Enter your Email Address to subscribe to our newsletters

Cherthala , 02 ജൂലൈ (H.S.)
ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായി നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത ചേർത്തല സെൻ്റ് മൈക്കിൾസ് കോളജിന് സമീപമുള്ള ഉയരപ്പാതയിൽ വൻ ഗർത്തം രൂപപ്പെട്ട സംഭവം നാടകീയ രംഗങ്ങൾക്കും വൻ വിവാദങ്ങളിലേക്കും നീങ്ങുന്നു.
11-ാം മൈലിൽ മേൽപ്പാലത്തിൻ്റെ മധ്യഭാഗത്തായി ചൊവ്വാഴ്ച വൈകിട്ട് 6.30-ഓടെയാണ് ഏകദേശം നാല് മീറ്ററോളം വ്യാസത്തിലും പത്തടിയോളം ആഴത്തിലും ഭീതിജനകമായ രീതിയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നത്. എന്നാൽ, അപകടത്തിൻ്റെ യഥാർഥ കാരണം ശാസ്ത്രീയമായി പരിശോധിക്കുന്നതിന് മുൻപ്, അർധരാത്രിയിൽ അധികൃതർ കുഴി സിമൻ്റും കല്ലും ഉപയോഗിച്ച് മൂടിയതാണ് നാട്ടുകാരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായത്.
ചൊവ്വാഴ്ച വൈകിട്ട് ഗർത്തം രൂപപ്പെട്ടയുടൻ ദേശീയപാത അതോറിറ്റി (NHAI) മണ്ണുമാന്തി യന്ത്രവുമായി കുഴി മൂടാൻ എത്തിയിരുന്നു. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളും യാത്രക്കാരും ഇത് തടഞ്ഞു. കൃത്യമായ പരിശോധന വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് ജനങ്ങൾ പിരിഞ്ഞുപോയ അർധരാത്രിയോടെ അധികൃതർ രഹസ്യമായി സിമൻ്റ് മിശ്രിതമുപയോഗിച്ച് ഗർത്തം അടയ്ക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ കെപിസിസി സെക്രട്ടറി എസ് ശരത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടാറിങ് തടഞ്ഞ് പ്രതിഷേധിച്ചു. നിർമാണത്തിലെ വൻ അഴിമതിയും അപാകതകളും മറയ്ക്കാനാണ് ഈ തിടുക്കത്തിലുള്ള കുഴിമൂടലെന്ന് നാട്ടുകാരാണ് ആരോപിച്ചു. രാവിലെ പരിശോധനയ്ക്കെത്തിയ വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് (PWD) ഉദ്യോഗസ്ഥരും കുഴി മൂടിയ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി.
തുറന്നടിച്ച് ജല അതോറിറ്റി
പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിലെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെ, ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ് രംഗത്തെത്തി.
ദേശീയപാത നിർമാണത്തിനായി സ്ഥാപിച്ച സംരക്ഷണ ഭിത്തി ജല അതോറിറ്റിയുടെ പഴയ പ്രധാന കുടിവെള്ള പൈപ്പുകൾക്ക് മുകളിലാണ് അശാസ്ത്രീയമായി നിർമിച്ചിരിക്കുന്നത്. പഴയ പൈപ്പുകൾ മാറ്റാതെ അതിനുമുകളിൽ ഭിത്തി നിർമിച്ചതാണ് തകർച്ചയ്ക്ക് കാരണം. എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ് പറഞ്ഞു.
താത്കാലിക സംവിധാനമെന്ന് ദേശീയപാത അതോറിറ്റി
അതേസമയം, കോൺക്രീറ്റ് ഇട്ട് കുഴി മൂടിയ നടപടിയിലും വരാനിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ചും ദേശീയപാത വിഭാഗം ജനറൽ മാനേജർ ജോൺ ജീവൻ രംഗത്തെത്തി.
ഇവിടെ ഇപ്പോൾ ചെയ്തിരിക്കുന്നത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണ്. ഒരു മാസം മുൻപ് ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ വലിയ സമ്മർദ്ദമുണ്ടാവുകയും അടിയിലെ മണ്ണ് ഒലിച്ചുപോവുകയും ചെയ്തിരുന്നു. ഇതാണ് റോഡ് താഴാൻ കാരണം. ഇത്തരത്തിൽ അപകടസാധ്യതയുള്ള മറ്റ് അഞ്ച് സ്ഥലങ്ങൾ കൂടി ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പൂർണമായി നീക്കി, അടിത്തറ ശക്തമാക്കിയ ശേഷമേ ഇനി ഇവിടെ സ്ഥിരമായ ടാറിങ് നടത്തുകയുള്ളൂ. എന്ന് അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ചും വിജിലൻസും രംഗത്ത്; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി എം.എൽ.എ
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച്, ആലപ്പുഴ ഡിവൈഎസ്പി യുടെ കീഴിലുള്ള വിജിലൻസ് വിങ്, മാരാരിക്കുളം സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാത 66-ൻ്റെ നിർമാണത്തിൽ ഗുരുതരമായ അശാസ്ത്രീയതയും കാര്യക്ഷമതയില്ലായ്മയും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ പി പ്രസാദ് മുഖ്യമന്ത്രി വിഡി സതീശന് അടിയന്തര കത്തയച്ചു. ഭാരമേറിയ ജലചോർച്ചാ പൈപ്പുകൾ (Jumbo Drain) സ്ഥാപിക്കാത്തതും അടിപ്പാതയുടെ സംരക്ഷണഭിത്തി പൈപ്പുകൾക്ക് മുകളിൽ പണിതതുമാണ് ഈ തകർച്ചയ്ക്ക് കാരണമെന്നും, ഇതിൽ ഉന്നതതല വിദഗ്ധ അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR