Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ജൂലൈ (H.S.)
സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ (കെ.എസ്.സി.ഡി.സി) അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റുമായ ആർ. ചന്ദ്രശേഖരൻ. കോർപറേഷൻ്റെ തീരുമാനങ്ങളിൽ പൂർണാധികാരം ഡയറക്ടർ ബോർഡിനാണെന്നും, ബോർഡ് ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളിൽ ചെയർമാനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ കോടതിക്ക് കൈമാറാനിരിക്കെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചത്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു
2005 മുതൽ 2015 വരെയുള്ള കാലയളവിലെ ഇടപാടുകൾ അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ താൻ 2012 മുതൽ 2015 വരെ മാത്രമാണ് ചെയർമാൻ സ്ഥാനത്ത് ഇരുന്നത്. താൻ ചെയർമാനായിരുന്ന കാലഘട്ടത്തിൽ കോർപറേഷനിൽ എടുത്ത തീരുമാനങ്ങളെല്ലാം ഡയറക്ടർ ബോർഡിൻ്റെ ഏകകണ്ഠമായ തീരുമാനങ്ങളായിരുന്നു. സ്ഥാപനത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് സർക്കാരാണ്. സർക്കാരിൻ്റെ ഏത് അന്വേഷണ നടപടിയെയും പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് താൻ ആരുടെയും അടുക്കൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ റിപ്പോർട്ടുകളും കോടതി നടപടികളും
കശുവണ്ടി വികസന കോർപറേഷനിൽ നിലവിൽ നാല് തൊഴിലാളി യൂണിയനുകളാണുള്ളത്. ഇതിന് ബദലായി കാഞ്ഞങ്ങാടുള്ള കമ്പനിയിൽ സുരേഷ് ബാബു പുതിയൊരു യൂണിയൻ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ മാനേജർ ഈ യൂണിയനെ അംഗീകരിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് അവിടെ സംഘർഷമുണ്ടാകുകയും സുരേഷ് ബാബുവിനെതിരെ രണ്ടുമൂന്ന് കേസുകൾ എടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കോർപറേഷനെതിരെ ഇയാൾ വ്യാപകമായി പരാതികൾ അയക്കാൻ തുടങ്ങിയത്. സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിലുള്ള സാമ്പത്തിക പരിശോധനാ വിഭാഗത്തിനാണ് (ഫിനാൻഷ്യൽ ഇൻസ്പെക്ഷൻ വിങ്) പരാതികൾ നൽകിയത്. അവർ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തെത്തി പരിശോധന നടത്തി നാലഞ്ചു വ്യാജ റിപ്പോർട്ടുകൾ തയാറാക്കി.
ഈ റിപ്പോർട്ടുകളുമായി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതികൾ പരിഗണിച്ച ഹൈക്കോടതി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യൻ ഐ.എ.എസിൻ്റെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര സമിതിയെ (ഹൈ പവർ കമ്മിറ്റി) അന്വേഷണത്തിനായി നിയോഗിച്ചു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇക്കാര്യം സർക്കാർ ഇന്ന് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR