Enter your Email Address to subscribe to our newsletters

Ernakulam , 02 ജൂലൈ (H.S.)
കൺമുന്നിൽ പൊലിയുമായിരുന്ന ഒരു മനുഷ്യ ജീവൻ അതിവേഗത്തിലുള്ള സമയോചിത ഇടപെടലിലൂടെ മാറ്റിയിരിക്കയാണ് ഒരു കൂട്ടം മനുഷ്യർ. കാലടി പാലത്തിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയിലാണ് പെരുമ്പാവൂർ സ്വദേശിയായ സിനാജിന് (38) ഹൃദയാഘാതമുണ്ടായത്. സംഭവം ശ്രദ്ധയില്പ്പെട്ട നഴ്സുമാരും നാട്ടുകാരുമാണ് യുവാവിന് രക്ഷകരായത്. ഒരു നിമിഷം പോലും വൈകാതെ നൽകിയ കൃത്യമായ പ്രഥമശുശ്രൂഷയാണ് യുവാവിനെ മരണമുഖത്തില് നിന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
വഴിത്തിരിവായത് ബൈക്ക് യാത്രികൻ്റെ ശ്രദ്ധ
കാലടി പാലത്തിന് സമീപം ട്രാക്ക് തെറ്റിച്ച് ഹസാർഡ് ലൈറ്റുകൾ തെളിയിച്ച് അസ്വാഭാവികമായ രീതിയിൽ ഒരു കാർ വരുന്നത് ഒക്കൽ സ്വദേശി രഞ്ജിത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടു. അതേ റൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു രഞ്ജിത്ത്. സംശയം തോന്നി കാറിനരികിലെത്തി അന്വേഷിച്ചപ്പോഴാണ് നെഞ്ചുവേദന കാരണം താൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നും ഡ്രൈവിങ് സീറ്റിലിരുന്ന സിനാജ് അറിയിച്ചത്.
കാര്യത്തിൻ്റെ ഗൗരവം മനസിലാക്കിയ രഞ്ജിത്ത് ഉടൻ തന്നെ കാറിന് മുന്നിൽ പോയി ബ്ലോക്കുകൾ മാറ്റി വാഹനത്തിന് വഴിയൊരുക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് സുഹൃത്തായ മുഹമ്മദാലിയെ രഞ്ജിത്ത് കാണുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ മുഹമ്മദാലി ആംബുലൻസ് വിളിക്കുകയും സഹായത്തിനായി ഓടിയെത്തുകയും ചെയ്തു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ കാറിലുണ്ടായിരുന്ന സിനാജ് കുഴഞ്ഞ് വീഴുകയായിരുന്നു.
യുവാവിൻ്റെ നില വഷളായതോടെ രഞ്ജിത്ത് ഒട്ടും സമയം കളയാതെ തൊട്ടടുത്ത് ഗതാഗതക്കുരുക്കിൽ കിടന്നിരുന്ന ഒരു സ്വകാര്യ ബസിലേക്ക് ഓടിക്കയറി. ബസിനുള്ളിൽ ആരോഗ്യപ്രവർത്തകർ ആരെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ഉറക്കെ ചോദിച്ചു. ഇത് കേട്ടതും ബസിലുണ്ടായിരുന്ന രണ്ട് നഴ്സുമാർ ഒരു നിമിഷം പോലും ആലോചിച്ച് നിൽക്കാതെ വാഹനത്തിൽ നിന്നും അതിവേഗമിറങ്ങി കാറിനടുത്തേക്ക് കുതിച്ചു.
അങ്കമാലി അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ അഞ്ജലി ബൈജു, കോതമംഗലം മാർ ബസേലിയോസ് കോളജിലെ അവസാന വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയും കാലടി സ്വദേശിനിയുമായ ആർദ്ര രാജു എന്നിവരായിരുന്നു സിനാജിന് രക്ഷകരായത്.
സിപിആറിലൂടെ തിരിച്ചുപിടിച്ച ജീവന്
കാറിനുള്ളിൽ അബോധാവസ്ഥയിലായിരുന്ന സിനാജിന് നഴ്സുമാർ ഉടൻ തന്നെ സിപിആർ (Cardiopulmonary Resuscitation) നൽകാൻ ആരംഭിച്ചു. വിദഗ്ധമായ ഇവരുടെ പരിചരണത്തിനൊടുവിൽ സിനാജ് പതുക്കെ ബോധം വീണ്ടെടുത്തു. അപ്പോഴേക്കും മുഹമ്മദാലി വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് സിനാജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിലും സിനാജിനൊപ്പം കയറിയ നഴ്സ് അഞ്ജലി, ആശുപത്രിയിൽ എത്തുന്നതുവരെ സിപിആർ നൽകുന്നത് തുടർന്നുകൊണ്ടേയിരുന്നു. ഇത് യുവാവിൻ്റെ ഹൃദയമിടിപ്പ് നിലച്ചുപോകാതെ കാത്തു സൂക്ഷിക്കാൻ സഹായിച്ചു.
ആരോഗ്യനില തൃപ്തികരം
ആശുപത്രിയിൽ എത്തിച്ച സിനാജിനെ അടിയന്തര പരിശോധനകൾക്ക് വിധേയനാക്കിയപ്പോൾ രക്തധമനികളിൽ തടസം കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ഉടൻ തന്നെ ഇയാളെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ സിനാജിൻ്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൃത്യസമയത്ത് ബസിൽ നഴ്സുമാരുടെ സാന്നിധ്യമുണ്ടായതും രഞ്ജിത്ത്, മുഹമ്മദാലി എന്നിവരുടെ അവസരോചിതമായ ഇടപെടലുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയതെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. ആപത്ത് ഘട്ടത്തില് രക്ഷകരായി എത്തിവര്ക്ക് നന്ദി പറയുകയാണിപ്പോള് സിനാജും കുടുംബവും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR