കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി.
Ernakulam , 02 ജൂലൈ (H.S.) കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്നാവശ്യപ്പെട്ടുള്ള മുഹമ്മദ് ഫർമാൻ്റെ ഹ
Kumba mela


Ernakulam , 02 ജൂലൈ (H.S.)

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്നാവശ്യപ്പെട്ടുള്ള മുഹമ്മദ് ഫർമാൻ്റെ ഹർജി കേരളാ ഹൈക്കോടതി തള്ളി.

മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്ന് കേരള ഹൈക്കോടതി പറഞ്ഞു. അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. ട്രാൻസിറ്റ് മുൻകൂർ ജാമ്യക്കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇന്നലെ മണ്ഡലേശ്വർ കോടതി മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ സാവകാശം ലഭിക്കാനായിരുന്നു കേരളാ ഹൈക്കോടതിയെ ഫർമാൻ വീണ്ടും സമീപിച്ചത്.

നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ കേരളാ ഹൈക്കോടതി ട്രാൻസിറ്റ് മുൻകൂർ ജാമ്യം നൽകിയിരുന്നതാണ്. അന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാതെ അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാനായിരുന്നു കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. ഹർജിക്കാർക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ മധ്യപ്രദേശ് സർക്കാർ അന്ന് എതിർത്തിരുന്നു. വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും മുഹമ്മദ് ഫർമാനെതിരെ നിലനിൽക്കുന്നുണ്ട്.

അതേസമയം ഇരയായ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ല, ജനന സർട്ടിഫിക്കറ്റിൽ കൃത്രിമത്വം നടന്നു, ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് ജനന സർട്ടിഫിക്കറ്റ് നേടിയെടുത്തത് തുടങ്ങിയവയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം. സർട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടെന്നും മധ്യപ്രദേശ് സർക്കാർ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വൈറൽ താരത്തിൻ്റെ വിവാഹവും നിയമകുരുക്കുകളും

2026 മാർച്ചിലാണ് കുംഭമേളയിലെ വൈറല് താരമായ പെൺക്കുട്ടിയും കാമുഖനായ ഫർമാന് ഖാനും കേരളത്തിൽ വച്ച് വിവാഹിതരായത്. വീട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തിയ ഇരുവരുടെയും വിവാഹം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹ ശേഷം പെൺക്കുട്ടിക്ക് 18 വയസ് ആയിട്ടില്ലെന്നാരോപിച്ച് വീട്ടുകാർ രംഗത്തെത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പെൺക്കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളുവെന്ന ജനനസർട്ടിഫക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്. വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ നിന്ന് രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു.

കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയെന്ന പേരിൽ വ്യാജ രേഖകളാണ് ഫർമാൻ ഖാൻ വിവാഹ സമയം നൽകിയതെന്ന് കണ്ടെത്തി. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഫർമാൻ ഖാനെതിരെ പോക്സോ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വകുപ്പുകൾ പ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News