽ മാനന്തവാടി ഡിസ്ട്രിക്ട് ജയിലും വൈത്തിരി സ്പെഷ്യൽ ജയിലുമാണുള്ളത്. മയക്കുമരുന്നിന് അടിമകളായവരുടെ അവസ്ഥകൾ നേരിട്ടറിയുന്നവരെന്ന നിലയിലാണ് പരിമിതമായ ജീവനക്കാരെ വച്ച് ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് ഷൈജു എ വ്യക്തമാക്കി. ലോകകപ്പ് ആവേശത്തിന് സമാനമായി സംഘടിപ്പിച്ച സൗഹൃദമത്സരത്തിൽ ഇരു ജയിലുകളിലെയും ജീവനക്കാരുടെ ആത്മാർഥമായ പങ്കാളിത്തമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനന്തവാടി ജില്ലാ ജയിലിലെയും വൈത്തിരി സ്പെഷ്യൽ സബ് ജയിലിലെയും ജീവനക്കാരാണ് മത്സരത്തിൽ മാറ്റുരച്ചത്. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ആറിനെതിരെ അഞ്ച് ഗോളുകൾക്ക് മാനന്തവാടി ജില്ലാ ജയിൽ ടീം വിജയികളായി. ജയിൽ ജീവനക്കാരെ പങ്കെടുപ്പിച്ച് ജില്ലയിൽ നടത്തുന്ന ആദ്യ സൗഹൃദ ഫുട്ബോൾ ടൂർണമെൻ്റാണിതെന്ന് സംഘാടകർ അറിയിച്ചു.
കായിക രംഗത്തേക്ക് യുവാക്കളെ തിരികെയെത്തിക്കാൻ ശ്രമം
മലയാളികളുടെ രക്തത്തിലലിഞ്ഞ കാര്യങ്ങളാണ് രാഷ്ട്രീയവും ഫുട്ബോളും. ലോകകപ്പ് കാലത്ത് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ഫുട്ബോൾ ആവേശം മലയാളികൾക്കുണ്ട്. എന്നാൽ ഇന്ന് സമൂഹം വലിയ രീതിയിൽ മാറുകയും യുവാക്കൾ ലഹരിയിലേക്ക് വഴുതിവീഴുകയും ചെയ്തു. ഗ്രാമങ്ങളിലെ മൈതാനങ്ങൾ അപ്രത്യക്ഷമാകുന്നതാണ് ഇതിന് പ്രധാന കാരണം. കുട്ടികളെയും യുവാക്കളെയും ഗ്രൗണ്ടുകളിൽ നിന്ന് നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോകേണ്ടിയിരുന്ന കാലഘട്ടത്തിൽ നിന്ന്, ഇന്ന് പണം കൊടുത്ത് കളിക്കാൻ പോകേണ്ട അവസ്ഥയിലെത്തിയെന്നും സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അനൂപ് കെ കെ പറഞ്ഞു. യുവാക്കളുടെ മനസ്സ് മാറ്റി നല്ല വഴിയിലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം വ്യക്തമാക്കി.
കളിസ്ഥലങ്ങൾ ഇല്ലാതാകുന്നതും യുവാക്കൾ കായിക രംഗത്ത് നിന്ന് അകന്നുപോകുന്നതും ലഹരി ഉപയോഗത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ സഹായിക്കും. കായിക സംസ്കാരം വളർത്തുന്നതിലൂടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകുമെന്ന സന്ദേശമാണ് പരിപാടി പങ്കുവച്ചത്. കളിക്കളത്തിൽ ജയപരാജയങ്ങൾക്കപ്പുറം ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് നൽകാൻ ജയിൽ ജീവനക്കാർക്ക് കഴിഞ്ഞു. കായിക രംഗത്തേക്ക് യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനുള്ള ബോധവത്കരണ ശ്രമങ്ങൾ തുടരുമെന്നും സംഘാടകർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR