Enter your Email Address to subscribe to our newsletters

Alappuzha , 02 ജൂലൈ (H.S.)
വിഴിഞ്ഞം തുറമുഖത്തിൻ്റെ 49 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഓഹരി കൈമാറ്റം സംബന്ധിച്ച് കമ്പനി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിരുന്നതായി മാധ്യമ വാർത്തകളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് ഇക്കാര്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത് ഒരു തരത്തിൽ ശരിയാണ്. കാരണം സർക്കാരുമായി ഔദ്യോഗിക കത്തിടപാടുകൾ നടത്തിയിട്ടുണ്ടാകില്ല. എന്നാൽ ഓഹരി കൈമാറ്റ വിവരം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ച സാഹചര്യത്തിൽ സർക്കാരിനും വിവരം ലഭിച്ചിട്ടുണ്ടാകാമെന്നും സുതാര്യമായ ഭരണത്തിന് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ രൂപീകരണത്തിന് മുൻപ് വി.ഡി സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിൽ പോയി അദാനി ഗ്രൂപ്പിലെ ഉന്നതനുമായി കൂടിക്കാഴ്ച നടത്തിയത് ഈ ഓഹരി കൈമാറ്റം തീരുമാനിക്കാനായിരുന്നോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
അദാനിക്ക് മാത്രം ലാഭംവിഴിഞ്ഞം തുറമുഖത്തിൽ വെറും 2500 കോടി രൂപ മാത്രം മുതൽമുടക്കിയ അദാനി ഗ്രൂപ്പിൻ്റെ മൂല്യം പത്ത് വർഷം പിന്നിട്ടപ്പോൾ 25,000 കോടിയായി ഉയർന്നു. 49 ശതമാനം ഓഹരിക്ക് 13,000 കോടി രൂപ ലഭിക്കുന്നു എന്നത് ഇതിൻ്റെ സൂചനയാണ്. ഉമ്മൻചാണ്ടി സർക്കാർ അവരുമായി ഉണ്ടാക്കിയ ഏകപക്ഷീയമായ കരാർ പ്രകാരം ഗുണഭോക്താവ് അദാനി മാത്രമാണ്. ഇതിന് പകരമായി അവർ കേരളത്തിന് മറ്റെന്തെങ്കിലും ചെയ്യുമെന്ന് കരാറിലില്ല. ഈ മാതൃകയിലാണോ വിഷൻ സമുദ്ര പദ്ധതിയിലൂടെ വികസനം കൊണ്ടുവരാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വി.എസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് എൽഡിഎഫ് മുന്നോട്ടുവച്ചത് സംസ്ഥാന സർക്കാർ തുറമുഖം നിർമിക്കുകയും നടത്തിപ്പ് ടെൻഡർ വിളിച്ച് കമ്പനികൾക്ക് നൽകുകയും ചെയ്യുക എന്നതായിരുന്നു. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാന വിഹിതം നൽകുന്ന കമ്പനിയെ തെരഞ്ഞെടുക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ ഈ വ്യവസ്ഥ മാറ്റി. പണം സർക്കാർ മുടക്കുമെന്നും തുറമുഖം അദാനി നിർമിച്ച് അവർ തന്നെ നടത്തി 30 വർഷത്തേക്ക് ലാഭമൊന്നും കേരളത്തിന് നൽകില്ലെന്നും വ്യവസ്ഥയുണ്ടാക്കി. 30 വർഷം കഴിഞ്ഞാൽ ലാഭത്തിൽ ഒരു ശതമാനം വീതം ലഭിക്കും. സർക്കാർ സൗകര്യമൊരുക്കുകയും പണം മുടക്കുന്നത് മുഴുവൻ സ്വകാര്യ മുതലാളിമാർ വഴിയാകുകയും ചെയ്യുക എന്നതാണ് യുഡിഎഫ് നയം.
കിഫ്ബിയെ തകർക്കുന്നു
പണം കണ്ടെത്തി കേരള സർക്കാരിന് വികസനം നടത്താനുള്ള സാധ്യതകളെ യുഡിഎഫ് സർക്കാർ ഇല്ലാതാക്കുകയാണ്. വികസനം നടത്താൻ ശേഷിയുണ്ടായിരുന്ന കിഫ്ബി എന്ന സ്ഥാപനത്തെ ധവളപത്രത്തിലൂടെയും ബജറ്റ് പ്രസംഗത്തിലൂടെയും വിശ്വാസ്യത ഇല്ലാതാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ തന്നെ കിഫ്ബിയെ പരിഹസിക്കുമ്പോൾ ആരെങ്കിലും വായ്പ നൽകാൻ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
എല്ലാ മേഖലകളും കുത്തക മുതലാളിമാർക്ക് തുറന്നുകൊടുക്കാനുള്ള ശ്രമമാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൻ്റെ വികസനത്തിന് ഇത് എത്രമാത്രം ഹാനികരമാണെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കേരളത്തിൽ വരുന്നതിന് സിപിഎം എതിരല്ല. എന്നാൽ അവർ വരുന്നത് കേരളത്തിൻ്റെ താത്പര്യം കൂടി സംരക്ഷിച്ചുകൊണ്ടാകണം എന്ന ചിന്ത സർക്കാരിനില്ലെന്നും തോമസ് ഐസക് ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR