Enter your Email Address to subscribe to our newsletters

Idukki , 02 ജൂലൈ (H.S.)
പ്രകൃതിഭംഗി നിറഞ്ഞ പൂപ്പാറ മുള്ളംതണ്ടിൽ വീണ്ടും വൻതോതിലുള്ള സർക്കാർ ഭൂമി കൈയേറ്റം. 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് കോലാഹലങ്ങളുടെ മറവിലാണ് റവന്യൂ അധികൃതരെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് വൻകിട മാഫിയാ സംഘം നൂറിലധികം ഏക്കർ സർക്കാർ ഭൂമി കൈക്കലാക്കിയത്. നിലവിൽ നടക്കുന്ന ഡിജിറ്റൽ സർവേയുടെ മറവിൽ ഭൂമി സ്വന്തമാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇവിടെ നടക്കുന്നത്.
കൈയേറ്റത്തിൻ്റെ പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- സ്ഥലം: ഇടുക്കി രാജകുമാരി, പൂപ്പാറ വില്ലേജുകളുടെ അതിർത്തിയായ മുള്ളംതണ്ട് പ്രദേശം.
- സർക്കാർ ഭൂമി: രേഖകളിൽ 'പാറ പുറമ്പോക്ക്' എന്ന് രേഖപ്പെടുത്തിയ 100 ഏക്കറിലധികം വരുന്ന ഭൂമി.
- പ്രതികൾ: കോതമംഗലം, പൈങ്ങോട്ടൂർ, തമിഴ്നാട് സ്വദേശികളായ വൻകിട റിസോർട്ട്-ഏലം മാഫിയകൾ.
- ലക്ഷ്യം: ഡിജിറ്റൽ സർവേയിലൂടെ കൈവശാവകാശം സ്ഥാപിച്ച് ഭാവിയിൽ പട്ടയം നേടിയെടുക്കുക, തുടർന്ന് വൻകിട ടൂറിസം-ഏലം പദ്ധതികൾ നടപ്പിലാക്കുക.
റീ-സർവേ നമ്പറുകൾ കേന്ദ്രീകരിച്ച് വൻ അട്ടിമറി
രാജകുമാരി വില്ലേജിലെ ബ്ലോക്ക് നമ്പർ 09, റീ-സർവേ നമ്പർ 183/1, പൂപ്പാറ വില്ലേജിലെ വില്ലേജ് നമ്പർ 12, റീ-സർവേ നമ്പർ 111, ബ്ലോക്ക് നമ്പർ 11, റീ-സർവേ നമ്പർ 369 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന ചേർന്നേ കിടക്കുന്ന വിശാലമായ ഭൂമിയാണ് പൂർണമായും മാഫിയ സംഘം കൈയടക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും മറ്റ് തിരക്കുകളിലേക്ക് തിരിഞ്ഞ സമയം നോക്കിയാണ് അതിർത്തി കടന്നുള്ള ഭൂമാഫിയ സംഘങ്ങൾ ഇവിടെ ജെസിബി അടക്കമുള്ള സജ്ജീകരണങ്ങളുമായി എത്തിയത്. പ്രകൃതിരമണീയമായ കുന്നിൻചെരിവുകൾ പൂർണമായും വെട്ടിത്തെളിച്ച് ഇവർ ഏലം കൃഷിയും താത്ക്കാലിക ഷെഡുകളും നിർമിച്ചു കഴിഞ്ഞു.
സ്റ്റോപ്പ് മെമ്മോ കാറ്റിൽപ്പറത്തി:
സ്ഥലത്ത് അനധികൃത നിർമാണങ്ങൾ നടക്കുന്നുവെന്ന് മനസിലാക്കിയ രാജകുമാരി, പൂപ്പാറ വില്ലേജ് ഓഫിസർമാർ അടിയന്തരമായി ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഈ സ്റ്റോപ്പ് മെമ്മോ വെറും കടലാസ് കഷണമാക്കിക്കൊണ്ടാണ് മാഫിയ സംഘം നിർമാണ പ്രവർത്തനങ്ങളും കൃഷിയുമായി മുന്നോട്ട് പോകുന്നത്.
പൊലീസും മറ്റ് ഉദ്യോഗസ്ഥരും ട്രെനിങ്ങിന് പോകുന്ന സമയത്തോ മറ്റ് ഡ്യൂട്ടിക്ക് പോകുമ്പോഴാണ് ഇവർ എവിടെ എത്തുന്നത്. പട്ടയം കിട്ടുമെന്ന വ്യാജനെ ഇവിടെ കെട്ടിടങ്ങളും മറ്റും പണിയും. സ്റ്റോപ്പ് മെമ്മോ ഉണ്ടെങ്കിലും അവർ അത് വകവയ്ക്കാറില്ലെന്ന് പ്രദേശവാസിയായ സജീഷ് കുമാർ പറഞ്ഞു.
ഞെട്ടിക്കുന്ന വസ്തുത: മുമ്പ് ഇതേ സ്ഥലത്ത് നിയമവിരുദ്ധമായി നിർമിച്ച, ലക്ഷക്കണക്കിന് ലിറ്റർ സംഭരണശേഷിയുള്ള ഭീമൻ പടുതക്കുളങ്ങൾ (Tarpaulin ponds) കുന്നിൻചെരിവുകൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തി ദുരന്തനിവാരണ നിയമപ്രകാരം അധികൃതർ വന്ന് നികത്തിയിരുന്നതാണ്. എന്നാൽ റവന്യൂ അധികൃതരുടെ കണ്ണ് വെട്ടിച്ച് അതേ അപകടകരമായ പടുതക്കുളങ്ങൾ കൈയേറ്റക്കാർ വീണ്ടും സജീവമാക്കുകയാണ്.
അടിയന്തര ഇടപെടൽ അനിവാര്യം: ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതിന് മുമ്പ് നിലവിൽ തങ്ങൾ കൃഷി ചെയ്യുന്ന കൈവശ ഭൂമിയാണെന്ന് വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം. വരും ദിവസങ്ങളിൽ കൂടുതൽ വൻകിട കൈയേറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജില്ലാ കലക്ടറും ഭൂസംരക്ഷണ സേനയും അടിയന്തരമായി ഇടപെട്ട് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പൊതുസ്വത്ത് തിരിച്ചുപിടിക്കണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യം. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇടുക്കിയ്ക്ക് മറ്റൊരു പരിസ്ഥിതി ദുരന്തം കൂടി സമ്മാനിക്കുന്നതായിരിക്കും ഈ അനധികൃത നിർമാണങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR