Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ജൂലൈ (H.S.)
സംസ്ഥാനത്തിൻ്റെ താത്പര്യം സംരക്ഷിക്കാൻ യുഡിഎഫ് സർക്കാർ തയാറാകണമെന്നും വിരുദ്ധമായ നടപടികളുണ്ടായാൽ ശക്തമായി എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മദ്യനികുതി, കരിമണൽ ഖനനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് സർക്കാർ കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മദ്യനികുതിയിലെ ഇളവും അട്ടിമറിയും
മദ്യനികുതി വിഷയത്തിൽ അനാവശ്യ വാശിയും ധൃതിയും കാണിച്ച മുഖ്യമന്ത്രി നിയമസഭയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചു. ഏതു മാർഗത്തിലൂടെയും നികുതിയളവ് നൽകണമെന്ന നിർബന്ധബുദ്ധിയാണ് അദ്ദേഹം കാണിക്കുന്നത്. ഇത് സമൂഹത്തിൽ വിലകുറഞ്ഞ മദ്യത്തിൻ്റെ വ്യാപനത്തിന് കാരണമാകും. യുഡിഎഫിൽ ചർച്ച ചെയ്തശേഷം മാത്രമേ തീരുമാനിക്കൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി, ധനകാര്യബിൽ പാസാക്കിയതിലൂടെ ആ വാഗ്ദാനം ലംഘിച്ചു. മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തത്. ശക്തമായ എതിർപ്പുകൾ വന്നിട്ടും അതൊന്നും വകവയ്ക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
എതിർപ്പ് ഉയർന്നപ്പോൾ വല്ലാതെ അസ്വസ്ഥനായ അദ്ദേഹം വിതണ്ഡവാദങ്ങൾ അണിനിരത്തി പ്രതിരോധിക്കാനാണ് ശ്രമിച്ചത്. മുൻ എൽഡിഎഫ് സർക്കാർ വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. അന്ന് പുതിയ നികുതി നിർദേശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ബിവറേജസ് കോർപറേഷന് മാത്രമേ നിലവിൽ മദ്യവിൽപനയ്ക്ക് അനുമതിയുള്ളൂ. അവർ വിൽക്കാൻ പോകുന്നില്ലെങ്കിൽ ഇത്ര തിടുക്കപ്പെട്ട് നികുതിയളവ് നൽകുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം.
നിയമനിർമാണം കോൾഡ് സ്റ്റോറേജിലിരിക്കെ, ബക്കാർഡി ഉൾപ്പെടെയുള്ള വൻകിട മദ്യക്കമ്പനികൾക്ക് നിയമവിരുദ്ധമായി നികുതിയളവ് നൽകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിനായി അസാധാരണമായ ഫയൽനീക്കം നടക്കുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയളവ് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമ്പോൾ, മദ്യക്കമ്പനികൾക്ക് വൻ ലാഭമാണ് നേടിക്കൊടുക്കുന്നത്. ഇതിൽ ആകൃഷ്ടരാകുന്ന യുവാക്കൾ പിന്നീട് വീര്യം കൂടിയ മദ്യത്തിലേക്ക് തിരിയാൻ സാധ്യതയുണ്ട്.
ഒരു മദ്യത്തിനും എൽഡിഎഫ് സർക്കാർ നികുതിയളവ് നൽകിയിട്ടില്ല. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് മാത്രമാണ് ഇളവ് നൽകാൻ ശ്രമിച്ചത്. സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് ഒരിക്കലും ഇളവ് നൽകിയിട്ടില്ല. വി.എം സുധീരൻ, ടി.എൻ പ്രതാപൻ, കെ.സി വേണുഗോപാൽ എന്നിവരും ഘടകകക്ഷി നേതാക്കളും മതമേലധ്യക്ഷന്മാരും ഈ വിഷയത്തിൽ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. തികച്ചും നിരുത്തരവാദപരവും സമൂഹത്തിന് ദോഷകരവുമായ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.
കരിമണൽ ഖനനത്തിലെ സ്വകാര്യവത്കരണംകരിമണലുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത് മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ചവറ കെഎംഎംഎൽ, കെൽട്രോൺ, എൻഎഫ്ടിഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ ഖനനത്തിൽ നിന്ന് ഒഴിവാക്കിയത് യാദൃച്ഛികമല്ല. കരിമണൽ ഖനനം പൂർണമായും സ്വകാര്യവത്കരിക്കാനാണ് സർക്കാർ നീക്കം.
കരിമണലിൽ നിന്ന് ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവ വേർതിരിച്ച് സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ നിലവിൽ അവരുടെ പക്കലില്ല. ഇതിനുവേണ്ടിയാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയെ തിരഞ്ഞെടുത്തത്. കേന്ദ്രസർക്കാരിൻ്റെ നിയമാനുസൃതമായ അനുമതി ലഭിച്ചാൽ മാത്രമേ അവർക്ക് പ്രവർത്തനം ആരംഭിക്കാനാകൂ. അവർക്ക് ഇതുവരെ വർക്ക് ഓർഡർ നൽകിയിട്ടില്ല.
ഖനനത്തിനല്ല, സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് അവരെ ചുമതലപ്പെടുത്തിയത്. ഇതിന് നയപരമായ അംഗീകാരവും നൽകിയിട്ടില്ല. ഈ വസ്തുതകളെല്ലാം വളച്ചൊടിച്ച് സ്വകാര്യവത്കരണം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ വസ്തുതകൾ വളച്ചൊടിക്കുന്നത് ശരിയായ നടപടിയല്ല.
സഭാ നടപടികളുടെ നഗ്നമായ ലംഘനംകോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിൻ്റെ യഥാർഥ മുഖമാണ് നിയമസഭയിൽ കണ്ടത്. നിയമസഭാ നടപടിക്രമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ധനകാര്യബിൽ സഭയിൽ പാസാക്കിയത്. പുതുക്കിയ ബജറ്റിൻ്റെ ഷെഡ്യൂൾ സഭയിൽ വന്നപ്പോൾ ഈ വിഷയങ്ങൾ ഉണ്ടായിരുന്നില്ല. വലിയ മാറ്റമൊന്നും ഇല്ലെന്ന് കാര്യോപദേശക സമിതിയിൽ പറഞ്ഞത് പ്രതിപക്ഷം വിശ്വാസത്തിലെടുത്തു. എന്നാൽ രണ്ടാം പാദത്തിൽ തിടുക്കത്തിൽ ധനകാര്യബിൽ പാസാക്കുകയായിരുന്നു.
സഭയിൽ കണ്ടത് ഒന്നിനു പുറകെ ഒന്നായി തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ്. ക്രമരഹിതമായും പാർലമെൻ്ററി നടപടികൾക്ക് വിരുദ്ധമായും ധനകാര്യബിൽ ധൃതിപിടിച്ച് പാസാക്കാനുള്ള ശ്രമമാണ് നടന്നത്. കാര്യോപദേശക സമിതി അംഗീകരിച്ച നടപടികൾ പൂർണമായും അട്ടിമറിക്കപ്പെട്ടു. നിക്ഷിപ്ത താത്പര്യത്തിൻ്റെ പുറത്താണ് ധനകാര്യബിൽ അവസാന നിമിഷം ഉൾപ്പെടുത്തിയത്. ഇതൊരു ഒളിച്ചുകടത്തലായിരുന്നു. ചില മദ്യക്കമ്പനികളെ സഹായിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഈ നടപടിയെയാണ് ക്രമപ്രശ്നത്തിലൂടെ പ്രതിപക്ഷം ശക്തമായി എതിർത്തത്.
വിഴിഞ്ഞത്തെ കരാർ ലംഘനംവിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടും ഗുരുതരമായ വീഴ്ചകളാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായത്. കൺസഷൻ കരാർ പ്രകാരം 25 ശതമാനം ഓഹരി കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അത് ലഭ്യമാക്കാതെ സ്വന്തം നിലയിൽ നടത്തിയ ഓഹരി കൈമാറ്റം നഗ്നമായ കരാർ ലംഘനവും നിയമവിരുദ്ധവുമാണ്. അദാനി ഗ്രൂപ്പിൻ്റെ ഈ നീക്കം സംസ്ഥാന സർക്കാരിൻ്റെ അറിവോടെ ആയിരുന്നോ എന്ന് വ്യക്തമാക്കണം.
ഇതിനെതിരെ സർക്കാർ എന്ത് നിയമനടപടിയാണ് കൈക്കൊള്ളുന്നതെന്നും അറിയേണ്ടതുണ്ട്. തൻ്റെ അറിവോടെയല്ല ഓഹരി കൈമാറ്റം നടന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി ഈ വിവരം മറച്ചുവച്ചതെന്നും പ്രതിപക്ഷം ചോദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR