Enter your Email Address to subscribe to our newsletters

Kozhikode , 02 ജൂലൈ (H.S.)
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ആദ്യം ആരോപണ വിധേയനായ എംഎസ്എഫ് നേതാവ് പികെ കാസിമിനെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ നിന്ന് പൂർണമായി ഒഴിവാക്കി. വ്യാജ സ്ക്രീൻഷോട്ട് കാസിമിൻ്റെ പേരിൽ കൃത്രിമമായി നിർമിച്ചതാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് നടപടി. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയ്ക്കെതിരെ വർഗീയ പരാമർശമുള്ള സ്ക്രീൻഷോട്ട് നിർമിച്ചു എന്നതായിരുന്നു കാസിമിനെതിരെയുള്ള ആരോപണം.
കാസിം തൻ്റെ നിരപരാധിത്വം തെളിയിക്കാൻ മൂന്ന് മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ ഫോണുകളിൽ നിന്ന് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. യുഡിഎഫ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കാസിം നിരപരാധിയാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
താൻ നിരപരാധിയാണെന്ന് പുറംലോകത്തെ അറിയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് കാസിം പ്രതികരിച്ചു. ഒരു വർഗീയവാദിയായി ആദ്യം മുദ്രകുത്തപ്പെട്ടതാണ് സഹിക്കാൻ പറ്റാതായത്. കേസിൽ തനിക്കൊപ്പം നിന്നവരോടെല്ലാം അകമഴിഞ്ഞ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ നാളെ വിധി പറയും. വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. ഫോണിലെ രേഖകൾ തിരിച്ച് കിട്ടാത്ത വിധം ജിതിൻ മനഃപൂർവം നശിപ്പിച്ചതായും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭ്യമായതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നാണ് ജിതിൻ ഭാസ്കറിൻ്റെ വാദം.
ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പ്രതിയെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 3 ആഴ്ച കൊണ്ട് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
രണ്ടര വർഷം നീണ്ട കേസിലെ ആദ്യ അറസ്റ്റാണിത്. സ്ക്രീൻഷോട്ട് വിവിധ ഗ്രൂപ്പുകളിലേക്ക് ആദ്യം പ്രചരിപ്പിച്ചത് ജിതിൻ ഭാസ്കറാണെന്ന് സ്ഥിരീകരിച്ചു. അതേസമയം സ്ക്രീൻഷോട്ട് തയാറാക്കിയത് എവിടെയാണെന്നും ആരാണെന്നും കണ്ടെത്താനുണ്ട്. ഇതേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
കാഫിർ സ്ക്രീൻ ഷോട്ട്: ജിതിൻ ഭാസ്കർ അഡ്മിനായ വടകര സ്ക്വാഡ് വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജിതിൻ അംഗമായ മറ്റ് ഗ്രൂപ്പുകളിലും ഇത് പ്രചരിപ്പിച്ചിട്ടുണ്ട്. ജിതിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെയും ചോദ്യം ചെയ്തിരുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പോളിങ് ദിനത്തിൻ്റെ തലേന്ന് ഷാഫി പറമ്പിൽ എംപിയെ ദീനിയായ മുസ്ലിം' ആയും കെ.കെ ശൈലജയെ 'കാഫിറായും ചിത്രീകരിച്ച് കൊണ്ടുള്ള സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
എംഎസ്എഫ് പ്രവർത്തകനായ പികെ മുഹമ്മദ് കാസിം വാട്സ്ആപ്പിൽ അയച്ചതെന്ന പേരിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ട് ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. എൽഡിഎഫിൻ്റെ പരാതിയിൽ കാസിമിനെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം അന്വേഷണം നടത്തിയത്. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ കേസ് അന്വേഷണം വടകര പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാറക്കൽ അബ്ദുല്ല എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതിനെത്തുടർന്നാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR