Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 ജൂലൈ (H.S.)
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഒടുവിൽ നിലപാട് തിരുത്തി സിപിഐഎം മുഖപത്രമായ ‘ദേശാഭിമാനി’. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആഗോള കപ്പൽ ഗതാഗത ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയാണ് പത്രത്തിന്റെ ഇന്നത്തെ ഒന്നാം പേജ് വാർത്ത. ഈ ഓഹരി കൈമാറ്റ നീക്കം കൺസഷൻ കരാറിന്റെ ലംഘനമാണെന്നും പത്രം വ്യക്തമാക്കുന്നു.
എന്നാൽ, തൊട്ടടുത്ത ദിവസം വരെ തികച്ചും വ്യത്യസ്തമായ നിലപാടിലായിരുന്നു പാർട്ടി മുഖപത്രം. വിഴിഞ്ഞത്ത് വൻതോതിൽ വിദേശനിക്ഷേപം വരുന്നത് മുൻ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി വാർത്ത. എം.എസ്.സിയുടെ നിക്ഷേപം എൽഡിഎഫ് സർക്കാരിന്റെ വലിയൊരു ഭരണനേട്ടമായി ചിത്രീകരിച്ച് ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെയാണ് പത്രം അന്ന് റിപ്പോർട്ട് നൽകിയിരുന്നത്. 13,000 കോടി രൂപയുടെ ഈ വിദേശനിക്ഷേപം രാജ്യത്തെ തുറമുഖ മേഖലയിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്നും പത്രം അവകാശപ്പെട്ടിരുന്നു.
നിയമസഭയിലെ വിയോജിപ്പും പെട്ടെന്നുള്ള തിരുത്തും
ദേശാഭിമാനി ഈ നീക്കത്തെ പ്രകീർത്തിച്ച് വാർത്ത നൽകിയതിന് പിന്നാലെ, വിഷയത്തിൽ കടുത്ത ആശങ്കയറിയിച്ച് ഇടതുമുന്നണി നേതാക്കൾ തന്നെ രംഗത്തെത്തിയതോടെയാണ് പത്രം പ്രതിരോധത്തിലായത്. വിഴിഞ്ഞം തുറമുഖത്ത് ഒരു നിശ്ചിത കപ്പൽ കമ്പനിയുടെ കുത്തക വരുന്നത് വികസന സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വിവിധ കമ്പനികളുടെ കപ്പലുകൾ എത്തുന്ന 'മൾട്ടി ഓപ്പറേറ്റർ' സംവിധാനമാണ് സംസ്ഥാനത്തിന് ലാഭകരമെന്നും, കാര്യങ്ങൾ ഒറ്റ കമ്പനിയിലേക്ക് ചുരുങ്ങിയാൽ അത് മത്സരക്ഷമത കുറയ്ക്കുമെന്നും രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കി.
ഇതോടെ, കഴിഞ്ഞ ദിവസം ദേശാഭിമാനി ഓൺലൈൻ എഡിഷനിൽ നൽകിയ പ്രശംസാ വാർത്ത വെബ്സൈറ്റിൽ നിന്നും അടിയന്തരമായി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അച്ചടിച്ച പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ ഓഹരി കൈമാറ്റത്തിനെതിരെ കടുത്ത വിമർശനവുമായി പത്രം രംഗത്തെത്തിയത്.
കരാർ ലംഘനമെന്ന് പുതിയ വാദം
തുറമുഖത്തിന്റെ കൺസഷൻ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയും കേന്ദ്ര അനുമതിയും അനിവാര്യമാണ്. എന്നാൽ ഈ വ്യവസ്ഥകൾ മറികടന്നാണ് അദാനി ഗ്രൂപ്പ് ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതെന്നാണ് ഇന്നത്തെ ദേശാഭിമാനി വാർത്തയിൽ പറയുന്നത്.
ഇത്തരത്തിൽ ഒരു കമ്പനിയുടെ കുത്തക ഉണ്ടായാൽ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ നിശ്ചിത കമ്പനിയുടെ കപ്പലുകളെ മാത്രം ആശ്രയിക്കേണ്ടി വരുമെന്നും, അവർ നിശ്ചയിക്കുന്ന ഉയർന്ന നിരക്കുകൾ നൽകാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്നും വാർത്ത ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, വരും വർഷങ്ങളിൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിന്റെ കണക്കുകളിൽ കൃത്രിമം കാണിക്കാൻ ഇത് ഇടയാക്കുമെന്ന ആശങ്കയും പത്രം പങ്കുവെക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഒരേ വിഷയത്തിൽ പത്രം രണ്ട് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K