Enter your Email Address to subscribe to our newsletters

Kasargod, 02 ജൂലൈ (H.S.)
കാസർഗോഡ്: സോഷ്യൽ മീഡിയയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ (Helen of Sparta) എന്ന പേരിൽ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധന്യക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു. കാസർഗോഡ് പെരുമ്പള സ്വദേശിനിയായ എസ്.ആർ. ധന്യക്കെതിരെ (28) കുമ്പള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യലഹരിയിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുകയും, പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
ദേശീയപാതയിൽ അണങ്കൂരിൽ വെച്ച് പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. ധന്യ ഓടിച്ചിരുന്ന കാർ അണങ്കൂർ ഭാഗത്തുനിന്നും അശ്രദ്ധമായും അമിതവേഗതയിലും വരുന്നത് കണ്ട് പൊലീസ് കൈകാണിച്ചെങ്കിലും ഇവർ വാഹനം നിർത്താൻ തയ്യാറായില്ല. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ജീവന് പോലും ഭീഷണിയാകുംവിധം പെട്ടെന്ന് വണ്ടി വെട്ടിച്ച് ധന്യ മുന്നോട്ട് പോവുകയായിരുന്നുവെന്ന് എഫ്ഐആറിൽ (FIR) വ്യക്തമാക്കുന്നു.
സിനിമയെ വെല്ലുന്ന ചേസിങ്; ഒടുവിൽ പിടിയിൽ
പൊലീസിന്റെ സിഗ്നൽ ലംഘിച്ച് അമിതവേഗതയിൽ പാഞ്ഞുപോയ കാറിനെ പൊലീസ് സംഘം പിന്തുടരുകയായിരുന്നു. തുടർന്ന് കിലോമീറ്ററുകളോളം പിന്തുടർന്ന പൊലീസ്, മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്തുവെച്ചാണ് കാർ തടഞ്ഞുനിർത്തിയത്. വാഹനം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ധന്യ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ വിശദമായ ബ്രീത്ത് അനലൈസർ പരിശോധനയിലും ഇവർ മദ്യപിച്ചതായി സ്ഥിരീകരിച്ചു. അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലും പൊതുവഴിയിൽ വണ്ടിയോടിച്ചതിനും, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുമുള്ള വകുപ്പുകൾ ചേർത്താണ് കുമ്പള പൊലീസ് ധന്യക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വലിയ തുക പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
പൊതുനിരത്തിൽ മറ്റുള്ളവരുടെ ജീവന് പുല്ലുവില കൽപ്പിച്ച് അമിതവേഗത്തിൽ പായുന്ന ഇൻഫ്ലുവൻസർമാരുടെ ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സമൂഹമാധ്യമങ്ങളിൽ സദാചാര വിരുദ്ധർക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും ശക്തമായ ഭാഷയിൽ പ്രതികരിച്ച് ശ്രദ്ധേയയായ വ്യക്തിയാണ് ധന്യ. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി നിരവധി ഫോളോവേഴ്സുള്ള 'ഹെലൻ ഓഫ് സ്പാർട്ട' ലഹരിക്കേസിൽ കുടുങ്ങിയ വാർത്ത വലിയ അമ്പരപ്പോടെയാണ് സൈബർ ലോകം കേട്ടത്. ലക്ഷക്കണക്കിന് യുവാക്കൾ പിന്തുടരുന്ന ഒരു സോഷ്യൽ മീഡിയ താരം തന്നെ ഇത്തരത്തിൽ മദ്യപിച്ച് അലക്ഷ്യമായി വണ്ടിയോടിച്ച് പിടിയിലായത് ഇവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K